നാളെ ചെറുപൂരം; തൃശൂര്‍ പൂരത്തിന്റെ ട്രെയിലര്‍ വരുന്നു

ആട് 2 എന്ന സൂപ്പര്‍ഹിറ്റിനു ശേഷം ജയസൂര്യ-വിജയ് ബാബു കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന “തൃശൂര്‍ പൂരം” റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിന്റെ ട്രെയിലര്‍ നാളെ രാവിലെ 10 മണിയ്ക്ക് റിലീസ് ചെയ്യും. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഗാനം മികച്ച സ്വീകാര്യത നേടി മുന്നേറുകയാണ്. പുറത്തിറങ്ങി രണ്ട് ദിനം പിന്നിടുമ്പോള്‍ ഗാനത്തിന് 12 ലക്ഷത്തിന് മേല്‍ കാഴ്ച്ചക്കാരാണുള്ളത്.

തൃശൂരിന്റെ ജീവിതവുമായി ബന്ധപ്പെട്ട, തൃശൂര്‍ പൂരത്തിന്റെ എല്ലാ ഭാവങ്ങളും പറയുന്ന ഒരു സിനിമയാവും തൃശൂര്‍ പൂരം എന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ജയസൂര്യ നായകനാവുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് സംഗീതസംവിധായകനായ രതീഷ് വേഗയാണ്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് നിര്‍മാണം. രാജേഷ് മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Read more

കാക്ക കാക്ക, ഗജിനി, ഇരുമുഖന്‍, ഇമൈയ്ക്ക നൊടികള്‍ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ ക്യാമറ ചെയ്ത ആര്‍.ഡി. രാജശേഖര്‍ ആണ് ഛായാഗ്രാഹകന്‍. ജയസൂര്യയ്ക്ക് ഒപ്പമുള്ള ഫ്രൈഡേ ഫിലിം ഹൗസിന്റെ നാലാമത്തെ ചിത്രമാണ് തൃശൂര്‍ പൂരം. ഡിസംബര്‍ 20 ന് ചിത്രം തിയേറ്ററുകളിലെത്തും.