ചരിത്ര കഥാപാത്രങ്ങളുടെ രൂപഭാവങ്ങളുണ്ടോ? എങ്കില്‍ കാളിയനൊപ്പം കൂടാം

വേണാടിന്റെ ചരിത്ര നായകനായിരുന്ന കുഞ്ചിറക്കോട്ട് ‘കാളിയനായി’ പൃഥ്വിരാജ് എത്തുന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. ചരിത്ര കഥാപാത്രങ്ങളുടെ രൂപഭാവങ്ങളുണ്ടോ? എങ്കില്‍ കാളിയനൊപ്പം കൂടാം. ചരിത്രത്തിന്റെ ഭാഗമാകാം.

കൊച്ചി വൈഎംസിഎ ഹാളില്‍ ആണ് ഒഡിഷന്‍. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ളവര്‍ക്ക് മെയ് 19നും തൃശ്ശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളവര്‍ക്ക് മെയ് 20നുമാണ് ഒഡിഷന്‍. രാവിലെ 9 മുതല്‍ 11 വരെ സ്‌പോട് രജിസ്ട്രേഷന്‍ ഉണ്ടായിരിക്കും.

7 മുതല്‍ 14 വരെ പ്രായമുള്ള ആണ്‍/പെണ്‍കുട്ടികള്‍, 20 മുതല്‍ 40 വരെ പ്രായമുള്ള ആണ്‍/പെണ്‍, 40 മുതല്‍ 70 വരെ പ്രായമുള്ള ആണ്‍/പെണ്‍ എന്നിവരെയാണ് അഭിനേതാക്കളായി തേടുന്നത്.

പതിനേഴാം നൂറ്റാണ്ടില്‍ വേണാടില്‍ ജീവിച്ചിരുന്ന കുഞ്ചിരക്കോട്ട് കാളിയുടെ കഥയെ ആസ്പദമാക്കിയുളള കഥയാണ് കാളിയന്‍ പറയുന്നത്. ഇതിഹാസ യോദ്ധാവായിരുന്ന ഇരവിക്കുട്ടി പിള്ളയുടെ വിശ്വസ്തനായ ശിഷ്യനായിരുന്നു കാളിയന്‍. ഇരവിക്കുട്ടി പിള്ള ചരിത്രത്തിന്റെ ഭാഗമായെങ്കിലും കാളിയനെ ആരും അറിയാതെ പോവുകയായിരുന്നു.

Read more

തമിഴ് നടന്‍ സത്യരാജാണ് ഇരവിക്കുട്ടി പിള്ളയുടെ കഥാപാത്രം അഭിനയിക്കുന്നത്. എസ് മഹേഷ് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് തിരക്കഥയെഴുതുന്നത് ബി ടി അനില്‍കുമാറാണ്. ശങ്കര്‍ എഹ്സാന്‍ ലോയ് ആണ് സംഗീതം. സുജിത് വാസുദേവാണ് ക്യാമറ.