പരസ്ത്രീ ബന്ധത്തിനെതിരെ കേസ് കൊടുത്ത് ഭാര്യ; നടന്‍ രാഹുല്‍ രവിക്ക് സുപ്രീം കോടതിയുടെ ജാമ്യം

സിനിമാ-സീരിയല്‍ താരം രാഹുല്‍ രവിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കി സുപ്രീം കോടതി. ഭാര്യ ലക്ഷ്മി എസ് നായര്‍ നല്‍കിയ ഗാര്‍ഹിക പീഡന കേസിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജസ്റ്റിസ് സി.ടി രവികുമാര്‍ അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം നല്‍കിയത്.

ഭാര്യ ലക്ഷ്മിയുടെ പരാതിയില്‍ തമിഴ്‌നാട് പൊലീസ് നടനെതിരെ ലുക്ക് ഔട്ട് നോട്ടീസ് വരെ പുറപ്പെടുവിപ്പിച്ചിരുന്നു. പരസ്ത്രീബന്ധം, ശാരീരിക ഉപദ്രവം എന്നീ ആരോപണങ്ങളാണ് ലക്ഷ്മി പരാതിയില്‍ നല്‍കിയത്. കേരളം അടക്കം നാല് സംസ്ഥാനങ്ങളിലായി ഇയാള്‍ക്കായി തമിഴ്‌നാട് പൊലീസ് തിരച്ചില്‍ നടത്തിരുന്നു.

നേരത്തെ ഈ കേസില്‍ മദ്രാസ് ഹൈക്കോടതി രാഹുലിന് മൂന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നെങ്കിലും സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന് കാട്ടി കോടതി ഇത് റദ്ദാക്കി അറസ്റ്റിന് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

അതേസമയം, 2023 ഏപ്രില്‍ 26ന് അര്‍ദ്ധരാത്രിയില്‍ അപ്പാര്‍ട്ട്മെന്റ് അസോസിയേഷന്‍ അംഗങ്ങള്‍ക്കുമൊപ്പം രാഹുലിന്റെ അപ്പാര്‍ട്ട്മെന്റിലേക്ക് പോയതായും രാഹുലിനൊപ്പം ഒരു പെണ്‍കുട്ടിയെ കണ്ടെത്തിയതായും പൊലീസ് എഫ്ഐആറില്‍ ആരോപിച്ചിരുന്നു.

Read more

ലക്ഷ്മിയെ രാഹുല്‍ സ്ഥിരമായി മര്‍ദ്ദിക്കാറുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2020ലാണ് ലക്ഷ്മിയും രാഹുലും വിവാഹിതരാകുന്നത്. പ്രണയ വിവാഹമായിരുന്നു. വിവാഹത്തിന് ശേഷമാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. മദ്രാസ് ഹൈക്കോടതി ഉത്തരവ് പ്രകാരം നവംബര്‍ 3ന് ജാമ്യം റദ്ദാക്കിയതിന് പിന്നാലെ രാഹുലിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.