100 കോടി തള്ള് ഏറ്റില്ല, തെലുങ്ക് ഇന്‍ഡസ്ട്രിക്ക് തന്നെ നാണക്കേട്; 'ഗെയിം ചേഞ്ചര്‍' കളക്ഷന്‍ കണക്ക് വിവാദത്തില്‍

ശങ്കര്‍ ചിത്രം ‘ഗെയിം ചേഞ്ചര്‍’ 186 കോടി രൂപ ഓപ്പണിങ് ദിന കളക്ഷന്‍ നേടിയെന്ന അണിയറപ്രവര്‍ത്തകരുടെ വാദം തള്ളി ഫിലിം ട്രേഡ് അനലിസ്റ്റുകള്‍. രാം ചരണ്‍ നായകനായി എത്തിയ ചിത്രം ആദ്യ ദിനം 100 കോടിക്ക് അടുത്ത് പോലും കളക്ഷന്‍ നേടിയിട്ടില്ല. എന്നാല്‍ 186 കോടി നേടിയെന്ന വ്യാജ കണക്ക് അണിയറപ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുകയായിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ 86 കോടി രൂപ മാത്രമാണ് ചിത്രം നേടിയ കളക്ഷന്‍.

കോടികളുടെ തള്ളുകള്‍ സിനിമാ ഇന്‍ഡസ്ട്രിക്ക് തന്നെ വിനയായി തീരും എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. സിനിമയുടെ പോസിറ്റിവ് റിപ്പോര്‍ട്ടുകള്‍ക്ക് വേണ്ടി കളക്ഷന്‍ ഉയര്‍ത്തി കാട്ടി എന്നാണ് പ്രധാന വിമര്‍ശനം. അല്ലു അര്‍ജുന്‍ ചിത്രം ‘പുഷ്പ 2’വിന് ആദ്യദിനം ലഭിച്ച ആഗോള കലക്ഷന്‍ 294 കോടിയായിരുന്നു. ഒരു ഇന്ത്യന്‍ സിനിമയ്ക്കു ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ കൂടിയായിരുന്നു ഇത്.

പുഷ്പ 2വിനൊപ്പം എത്താനുള്ള അണിയറപ്രവര്‍ത്തകരുടെ വാശിയാണ് ഈ കള്ളക്കണക്കുകള്‍ക്ക് കാരണമെന്നാണ് വിമര്‍ശകര്‍ പറയുന്നത്. അതേസമയം, ആദ്യ ദിനം തന്നെ മോശം പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ക്ലീഷേ കഥയാണ് ചിത്രത്തിന്റെത് എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. തമിഴിലും മലയാളത്തിലും സിനിമയ്ക്ക് മോശം പ്രതികരണമാണെങ്കിലും തെലുങ്കില്‍ പ്രേക്ഷകര്‍ ചിത്രം ഏറ്റെടുത്തു കഴിഞ്ഞു.

രാം ചരണ്‍ വിവിധ ഗെറ്റപ്പുകളിലെത്തുന്ന ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ ജയറാമും അഭിനയിക്കുന്നുണ്ട്. കിയാര അദ്വാനിയാണ് നായിക. അഞ്ജലി, എസ് ജെ സൂര്യ, സുനില്‍, ശ്രീകാന്ത്, സമുദ്രക്കനി, നാസര്‍ തുടങ്ങിയ വലിയ താര നിര ഗെയിം ചേഞ്ചറില്‍ അഭിനയിക്കുന്നുണ്ട്. ശങ്കറിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ഗെയിം ചേഞ്ചര്‍.