ബിഗ് ബോസ് മറാഠി 5 വിജയിയായി സൂരജ് ചവാന്‍

ബിഗ് ബോസ് മറാഠി 5ല്‍ വിജയിയായി കണ്ടന്‍റ് ക്രിയേറ്റര്‍ സൂരജ് ചവാന്‍. സീസൺന്റെ ഗ്രാൻഡ് ഫിനാലെയായ ഒക്ടോബർ 6 ഞായറാഴ്ചയാണ് സൂരജിനെ വിജയിയായി പ്രഖ്യാപിച്ചത്. സൂരജ് ചവാൻ, അഭിജിത് സാവന്ത്, നിക്കി തംബോലി എന്നിവരാണ് അവസാനം വീട്ടില്‍ അവശേഷിച്ചിരുന്നത്. അതേസമയം അഭിജിത് സാവന്താണ് രണ്ടാം സ്ഥാനത്ത് എത്തിയത്.

ബിഗ് ബോസ് മറാഠി അവതാരകനായ നടന്‍ റിതേഷ് ദേശ്മുഖ് ഈ സീസണ്‍ വിജയിയായ സൂരജ് ചവാനൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടിട്ടുണ്ട്. ബിഗ് ബോസ് മറാഠി 5 യുടെ പ്രൈസ് മണിയായ 14.5 ലക്ഷവും സൂരജിന് ലഭിക്കും. നേരത്തെ ​ഗ്രാന്‍ഡ് ഫിനാലെയിലേക്ക് ആറ് പേര്‍ ഉള്ള ഫൈനല്‍ സിക്സ് ആയിരിക്കുമെന്ന് തോന്നല്‍ ഉളവാക്കിയ ബി​ഗ് ബോസ് ആറിലൊരാളെ എവിക്റ്റ് ചെയ്തത് ഈ സീസണ്‍ ഫിനാലെയ്ക്ക് മുന്‍പ് വലിയ ട്വിസ്റ്റായിരുന്നു.

ബിഗ് ബോസ് മറാഠി 5 ന്‍റെ ഗ്രാൻഡ് ഫിനാലെ എപ്പിസോഡില്‍ റിലീസാകാനിരിക്കുന്ന ബോളിവുഡ് ചിത്രമായ ജിഗ്രയുടെ അഭിനേതാക്കളും സംവിധായകനും അതിഥികളായി എത്തിയിരുന്നു. ആലിയ ഭട്ട്, വേദാംഗ് റെയ്ന, സംവിധായകൻ വാസൻ ബാല എന്നിവരാണ് ഷോയിലെത്തി ഫൈനലിസ്റ്റുകളുമായി സംവദിച്ചത്. അതേ സമയം ബിഗ് ബോസ് മറാഠി സമാപിച്ചതിന് പിന്നാലെ ബിഗ് ബോസ് തമിഴ്, ഹിന്ദി സീസണുകള്‍ ആരംഭിച്ചിട്ടുണ്ട്. ഒക്ടോബര്‍ 6ന് തന്നെയായിരുന്നു ഈ സീസണുകളുടെയും തുടക്കം. തമിഴില്‍ വിജയ് സേതുപതിയും, ഹിന്ദിയില്‍ സല്‍മാന്‍ ഖാനുമാണ് ബിഗ് ബോസ് അവതാരകര്‍.

Read more