സെറ്റിൽ സമയത്ത് എത്തുന്നില്ലെന്ന് ആരോപണം ; ശ്രീനാഥ് ഭാസിക്ക് എതിരെ നടപടി എടുക്കാൻ സാദ്ധ്യത

തനി കൊച്ചിക്കാരനായെത്തി മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടനാണ് ശ്രീനാഥ് ഭാസി. ഏറ്റെടുക്കുന്ന ചിത്രങ്ങളിലൊക്കെയും തൻ്റെതായ ശെെലി കൊണ്ട് വരുന്ന ശ്രീനാഥ് മലയാള സിനിമയുടെ യൂത്ത് ഐക്കൺ ലിസ്റ്റിലെ പ്രധാനി കൂടിയാണ്. എന്നാൽ ഇപ്പോൾ ശ്രീനാഥ് ഭാസിക്കെതിരെ അച്ചടക്ക നടപടിക്ക് സാദ്ധ്യതയെന്ന വാർത്തകളാണ് പുറത്ത് വരുന്നത്.

വെള്ളിയാഴ്ച ചേർന്ന വിവിധ സിനിമാ സംഘടനകളുടെ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. പല സിനിമാ സെറ്റുകളിലും ശ്രീനാഥ് ഭാസി സമയത്തിന് എത്തുന്നില്ലെന്നാണ് നിർമ്മാതാക്കൾ നൽകിയ പരാതി. ഇത് തങ്ങൾക്ക് വലിയ രീതിയിലുള്ള സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നു എന്നും നിർമ്മാതാക്കൾ പറയുന്നു.

എന്നാൽ താരസംഘടനയായ അമ്മയിൽ ശ്രീനാഥിന് അംഗത്വമില്ലാത്തതിനാൽ ശ്രീനാഥിനെതിരെ നടപടിയെടുക്കാൻ അമ്മ സംഘടനയ്ക്ക് സാധിക്കില്ല. അതിനാൽ ഫിലിം ചേംബർ ഇക്കാര്യത്തിൽ നേരിട്ട് തീരുമാനമെടുത്തേക്കും. അടുത്ത ദിവസം തന്നെ ശ്രീനാഥ് ഭാസി ചേമ്പറിൽ എത്തി കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തണം എന്നാണ് നൽകപ്പെട്ടിട്ടുള്ള നിർദ്ദേശം.

Read more

ഇനി പ്രോജക്ടുകൾ കമ്മിറ്റി ചെയ്യുമ്പോൾ താരം ചേമ്പറുമായി ആലോചിക്കണം എന്നും നിർദ്ദേശത്തിൽ പറയുന്നു. സമാനമായ രീതിയിൽ പല നടന്മാർ പ്രവർത്തിക്കുന്നുണ്ടെങ്കിലും ശ്രീനാഥ് ഭാസിക്കെതിരെയാണ് കൂടുതൽ പരാതികൾ ഉയർന്നിരിക്കുന്നത്. ഇതാണ് അച്ചടക്ക നടപടിയിലേക്ക് കാര്യങ്ങൾ എത്തിച്ചത്. താരങ്ങളുടെ പ്രതിഫലമാണ് യോഗത്തിൽ ചർച്ചയായ മറ്റൊരു വിഷയം.