'കൊട്ട മധു' കത്തിക്കയറിയോ? 'കാപ്പ' എങ്ങനെ?; പ്രേക്ഷക പ്രതികരണം

ഷാജി കൈലാസ്-പൃഥ്വിരാജ് ചിത്രം ‘കാപ്പ’യ്ക്ക് മികച്ച പ്രതികരണം. ഒരു പക്കാ മാസ് ആക്ഷന്‍ ചിത്രം എന്നാണ് ചിത്രം കണ്ട പ്രേക്ഷകര്‍ പറയുന്നത്. ‘കടുവ’യ്ക്ക് ശേഷം പ്രേക്ഷകരുടെ പ്രതീക്ഷകള്‍ നിറവേറ്റുന്നതാണ് സിനിമ എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. മികച്ച ഒരു ഗാംങ്സ്റ്റര്‍ ഡ്രാമ എന്നാണ് ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍.

ആസിഫ് അലി, ദിലീഷ് പോത്തന്‍, അപര്‍ണ ബാലമുരളി എന്നിവര്‍ മികച്ച പ്രകടനം നടത്തിയെന്നും പ്രതികരണങ്ങള്‍ എത്തുന്നുണ്ട്. ഷാജി കൈലാസിന്റെ ക്ലാസ് മേക്കിംഗിനെയാണ് എല്ലാവരും എടുത്ത് പറഞ്ഞ് അഭിനന്ദിക്കുന്നത്. ജോമോന്‍ ടി ജോണിന്റെ ഛായാഗ്രാഹണവും ചിത്രത്തിന്റെ മികവ് വര്‍ദ്ധിപ്പിക്കുന്ന ഘടകമാണ് എന്നും അഭിപ്രായമുണ്ട്.

പൃഥ്വിരാജ് അവതരിപ്പിച്ച കൊട്ട മധു എന്ന കഥാപാത്രം എങ്ങനെയാണ് തിരുവനന്തപുരത്തെ ഗുണ്ടാ തലവന്‍ ആകുന്നതെന്നും പിന്നീട് അങ്ങോട്ടുള്ള ഗുണ്ടാ പകയും കൊലയുമാണ് സിനിമ. കേരളത്തില്‍ 233 സ്‌ക്രീനുകളാണ് ചിത്രത്തിന്. ജിസിസിയില്‍ ആകെ 117 സ്‌ക്രീനുകളിലാണ് സിനിമ റിലീസ് ചെയ്തത്.

ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ‘ശംഖുമുഖി’യെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദുഗോപന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത്. നന്ദു, അന്ന ബെന്‍ ജഗദീഷ്, ഇന്ദ്രന്‍സ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Image