ഊട്ടിയില്‍ ഡ്രസ് കിട്ടാന്‍ പാടാ, കര്‍ട്ടന്‍ എടുത്ത് ഫ്രോക്ക് തയ്ച്ചു, ജയറാമേട്ടന്‍ ധരിച്ചത് ബെഡ് ഷീറ്റ് വച്ചുണ്ടാക്കിയ ഷര്‍ട്ട്: കോസ്റ്റിയൂം ഡിസൈനര്‍ എസ്ബി സതീഷ്

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ റിപ്പീറ്റ് വാല്യു ഉള്ള സിനിമകളില്‍ ഒന്നാണ് ‘സമ്മര്‍ ഇന്‍ ബത്‌ലഹേം’. മഞ്ജു വാര്യര്‍, സുരേഷ് ഗോപി, ജയറാം എന്നീ താരങ്ങള്‍ക്കൊപ്പം മോഹന്‍ലാല്‍ കാമിയോ വേഷത്തില്‍ എത്തിയ ചിത്രം രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയില്‍ ആണ് സംവിധാനം ചെയ്തത്.

ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈനിംഗുമായി ബന്ധപ്പെട്ട ചില കഥകള്‍ പങ്കിട്ടിരിക്കുകയാണ് ഡിസൈനര്‍ എസ്ബി സതീഷ്. ചിത്രത്തില്‍ ബെഡ് ഷീറ്റ് കൊണ്ട് ജയറാമിന് ഷര്‍ട്ട് വരെ അടിച്ചിട്ടുണ്ട് എന്നാണ് സതീഷ് പറയുന്നത്. പെട്ടെന്ന് പെട്ടെന്ന് പല ചേഞ്ചുകളും വരുത്തിയിട്ടുള്ള പടമാണ് സമ്മര്‍ ഇന്‍ ബത്‌ലഹേം.

എല്ലാവര്‍ക്കും ഒരുപോലത്തെ കോസ്റ്റ്യൂം വേണമെന്നൊക്കെ പെട്ടെന്നാണ് പറയുക. കുട്ടികളും കൂടി ഡാന്‍സേഴ്‌സായി വരുമ്പോള്‍ എല്ലാവരും കൂടി പന്ത്രണ്ടോളം പേരുണ്ട്. പെട്ടെന്ന് തന്നെ അവര്‍ക്കെല്ലാം ഒരുപോലെയുള്ള ഡ്രസ്സ് വേണം, മെറ്റീരിയിലൊക്കെ ഊട്ടിയില്‍ കിട്ടാന്‍ പാടല്ലേ. ഫര്‍ണിഷിംഗ് ക്ലോത്തും കര്‍ട്ടന്‍ ക്ലോത്തുമൊക്കെ ഉപയോഗിച്ച് ഫ്രോക്ക് തുന്നിയിട്ടുണ്ട്.

ഒരു പാട്ടുസീനില്‍ എല്ലാവരും വെള്ളയും മഞ്ഞയും ഡ്രസ്സ് അണിഞ്ഞുവരുന്നുണ്ട്, അതൊക്കെ കര്‍ട്ടന്‍ ക്ലോത്ത് വച്ച് തയ്ച്ച ഫ്രോക്കാണ്. ഡിസൈനും ചില അലങ്കാരപ്പണികളുമൊക്കെ നടത്തിയതുകൊണ്ട് അതൊന്നും ആര്‍ക്കും മനസ്സിലായില്ല. അതില്‍ ബെഡ് ഷീറ്റൊക്കെ വട്ട് ഷര്‍ട്ട് തുന്നിയിട്ടുണ്ട്.

ജയറാമേട്ടന്‍ ധരിച്ച ഷര്‍ട്ട് അങ്ങനെ ഉണ്ടാക്കിയതാണ്. ആര്‍ക്കും പെട്ടെന്ന് മനസ്സിലാവില്ല, നല്ല ഡിസൈനില്‍ അതു പ്രസന്റ് ചെയ്യുമെന്നു എന്ന് മാത്രം. ഇനി കാണുമ്പോള്‍ നിങ്ങള്‍ക്കത് മനസിലാവും എന്നാണ് കോസ്റ്റിയൂം ഡിസൈനര്‍ എസ്ബി സതീഷ് പറയുന്നത്.