ഷോര്‍ട്ട് ഗേള്‍ ടോള്‍ ബോയ് പ്രണയം, 'മിസ് ലിറ്റില്‍ റാവുത്തര്‍' വരുന്നു; ഗൗരി കിഷന്റെ നായകനായി ഷേര്‍ഷ ഷെരീഫ്

ഗൗരി കിഷന്‍ നായികയാവുന്ന ‘ലിറ്റില്‍ മിസ് റാവുത്തര്‍’ ചിത്രത്തില്‍ നായകനായി പുതുമുഖ താരം ഷേര്‍ഷാ ഷെരീഫ്. സിനിമയുടെ പ്രഖ്യാപനം മുതല്‍ നായകന്‍ ആരാണെന്ന് അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോള്‍ ഒരു വീഡിയോയിലൂടെയാണ് നായകനെ പരിചയപ്പെടുത്തിയിരിക്കുന്നത്.

നവാഗതനായ വിഷ്ണു ദേവാണ് ലിറ്റില്‍ മിസ്സ് റാവുത്തര്‍ സംവിധാനം ചെയ്യുന്നത്. നായകനാകുന്ന ഷേര്‍ഷ ഷെരീഫ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. ഉയരമുള്ള ആണും ഉയരം കുറഞ്ഞ പെണ്‍കുട്ടിയും തമ്മിലുള്ള മനോഹരമായ പ്രണയകഥയാണ് ചിത്രം പറയുകയെന്ന നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസര്‍ സൂചിപ്പിച്ചിരുന്നു.

ഉയര വ്യത്യാസമുള്ള ദമ്പതികള്‍ക്കായി സമൂഹ മാധ്യമത്തില്‍ ആകര്‍ഷകമായ ക്യാമ്പയിനാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ നടത്തിയത്. ഉയരം കുറഞ്ഞ ഒരു വ്യക്തിക്ക് ഉയരമുള്ള പങ്കാളിയുമായി ജീവിക്കുമ്പോള്‍ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ ഗൗരിയിലൂടെയും ഷേര്‍ഷയിലൂടെയും കാണിക്കുകയും സമാനരായ ആളുകളോട് പങ്കെടുക്കാന്‍ ആവിശ്യപെടുകയും ചെയ്യുന്ന ക്യാമ്പയിനാണ് നടത്തിയത്.


ഈ റീല്‍ ചലഞ്ച് ജനങ്ങള്‍ക്കിടയില്‍ ഏറെ ആകാംഷ സൃഷ്ടിച്ചിരുന്നു. മനു, ഗതം, തിമ്മരുശു, അത്ഭുതം എന്ന സിനിമകള്‍ നിര്‍മ്മിച്ച എസ് ഒറിജിനല്‍സിന്റെ ബാനറില്‍ ശ്രുജന്‍ യരബോളുവാണ് നിര്‍മാണം, സഹനിര്‍മ്മാണം സുതിന്‍ സുഗതന്‍. ചിത്രത്തിന്റെ ടീസറും ചിന്മയി ശ്രീപദയും പ്രദീപ് കുമാറും ചേര്‍ന്ന് ആലപിച്ച ‘സ്നേഹദ്വീപിലെ’ എന്ന ഗാനവും യൂട്യൂബില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സിനിമയുടെ സംഗീത അവകാശങ്ങള്‍ വാങ്ങിയിരിക്കുന്നത് സംഗീത ആസ്വാദകര്‍ക്കിടയില്‍ ജനപ്രിയ പേരായ വണ്ടര്‍ വാള്‍ റെക്കോര്‍ഡ്സാണ്. വണ്ടര്‍ വാള്‍ റെക്കോര്‍ഡ്‌സിന്റെ ആദ്യ സിനിമ സംരംഭമാണിത്. ഗോവിന്ദ് വസന്തയുടെ സംഗീതത്തിന് അന്‍വര്‍ അലിയും, ടിറ്റോ പി തങ്കച്ചനും ചേര്‍ന്നാണ് വരികള്‍ എഴുതുന്നത്.

സംഗീത് പ്രതാപ് എഡിറ്റിംഗും ലൂക്ക് ജോസ് ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. കലാസംവിധായകന്‍-മഹേഷ് ശ്രീധര്‍, വസ്ത്രാലങ്കാരം-തരുണ്യ വി.കെ, മേക്കപ്പ്-ജയന്‍ പൂക്കുളം. സ്റ്റില്‍സ്-ശാലു പേയാട്, നന്ദു, റിച്ചാര്‍ഡ് ആന്റണി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-വിജയ് ജി.എസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-പ്രവീണ്‍ പ്രഭാരം, അസോസിയേറ്റ് ഡയറക്ടര്‍-സിജോ ആന്‍ഡ്രൂ.