പ്രഭാസ് ചിത്രത്തിന് 400 കോടി ഓഫര്‍ ചെയ്ത് ഒ.ടി.ടി പ്ലാറ്റ്‌ഫോം!

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ റിലീസ് നീട്ടിവച്ച പ്രഭാസ് ചിത്രം രാധേശ്യാമിന് കോടികള്‍ വാഗ്ദാനം ചെയ്ത് ഒ.ടി.ടി പ്ലാറ്റ്‌ഫോം. ചിത്രത്തിനായി 400 കോടി രൂപയാണ് ഒ.ടി.ടി പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്തിരിക്കുന്നത്. ജനുവരി 14ന് ആയിരുന്നു രാധേശ്യാം റിലീസ് ചെയ്യാനിരുന്നത്.

റിലീസ് നീട്ടാതിരിക്കാന്‍ തങ്ങള്‍ പരമാവധി ശ്രമം നടത്തിയെന്നും എന്നാല്‍ ഒമിക്രോണ്‍ കേസുകള്‍ കൂടുന്ന പശ്ചാത്തലത്തില്‍ ഇത്തരമൊരു തീരുമാനം അനിവാര്യം ആയിരിക്കുകയാണ് എന്നായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. പൂജ ഹെഗ്‌ഡെ നായികയാകുന്ന ചിത്രം രാധാകൃഷ്ണ കുമാര്‍ ആണ് സംവിധാനം ചെയ്യുന്നത്. വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പ്രേരണ എന്ന കഥാപാത്രമായാണ് പൂജ ഹെഗ്ഡെ വേഷമിടുന്നത്.

യുവി ക്രിയേഷന്റെ ബാനറില്‍ ഭൂഷണ്‍ കുമാര്‍, വാസ്മി, പ്രമോദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സച്ചിന്‍ ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Read more

ഷാഹിദ് കപൂര്‍ നായകനായ ബോളിവുഡ് ചിത്രം ജേഴ്‌സി, രാജമൗലിയുടെ ആര്‍ആര്‍ആര്‍, അക്ഷയ് കുമാര്‍ നായകനാവുന്ന പൃഥ്വിരാജ് എന്നീ ബിഗ് ബജറ്റ് ചിത്രങ്ങളും പുതിയ സാഹചര്യം പരിഗണിച്ച് റിലീസ് നീട്ടിയിട്ടുണ്ട്.