നായക നടന്മാരുടെ സമ്പത്തിന്റെ പേരിലാണ് എപ്പോഴും ചർച്ചകൾ സജീവമായി നടക്കാറുള്ളത്. പലപ്പോഴും നായികമാരുടെ സമ്പത്തിന്റെ കണക്കുകളോ പ്രതിഫലമോ വാർത്തകളിലിടം നേടാറില്ല. എന്നാൽ ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാർ ആരൊക്കെയാണ് എന്ന് നമ്മുക്ക് പരിശോധിക്കാം.
സമീപ കാലത്ത് നിരന്തരം സിനിമകൾ ചെയ്യാതെ ഇപ്പോഴും ആസ്തിയുടെ കണക്കിൽ മുന്നിൽ നിൽക്കുന്ന താരമാണ് ഐശ്വര്യ റായ് ബച്ചൻ. 800 കോടി രൂപയാണ് ഐശ്വര്യ റായിയുടെ ആകെ ആസ്തി. 10-11 കോടി രൂപയോളം താരം ഒരു സിനിമയ്ക്ക് മാത്രമായി പ്രതിഫലം വാങ്ങിക്കുന്നുണ്ട്. മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ സീരീസ് ആണ് ഐശ്വര്യയുടെ അവസാനമിറങ്ങിയ ചിത്രം.
620 കോടി രൂപ ആസ്തിയുമായി പ്രിയങ്ക ചോപ്രയാണ് രണ്ടാം സ്ഥാനത്ത്. 15 മുതൽ 40 കോടി രൂപവരെയാണ് പ്രിയങ്ക ഒരു സിനിമയ്ക്ക് മാത്രമായയി പ്രതിഫലം വാങ്ങിക്കുന്നത്. ‘ദി സ്കൈ ഈസ് പിങ്ക്’ ആണ് പ്രിയങ്കയുടെ അവസാനമിറങ്ങിയ ബോളിവുഡ് സിനിമ.
ബോളിവുഡ് സൂപ്പർ തരം ദീപിക പദുകോൺ ആണ് ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ മൂന്നാമത്തെ നായിക. 500 കോടി രൂപയാണ് ദീപികയുടെ ആകെ ആസ്തി. 15 മുതൽ 30 കോടി രൂപയാണ് ദീപിക ഒരു സിനിമയ്ക്ക് വേണ്ടി വാങ്ങിക്കുന്നത്.
440 കോടി രൂപയുമായി കരീന കപൂറാണ് നാലാം സ്ഥാനത്ത്. 8 മുതൽ 18 കോടി രൂപ വരെയാണ് കരീന ഒരു സിനിമയ്ക്ക് പ്രതിഫലം വാങ്ങിക്കുന്നത്. 255 കോടി രൂപയുടെ ആസ്തിയുമായി അനുഷ്ക ശർമ്മയാണ് അഞ്ചാം സ്ഥാനത്ത്. 12 മുതൽ 15 കോടി രൂപ വരെയാണ് അനുഷ്ക ഒരു സിനിമയക്ക് പ്രതിഫലം വാങ്ങിക്കുന്നത്.
245 കോടി രൂപ ആസ്തിയുമായി മാധുരി ദീക്ഷിത് ആണ് ആറാം സ്ഥാനത്ത്. 4 മുതൽ 5 കോടി രൂപയാണ് മാധുരി ദീക്ഷിത് ഒരു സിനിമയ്ക്ക് പ്രതിഫലം വാങ്ങുന്നത്. 235 കോടി രൂപ ആസ്തിയുമായി ഏഴാം സ്ഥാനത്ത് നിൽക്കുന്നത് കത്രീന കൈഫ് ആണ്.
യുവ താരം ആലിയ ഭട്ട് 229 കോടി ആസ്തിയുമായി എട്ടാം സ്ഥാനത്താണ്. 10 മുതൽ 15 കോടി രൂപ വരെയാണ് ആലിയയുടെ ഒരു സിനിമയുടെ പ്രതിഫലം. 123 കോടി രൂപയാണ് ശ്രദ്ധ കപൂറിന്റെ ആകെ ആസ്തി. 7 മുതൽ 15 കോടി രൂപ വരെയാണ് താരത്തിന്റെ ഒരു സിനിമയ്ക്കുള്ള പ്രതിഫലം. ഒൻപതാം സ്ഥാനത്താണ് താരം.
100 കോടി ആസ്തിയുമായി പത്താം സ്ഥാനത്താണ് തെന്നിന്ത്യൻ സൂപ്പർ താരം നയൻതാര. 10 മുതൽ 11 കോടി രൂപയാണ് നയൻതാര ഒരു സിനിമയ്ക്ക് വേണ്ടി വാങ്ങുന്നത്. സിയാസാറ്റ് ഡൈലിയാണ് ഇന്ത്യൻ നായികമാരുടെ ആസ്തിയും പ്രതിഫലവും റിപ്പോർട്ട് ചെയ്തത്.