ദക്ഷിണേന്ത്യന്‍ വസ്ത്രധാരണത്തെ അവഹേളിച്ചു; സല്‍മാന്റെ ലുങ്കി ഡാന്‍സിന് എതിരെ മുന്‍ ക്രിക്കറ്റ് താരം, വിവാദം

സല്‍മാന്‍ ഖാന്റെ ലുങ്കി ഡാന്‍സ് ഗാനം വളരെ പെട്ടെന്നാണ് സോഷ്യല്‍മീഡിയയില്‍ വൈറലായത്. ആരാധകര്‍ ഇരു കൈകളും നീട്ടി സ്വീകരിച്ച ഈ ഗാനം ഇപ്പോള്‍ ഒരു വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ്.

കസവുമുണ്ടും ഷര്‍ട്ടും ഷൂസും ധരിച്ചാണ് സല്‍മാന്‍ ഖാന്‍ യെന്റമ്മാ എന്ന ഗാനരംഗത്തിലെത്തുന്നത്. ഗാനത്തില്‍ ഒരിടത്ത് മുണ്ട് മടക്കിക്കുത്തിയുള്ള ഏതാനും ചുവടുകളുമുണ്ട്. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍. ദക്ഷിണേന്ത്യന്‍ സംസ്‌കാരത്തെ അപമാനിക്കുന്ന രീതിയിലാണ് ഗാനം ദൃശ്യവത്ക്കരിച്ചിരിക്കുന്നതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

യെന്റമ്മാ എന്ന ഗാനരംഗം റീട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു ലക്ഷ്മണിന്റെ വിമര്‍ശനം. ‘ഇത് അങ്ങേയറ്റം പരിഹാസ്യവും നമ്മുടെ ദക്ഷിണേന്ത്യന്‍ സംസ്‌കാരത്തെ അവഹേളിക്കുന്നതുമാണ്. ഇതൊരു ലുങ്കിയല്ല, ഇതൊരു ധോത്തിയാണ്. ഒരു ക്ലാസിക്കല്‍ വസ്ത്രത്തെ വെറുപ്പുളവാക്കുന്ന രീതിയില്‍ കാണിച്ചിരിക്കുന്നു.’ ലക്ഷ്മണിന്റെ വാക്കുകള്‍.


പൂജ ഹെഗ്ഡേ, വെങ്കടേഷ് ദഗ്ഗുബട്ടി എന്നിവര്‍ക്കൊപ്പം രാംചരണ്‍ തേജയും പ്രത്യക്ഷപ്പെട്ട ഗാനരംഗമായിരുന്നു യെന്റമ്മാ. ഈ വര്‍ഷം ഈദ് റിലീസായാണ് കിസി കാ ഭായ് കിസി കി ജാന്‍ തിയേറ്ററുകളിലെത്തുന്നത്. ഫര്‍ഹാദ് സംജി സംവിധാനം ചെയ്യുന്ന ചിത്രം സല്‍മാന്‍ തന്നെയാണ് നിര്‍മിച്ചിരിക്കുന്നത്. പായല്‍ ദേവ് ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സബ്ബിര്‍ അഹമ്മദിന്റേതാണ് രചന. വിശാല്‍ ദദ്‌ലാനി, പായല്‍ ദേവ് എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.