ട്രെന്‍ഡിംഗ് സ്റ്റെപ്പുമായി രശ്മിക വീണ്ടും; 'സാമി'ക്ക് പിന്നാലെ 'സൂടാനാ'യും ഹിറ്റ്

‘പുഷ്പ’യിലെ ഹിറ്റ് ഗാനം ‘സാമി’ക്ക് ശേഷം ട്രെന്‍ഡ് ആയി ‘പുഷ്പ 2’വിലെ പുതിയ ഗാനം ‘സൂടാനാ’. ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഗാനത്തിന്റെ ചിത്രീകരണത്തിന്റെ ബിടിഎസ് ഉപയോഗിച്ചാണ് ഇപ്പോള്‍ ഗാനം പുറത്തിറക്കിയിരിക്കുന്നത്. തെലുങ്ക്, ഹിന്ദി, മലയാളം, കന്നട, തമിഴ് ഭാഷകളില്‍ ഗാനം ഇറങ്ങിയിട്ടുണ്ട്.

ഒന്നാം ഭാഗത്തിലെ ‘നാ സാമി’ സിഗ്‌നേച്ചര്‍ സ്റ്റെപ്പ് ഈ ഗാന രംഗത്തും കാണാം. ബോളിവുഡിലെ പ്രമുഖ കൊറിയോഗ്രാഫര്‍ ഗണേഷ് ആചാര്യമാണ് ഗാനത്തിന് കൊറിയോഗ്രാഫ് ചെയ്തിരിക്കുന്നത്. ശ്രേയ ഘോഷാലാണ് എല്ലാ പതിപ്പുകള്‍ക്കും ശബ്ദം നല്‍കിയിരിക്കുന്നത്.

2021ല്‍ പുറത്തിറങ്ങി പാന്‍ ഇന്ത്യന്‍ തലത്തില്‍ വിജയം നേടിയ അല്ലു അര്‍ജുന്‍ ചിത്രം പുഷ്പയുടെ രണ്ടാം ഭാഗമായാണ് പുഷ്പ 2 ദ റൂള്‍ എത്തുന്നത്. പുഷ്പയിലെ മാസ് ഡയലോഗുകളും ഗാനങ്ങളും ഇന്ത്യയില്‍ ഉടനീളമുള്ള സിനിമാപ്രേമികള്‍ ആഘോഷമാക്കിയിരുന്നു.

പുഷ്പ ആദ്യ ഭാഗത്തിന് സംഗീതം ഒരുക്കിയ ദേവി ശ്രീ പ്രസാദ് തന്നെയാണ് രണ്ടാം ഭാഗത്തിനും സംഗീതമൊരുക്കുന്നത്. സാമന്തയുടെ ഹിറ്റ് ഐറ്റം നമ്പര്‍ ആയ ‘ഉ അണ്ടവ’യുടെ മറ്റൊരു വേര്‍ഷന്‍ പുഷ്പ 2വില്‍ എത്തുമെന്ന അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ഫഹദ് ഫാസിലും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഭന്‍വര്‍ സിംഗ് ഷെഖാവത്ത് എന്ന പൊലീസ് കഥാപാത്രമായാണ് ഫഹദ് ചിത്രത്തില്‍ വേഷമിടുന്നത്. അല്ലു അര്‍ജുന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടി കൊടുത്ത പുഷ്പരാജ് എന്ന കഥപാത്രത്തിന്റെ രണ്ടാംവരവ് സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാണുന്നത്.

Read more