പ്രേക്ഷകര്‍ ആവശ്യപ്പെട്ടു; 21 ഗ്രാംസിന്റെ ഷോകള്‍ വര്‍ദ്ധിപ്പിച്ച് തിയേറ്ററുകള്‍

അനൂപ് മേനോനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ബിബിന്‍ കൃഷ്ണന്‍ സംവിധാനം ചെയ്ത ’21 ഗ്രാംസ്’ മികച്ച റിപ്പോര്‍ട്ടുകളുമായി തിയേറ്ററുകളില്‍ മുന്നേറുന്നു. നിഗൂഢ സ്വഭാവമുള്ള ഒരു കുറ്റാന്വേഷണ ചിത്രം എന്ന അവകാശവാദവുമായി തിയേറ്ററുകളില്‍ എത്തിയ 21 ഗ്രാംസ്, ആ വാദങ്ങള്‍ മികച്ച രീതിയില്‍ തന്നെ ശരിവെക്കുന്ന ചിത്രം തന്നെയാണ് എന്ന് തെളിയിക്കുന്ന തരത്തിലാണ് ഇപ്പോള്‍ പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും ഒരുപോലെ മികച്ച പ്രതികരണങ്ങള്‍ ലഭിച്ചുകൊണ്ടും ഇരിക്കുന്നത്. ആദ്യ ദിനം കാര്യമായ പരസ്യ സ്റ്റണ്ടുകളും പബ്ലിസിറ്റിയും ഇല്ലാതെ വളരെ കുറഞ്ഞ ഷോകളുമായി തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം ക്രമേണ മികച്ച അഭിപ്രായങ്ങള്‍ കൂടി വന്നതോടെ തിയേറ്ററില്‍ പ്രേക്ഷകര്‍ കൂടിവരുകയും പല ഷോകളും നിറയുകയും ചെയ്തതിന് പിന്നാലെ ഇന്ന് മുതല്‍ എട്ടോളം സ്‌ക്രീനുകളില്‍ കൂടി ചിത്രത്തിന്റെ പ്രദര്‍ശനം വര്‍ദ്ധിപ്പിക്കുന്ന നിലയിലേക്ക് ചിത്രത്തിന്റെ തിയേറ്റര്‍ പ്രകടനം വളര്‍ന്നുകൊണ്ടിരിക്കുന്നത്.

വളരെ അധികം ആകസ്മികതയും ആവേശവും ഉണര്‍ത്തുന്ന തിരക്കഥയും അവതരണവും അതിവേഗം പാളി പോകാന്‍ എല്ലാ സാധ്യതയുമുള്ള ‘ക്‌ളീഷേ’ എന്ന അഭിപ്രായം നേടാനുമിടയുള്ള കഥാഗതികള്‍, കഥാപശ്ചാത്തലങ്ങള്‍ എന്നിവ ഉണ്ടായിട്ടും അത്തരമൊരു അഭിപ്രായം ഒട്ടും വരാന്‍ ഇടവരുത്താതെയുള്ള പഴുതുകള്‍ അടച്ചുള്ള കഥപറച്ചില്‍ രീതിയും മേകിങ്ങുമാണ് ചിത്രത്തിന്റെ മികച്ച അഭിപ്രായം നേടികൊടുക്കുന്നതിലുള്ള പ്രധാന ഘടകങ്ങളായിരിക്കുന്നത്. തീര്‍ത്തും പ്രവചനാതീതമായ ക്ലൈമാക്‌സ് ആണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന മികച്ച അഭിപ്രായങ്ങളില്‍ വെച് പ്രധാനപ്പെട്ട പോസിറ്റീവ് ഘടകമായി പ്രേക്ഷകരും നിരൂപകരും ഒരുപോലെ കണക്കാക്കുന്നു.

രണ്ടു സഹോദരങ്ങള്‍ അടുത്തടുത്ത ദിവസങ്ങളില്‍ കൊല്ലപ്പെടുന്ന വിവാദകരമായ കേസ് അന്വേഷിക്കാന്‍ വരുന്ന ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി നന്ദ കിഷോര്‍ എന്ന കഥാപാത്രത്തെ അനൂപ് മേനോന്‍ അവതരിപ്പിച്ചിരിക്കുന്നു. വളരെ കര്‍ത്തവ്യബോധവും കൂര്‍മ ബുദ്ധിയുമുള്ള കേസുദ്യോഗസ്ഥനായി അന്വേഷണം നടത്തുന്ന ഭാഗം ഒരുവശത്ത് കാണിക്കുമ്പോള്‍ അതേ കഥാപാത്രത്തിന്റെ തന്നെ മറുവശത്ത് മകള്‍ നഷ്ടപ്പെട്ട ദുഃഖത്തില്‍ കഴിയുന്ന ഒരു കുടുംബനാഥന്റെ പ്രതിസന്ധികള്‍ നിറഞ്ഞ വ്യക്തി ജീവിതവും വൈകാരികതകളും കഥാഗതിയില്‍ അതീവ പ്രാധാന്യത്തോടെ അവതരിപ്പിച്ചിരിക്കുന്നു. അനൂപ്മേനോന്റെ ഭാര്യയായി ലിയോണ ലിഷോയ് ആണ് അഭിനയിക്കുന്നത്.

ഇവര്‍ക്ക് പുറമെ ലെന, രഞ്ജിത്, അനു മോഹന്‍, നന്ദു, രഞ്ജി പണിക്കര്‍, ചന്തുനാഥ്, പ്രശാന്ത് അലക്സാണ്ടര്‍, മറീന മൈക്കള്‍, ശങ്കര്‍ രാമകൃഷ്ണന്‍ തുടങ്ങിയ മികച്ച താര നിര തന്നെ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ദി ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റിനിഷ് കെ എന്‍ നിര്‍മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം ജിത്തു ദാമോദര്‍ നിര്‍വച്ചിരിക്കുന്നു. ദീപക് ദേവ് സംഗീതവും അപ്പു എന്‍ ഭട്ടത്തിരി ചിത്രസംയോജനവും ചെയ്തിരിക്കുന്നു. രചന വിനായക് ശശികുമാര്‍, പി. ആര്‍ – എം ആര്‍ പ്രൊഫഷണല്‍.

Read more