കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

കേരളത്തെ ശ്രീലങ്കയാക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കെ റെയില്‍ പദ്ധതിയില്‍ നിലപാട് വ്യക്തമാക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. കെ റെയില്‍ നടപ്പാക്കരുതെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാടെന്ന് സതീശന്‍ പറഞ്ഞു. പദ്ധതി കേരളത്തെ ഇല്ലായ്മ ചെയ്യുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

കെ റെയില്‍ പദ്ധതിയ്ക്ക് കേന്ദ്രം അനുമതി നല്‍കിയാലും കേരളത്തില്‍ നടപ്പാക്കാന്‍ അനുവദിക്കില്ല. നിരവധി പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുള്ള സംസ്ഥാനമാണ് കേരളം. ഖജനാവില്‍ പണമില്ലാതെ ക്ഷേമ പദ്ധതികള്‍ മുടങ്ങിക്കിടക്കുമ്പോഴാണ് രണ്ട് ലക്ഷം കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും സതീശന്‍ അഭിപ്രായപ്പെട്ടു.

സംസ്ഥാനത്ത് നിലവിലുള്ള റെയില്‍പാതകളുടെ വളവുകളില്‍ ആവശ്യമായ മാറ്റം വരുത്തുകയും ഓട്ടോമാറ്റിക് സിഗ്നല്‍ സിസ്റ്റം കൂടി കൊണ്ടുവരികയും ചെയ്താല്‍ തിരുവനന്തപുരത്ത് നിന്ന് നാലര മണിക്കൂര്‍ കൊണ്ട് കാസര്‍ഗോഡ് എത്താന്‍ സാധിക്കും. അരമണിക്കൂര്‍ ലാഭത്തിന് വേണ്ടി ഇത്തരം ഒരു ദുരന്തം സൃഷ്ടിക്കേണ്ടതില്ലെന്നും സതീശന്‍ പറഞ്ഞു.