ശില്‍പ്പ ഷെട്ടി ചുംബിച്ചിട്ടില്ല, അവരുടെ ഭാഗത്ത് യാതൊരു അശ്ലീലതയുമില്ല; കുറ്റക്കാരിയല്ലെന്ന് കോടതി

ശില്പാഷെട്ടിയെ ഹോളിവുഡ് താരം റിച്ചാര്‍ഡ് ഗെരെ പരസ്യമായി ചുംബിച്ചതുമായി ബന്ധപ്പെട്ട കേസ് മജിസ്ട്രേറ്റ് കോടതി തള്ളിയ നടപടി മുംബൈ സെഷന്‍സ് കോടതി ശരിവെച്ചു. മജിസ്ട്രേറ്റ് കോടതിയുടെ തീരുമാനത്തിനെതിരേ നല്‍കിയ അപ്പീലാണ് സെഷന്‍സ് കോടതി തള്ളിയത്.

പൊതുസ്ഥലത്ത് വെച്ച് ഒരു സ്ത്രീയെ ലൈംഗിക ആസ്വാദന ഉദ്ദേശ്യത്തോടെ തൊടുന്നത് അവരുടെ ഭാഗത്ത് നിന്ന് സമ്മതം ഉണ്ടായിട്ടാണെന്ന് കരുതാനാവില്ല. അങ്ങനെ സംഭവിക്കുമ്പോള്‍ സ്ത്രീയില്‍ കുറ്റം ആരോപിക്കാന്‍ സാധിക്കില്ലെന്നും കോടതി നിരീക്ഷിക്കുന്നു.

ശില്‍പ്പയുടെ ഭാഗത്തുനിന്ന് യാതൊരു അശ്ലീല പ്രവൃത്തിയും ഉണ്ടായിട്ടില്ലെന്ന് കേസില്‍ ശില്‍പ്പ ഷെട്ടിയെ വെറുതെവിട്ട മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് ശരിവെച്ചുകൊണ്ടുള്ള സെഷന്‍സ് കോടതിയുടെ വിശദമായ ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്.

ഈ കേസില്‍ ശില്‍പ്പ ഷെട്ടി ചുംബിച്ചില്ല, മറിച്ച് റിച്ചാര്‍ഡ് നടിയെ ചുബിക്കുകയായിരുന്നുവെന്നതാണ് വസ്തുതയെന്നും കോടതി പറഞ്ഞു. അവരുടെ ഭാഗത്ത് യാതൊരു അശ്ലീലതയുമില്ല. പ്രതികള്‍ക്കെതിരെ കുറ്റം ചുമത്താനുള്ള വസ്തുതകളൊന്നുമില്ല. മജിസ്ട്രേറ്റിന്റെ ഉത്തരവിന് മേല്‍ ഈ കോടതിയുടെ ഇടപെടല്‍ ആവശ്യമില്ലെന്നും അഡീഷണല്‍ സെഷന്‍സ് ജഡ്ജി എസ് സി ജാദവ് പറഞ്ഞു.