ഐപിഎലിൽ ഇന്നലെ നടന്ന വാശിയേറിയ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ 11 റൺസിന് പരാജയപ്പെടുത്തി വിജയത്തോടെ തുടക്കം കുറിച്ച് പഞ്ചാബ് കിങ്‌സ്. ക്യാപ്റ്റൻ ശ്രേയസ് അയ്യർ, പ്രിയാൻഷ് ആര്യ, ശശാങ്ക് സിങ് എന്നിവർ പഞ്ചാബ് കിങ്സിന് വേണ്ടി തിളങ്ങി. സെഞ്ച്വറി നേടാൻ സാധിക്കാതെ ശ്രേയസ് 97* റൗൺസും, 47 റൺസുമായി പ്രിയാൻഷ് ആര്യയും, വെടിക്കെട്ട് പ്രകടനവുമായി 44* റൺസ് നേടിയ ശശാങ്ക് സിങ്ങും കളം നിറഞ്ഞാടി.
ഗുജറാത്തിനു വേണ്ടി സായി സുദർശൻ 74 റൺസും, 54 റൺസുമായി ജോസ് ബട്ലറും, 46 റൺസുമായി ഷെർഫെയ്ൻ റൂഥർഫോർഡ്ഡും, 33 റൺസുമായി ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും മികച്ച പ്രകടനം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇന്നലത്തെ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിന് വേണ്ടി ഏറ്റവും മോശമായ ബോളിങ് പ്രകടനം കാഴ്ച വെച്ച താരമാണ് മുഹമ്മദ് സിറാജ്.
നാല് ഓവറിൽ വിക്കറ്റുകൾ ഒന്നും നേടാതെ താരം വഴങ്ങിയത് 54 റൺസാണ്. കൂടാതെ ആദ്യ ഇന്നിങ്സിലെ അവസാന ഓവറിൽ അദ്ദേഹം വഴങ്ങിയത് 29 റൺസും. ഇതോടെ ട്രോൾ മഴയാണ് താരത്തിന് ലഭിക്കുന്നത്. ആർസിബിയിൽ ചെണ്ട ആയിരുന്ന താരം ഗുജറാത്തിലും ചെണ്ടയെന്നാണ് ആരാധകർ പറയുന്നത്.
ഇത്തവണത്തെ മെഗാ താരലേലത്തിൽ ആർസിബി റീറ്റെയിൻ ചെയ്യാതെ താരത്തിനെ 12 .5 കോടി രൂപയ്ക്കാണ് ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കിയത്. ആദ്യ കളിയിൽ തന്നെ മോശമായ പ്രകടനം കാഴ്ച്ച വെച്ച താരം ഇത് തന്നെ തുടർന്നാൽ ടീമിൽ നിന്ന് പുറത്താകാനും സാധ്യതയുണ്ടെന്നാണ് പല മുൻ താരങ്ങളുടെയും വിലയിരുത്തൽ.