വരവറിയിച്ച് സാഹോ, കേരളത്തില്‍ റിസര്‍വേഷന്‍ ആരംഭിച്ചു

ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം സാഹോയുടെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഇന്ത്യയൊട്ടാകെയുള്ള പ്രഭാസ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡചിത്രം ഈ മാസം 30 നാണ് തീയറ്ററുകളില്‍ എത്തുന്നത്. ബാഹുബലിയെ വെല്ലുന്ന പ്രകടനം തന്നെയാണ് സാഹോയിലൂടെ പ്രഭാസ് ആരാധകര്‍ ലക്ഷ്യമിടുന്നത്. ഏറ്റവും വലിയ ഇന്ത്യന്‍ ആക്ഷന്‍ ഫിലിം എന്നാണ് അണിയറപ്രവര്‍ത്തകര്‍ ചിത്രത്തെ വിശേഷിപ്പിക്കുന്നത്.

എല്ലാ റിലീസിംഗ് കേന്ദ്രങ്ങളിലും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ മലയാളം ഡബ്ബ് പതിപ്പും അന്നേ ദിവസം തന്നെ റിലീസ് ചെയ്യും. മൂന്ന് വ്യത്യസ്ത ഭാഷകളില്‍ റിലീസിനെത്തുന്ന എത്തുന്ന ആദ്യ പ്രഭാസ് ചിത്രമെന്ന പ്രത്യേകതയും സാഹോയ്ക്കുണ്ട്.

റണ്‍ രാജ റണ്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത്താണ് സംവിധാനം. പ്രശസ്ത ഹോളിവുഡ് ആക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്സാണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍. ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ് കലാസംവിധായകന്‍.

Read more

യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന സിനിമയില്‍ മലയാള ചലച്ചിത്രതാരം ലാലും ശ്രദ്ധേയമായ കഥാപാത്രമായി എത്തുന്നു. ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. ഓഗസ്റ്റ് 30-നാണ് സാഹോ പ്രദര്‍ശനത്തിനെത്തുന്നത്. ബി. ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുളള ആര്‍.ഡി. ഇല്യുമിനേഷന്‍ ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കും.