ദേശീയ അവാര്‍ഡ് വാങ്ങാന്‍ ബലാത്സംഗ കേസ് പ്രതിക്ക് ജാമ്യം; പിന്നാലെ ട്വിസ്റ്റ്, ജാനി മാസ്റ്ററുടെ പുരസ്‌കാരം റദ്ദാക്കി അവാര്‍ഡ് സെല്‍

ബലാത്സംഗ കേസില്‍ അറസ്റ്റിലായ കൊറിയോഗ്രാഫര്‍ ജാനി മാസ്റ്റര്‍ക്ക് പ്രഖ്യാപിച്ച ദേശീയ പുരസ്‌കാരം റദ്ദാക്കി. പ്രായപൂര്‍ത്തിയാവാത്ത തന്റെ സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ സെപ്തംബര്‍ 19ന് ആണ് ജാനി മാസ്റ്ററെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇതിന് ഏതാണ്ട് ഒരു മാസം മുമ്പാണ് ധനുഷ് നായകനായ തിരുച്ചിത്രമ്പലം എന്ന ചിത്രത്തിന് മികച്ച നൃത്തസംവിധായകനുള്ള ദേശീയ അവാര്‍ഡ് പ്രഖ്യാപിച്ചത്. ഇതോടെ ഒക്ടോബര്‍ 8ന് ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന അവാര്‍ഡ് വിതരണ ചടങ്ങില്‍ പങ്കെടുക്കാനായി ജാനിക്ക് ഹൈദരാബാദിലെ രംഗറെഡ്ഡി കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

ഒക്ടോബര്‍ 6 മുതല്‍ 10 വരെയാണ് കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിലെ നാഷണല്‍ ഫിലിം അവാര്‍ഡ് സെല്‍ ജാനി മാസ്റ്റര്‍ക്ക് പ്രഖ്യാപിച്ച പുരസ്‌കാരം റദ്ദാക്കി.

ജാനിക്കെതിരായ കേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ പ്രഖ്യാപിച്ച ദേശീയ അവാര്‍ഡ് സസ്‌പെന്‍ഡ് ചെയ്തായാണ് ഇവര്‍ പുറത്തിറക്കിയ പ്രസ് റിലീസില്‍ അറിയിച്ചിരിക്കുന്നത്. കൂടാതെ ഡല്‍ഹിയില്‍ നടക്കുന്ന എഴുപതാമത് ദേശീയ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാന്‍ ജാനി മാസ്റ്ററിന് നല്‍കിയ ക്ഷണവും പിന്‍വലിച്ചു.

ഇതോടെ ജാനിക്ക് ജയിലിലേക്ക് മടങ്ങേണ്ടി വരുമെന്നാണ് വിവരം. ജാനി മാസ്റ്ററും സതീഷ് കൃഷ്ണനും സംയുക്തമായാണ് ദേശീയ അവാര്‍ഡ് നേടിയത്. ഇതില്‍ സതീഷ് കൃഷ്ണ ചടങ്ങില്‍ പങ്കെടുക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, സെക്ഷന്‍ 376 (2) (ലൈംഗിക അതിക്രമത്തിനുള്ള ശിക്ഷ), 506 (ഭീഷണിപ്പെടുത്തല്‍) കൂടാതെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 323 (സ്വേച്ഛയാ ദേഹോപദ്രവം ഏല്‍പ്പിക്കുന്നതിനുള്ള ശിക്ഷ), പോക്സോ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ജാനി മാസ്റ്ററെ അറസ്റ്റ് ചെയ്തത്.