തിയേറ്റര്‍ ഉടമയായ ജോര്‍ജുകുട്ടിക്ക് നിര്‍മ്മാതാവ് ആന്റോ ജോസഫിന്റെ കോള്‍, മാറ്റിവെച്ച മമ്മൂട്ടി ചിത്രം ദ പ്രീസ്റ്റോ? സംശയങ്ങളുമായി ആരാധകര്‍

ജീത്തു ജോസഫ്- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ എത്തിയിരിക്കുന്ന “ദൃശ്യം 2″വിന് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. കൗതുകങ്ങളോടെയാണ് ചിത്രത്തിന്റെ തുടക്കം. ചിത്രത്തിന്റെ ആദ്യ ഭാഗത്ത് കേബിള്‍ ഓപ്പറേറ്ററായിരുന്ന ജോര്‍ജുകുട്ടി രണ്ടാം ഭാഗത്തില്‍ തിയേറ്റര്‍ ഉടമയും പ്രൊഡ്യൂസറുമാണ്. നിര്‍മ്മാതാവ് ആന്റോ ജോസഫ് ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.

ഒരു ഫോണ്‍ കോള്‍ ആയാണ് ആന്റോ ജോസഫ് ദൃശ്യം 2വില്‍ സാന്നിദ്ധ്യം അറിയിക്കുന്നത്. ഒരു മമ്മൂട്ടി ചിത്രത്തിന്റെ റിലീസ് ഡേറ്റ് മാറ്റി വെച്ചു എന്നാണ് നിര്‍മ്മാതാവായ ആന്റോ ജോസഫ് ജോര്‍ജുകുട്ടിയെ അറിയിക്കുന്നത്. ദ പ്രീസ്റ്റ് സിനിമയെ കുറിച്ചാണോ ഇവര്‍ സംസാരിച്ചത് എന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്.

“”പ്രേക്ഷകരുടെ ആ സംശയം അങ്ങനെ തന്നെ ഇരിക്കട്ടെ”” എന്നാണ് ഈ ചോദ്യത്തിന് ആന്റോ ജോസഫിന്റെ മറുപടി. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന പ്രീസ്റ്റിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഫെബ്രുവരിയില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം മാര്‍ച്ച് നാലിലേക്ക് മാറ്റിയിരുന്നു.

Read more

അതേസമയം, ദൃശ്യം 2 ആദ്യ ഭാഗത്തോട് നൂറ് ശതമാനം നീതി പുലര്‍ത്തി എന്നാണ് പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍. അത്യുഗ്രന്‍ ക്രൈം ത്രില്ലറാണെന്നും രണ്ടര മണിക്കൂര്‍ പ്രേക്ഷകരെ പിടിച്ചിരുത്തുമെന്നും നിരൂപകരുടെയും അഭിപ്രായം.