മമ്മൂട്ടി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വൈശാഖ് സംവിധാനം ചെയ്യുന്ന ‘ടർബോ’. ടർബോക്ക് വേണ്ടി വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ജനപ്രീതിയുടെ അടിസ്ഥാനത്തിൽ ഐഎംഡിബിയിലെ മോസ്റ്റ് ആന്റിസിപ്പേഡ് ഇന്ത്യൻ മൂവീസിലെ രണ്ടാംസ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് ‘ടർബോ’.
ഇന്ത്യൻ 2, ശ്രീകാന്ത് തുടങ്ങിയ ചിത്രങ്ങളെ പിന്നിലാക്കിയാണ് ടർബോ രണ്ടാം സ്ഥാനം സ്വന്തമാക്കിയത്. മിഥുൻ മാനുവൽ തോമസാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ചിത്രത്തിൽ ‘ടർബോ ജോസ്’ എന്ന കഥാപാത്രത്തയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.
ഗരുഡ ഗമന ഋഷഭ വാഹന, ടോബി, 777 ചാർലി എന്നീ ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ നടനും സംവിധായകനുമായ രാജ് ബി ഷെട്ടിയാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ വില്ലനായി എത്തുന്നത് എന്നതും പ്രതീക്ഷ നൽകുന്ന കാര്യമാണ്. മെയ് 23 നാണ് ചിത്രത്തിന്റെ വേൾഡ് വൈഡ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
വൈശാഖിന്റെ കൂടെ സഹസംവിധായകനായി ഷാജി പാടൂരും പ്രവർത്തിക്കുന്നുണ്ട്. വിഷ്ണു ശർമയാണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത്. ഭ്രമയുഗത്തിന് സംഗീത സംവിധാനം നിർവഹിച്ച ക്രിസ്റ്റോ സേവ്യർ ആണ് ടർബോയ്ക്ക് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നത്.
2021ൽ ആണ് മമ്മൂട്ടി കമ്പനി എന്ന പ്രൊഡക്ഷൻ ഹൗസ് സ്ഥാപിച്ചത്. റോഷാക്, നൻപകൽ നേരത്ത് മയക്കം, കണ്ണൂർ സ്‌ക്വാഡ്, കാതൽ എന്നിവയാണ് മമ്മൂട്ടി കമ്പനി ഇതുവരെ നിർമ്മിച്ച ചിത്രങ്ങൾ. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്.