ടിനി ടോമിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ആശങ്കയോടെയാണ് കാണുന്നത്, അദ്ദേഹത്തിന് കേരളം പൂര്‍ണ പിന്തുണ നല്‍കണം: ഉമ തോമസ്

സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തിനെതിരെ നടന്‍ ടിനി ടോം നടത്തിയ പരാമര്‍ശം ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ലഹരിയുടെ ഉപയോഗം കൊണ്ട് പല്ല് പൊടിഞ്ഞു തുടങ്ങിയ ഒരു നടനെ തനിക്കാറിയാമെന്നും മകനെ അഭിനയിക്കാന്‍ വിടാത്തത് ഭയം കൊണ്ടാണെന്നും ടിനി ടോം പറഞ്ഞിരുന്നു. എന്നാല്‍ ആ നടന്റെ പേര് പറയണമെന്ന് ആവശ്യപ്പെട്ട് ടിനിക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ നടക്കുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ നടന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഉമ തോമസ് എംഎല്‍എ.

ഉമ തോമസിന്റെ കുറിപ്പ്:

കേരളത്തില്‍ ലഹരി മാഫിയ എല്ലാ തലങ്ങളിലും പിടിമുറുക്കി എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഡോ. വന്ദന ദാസ് എന്ന നമ്മുടെ പ്രിയപ്പെട്ട കുട്ടിയുടെ ആകസ്മികമായ കൊലപാതകം. അതിന്റെ ഞെട്ടലില്‍ നിന്നും മാറാന്‍ നമ്മുടെ നാടിന് ഇനിയും ദിവസങ്ങള്‍ വേണ്ടി വന്നേക്കാം. ‘നാര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്’. ലഹരി എന്ന വിപത്തിനെതിരെ കക്ഷി രാഷ്ട്രീയത്തിനതീതമായി നമുക്ക് ഒന്നിച്ച് പോരാടേണ്ടതുണ്ട്. അല്ലാത്തപക്ഷം നമ്മുടെ യുവ തലമുറ, പിഞ്ചു ബാല്യങ്ങള്‍ എല്ലാം ഇതിന്റെ ഇരയായി എരിഞ്ഞു തീരുന്ന സങ്കടകരമായ അവസ്ഥ നമുക്ക് കണ്മുന്നില്‍ കാണേണ്ടി വരും.

കഴിഞ്ഞ ദിവസമാണ് പ്രശസ്ത സിനിമ താരം, നമ്മുടെയെല്ലാം പ്രിയങ്കരനായ ശ്രീ ടിനി ടോമിന്റെ സിനിമാ മേഖലയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട പ്രസ്താവന മുഖ്യധാരാ മാധ്യമങ്ങളില്‍ അടക്കം ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും പിന്നീട് വിവാദങ്ങളില്‍ അകപ്പെടുകയും ചെയ്യുകയുണ്ടായത്. നിര്‍ഭാഗ്യവശാല്‍ പറയട്ടെ, തനിയ്ക്ക് നേരെ ആക്രമണം ഉണ്ടാകും എന്ന് ഉറച്ച് അറിയാമായിരുന്നിട്ടും സാമൂഹിക പ്രതിബദ്ധത മുന്‍ നിര്‍ത്തി, ടോം ഉന്നയിച്ച വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളാതെ, അദ്ദേഹത്തെ അവഹേളിക്കാനും ഒറ്റതിരിഞ്ഞു ആക്രമിക്കുവാനുമുള്ള ശ്രമങ്ങള്‍ ആണ് സമൂഹ മാധ്യമങ്ങളില്‍ അടക്കം നടക്കുന്നത് എന്നത് ഞാന്‍ ഏറെ ആശങ്കയോടെയാണ് നോക്കി കാണുന്നത്.

ഈ വിഷയത്തില്‍ ടിനി ടോമിന് കേരള പൊതുസമൂഹത്തിന്റെ പൂര്‍ണ്ണ പിന്തുണ നല്‍കേണ്ടത് അനിവാര്യമാണ്. ഇല്ലാത്ത പക്ഷം നമ്മുടെ നാടിനെ കാര്‍ന്ന് തിന്നുന്ന ഈ മാഫിയാ സംഘത്തിനെതിരെ നാളെകളില്‍ ഒന്ന് ഉറക്കെ പ്രതികരിക്കാന്‍ പോലും ആരും മുന്നോട്ട് വരാന്‍ തയ്യാറായേക്കില്ല എന്ന വാസ്തവം നാം തിരിച്ചറിയണം. ശ്രീ ടിനി ടോം മലയാള സിനിമാ മേഖലയിലെ സാംസ്‌കാരിക നിലവാരത്തെയും സാമൂഹിക പ്രതിബദ്ധതയെയും തകര്‍ക്കുന്ന രീതിയില്‍ മലയാള സിനിമയെ തകര്‍ക്കുന്ന മയക്കുമരുന്നിനെതിരെ അദ്ദേഹം പ്രവര്‍ത്തിക്കുന്ന മേഖലയില്‍ നിരന്തരം കാണുന്ന കാഴ്ചകളെക്കുറിച്ചാണ്, അതിലൂടെ ഉണ്ടാകുന്ന ദുരന്തത്തെ കുറിച്ചാണ് കോളേജ് വിദ്യാര്‍ത്ഥികളോടു സംവദിച്ചത്. ലഹരി ഉപയോഗം തലച്ചോറിനെയും, മറ്റ് ആന്തരിക വയവങ്ങളെയും മാത്രമല്ല, എംഡിഎംഎ അടക്കമുള്ള മാരക ലഹരികള്‍ പല്ലുകളെയും അസ്ഥികളെയും അടക്കം ബാധിക്കും എന്നതാണ് യാഥാര്‍ഥ്യം.

ചിലര്‍ ടിനി ടോം പരാമര്‍ശിച്ച ആ പല്ല് ദ്രവിച്ചു പോയ നടന്‍ ആരാണ് എന്ന് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് അക്രമണത്തിന് മുതിരുന്നത്. എന്നാല്‍ അരിയാഹാരം കഴിക്കുന്ന ഏവര്‍ക്കും ഇവരുടെ ചോദ്യത്തിന്റെ ഉദ്ദേശശുദ്ധി എന്താണെന്നു മനസിലാക്കാവുന്നതേ ഉള്ളു. പറഞ്ഞ് വന്നത്, നമ്മുടെ മക്കളെ മയക്കുമരുന്നിന്റെ ലോകത്ത് നിന്ന് തിരിച്ചു കൊണ്ടുവരാന്‍ കേരളത്തിന്റെ മുക്കിലും മൂലയിലും ജനകീയ പ്രതിരോധങ്ങള്‍ ഉയര്‍ന്നു വരേണ്ടതുണ്ട്. അതോടൊപ്പം ഇത്തരത്തില്‍ ഉള്ള തുറന്ന് പറിച്ചിലുകള്‍ക്കെതിരെ നടക്കുന്ന വ്യാപക അക്രമണത്തിന് നേതൃത്വം നല്‍കുന്നവരെ ഒറ്റപെടുത്തേണ്ട ചുമതല നമുക്ക് ഏവര്‍ക്കും ഉണ്ട്. പ്രിയപ്പെട്ട ടിനി ടോം.. താങ്കള്‍ക്ക് എന്റെ പൂര്‍ണ്ണ ഐക്യദാര്‍ഢ്യം ഹൃദയം കൊണ്ട് നേരുന്നു. ലഹരി മാഫിയാ സംഘങ്ങളെ ഈ മണ്ണില്‍ കാലുറപ്പിച്ച് നിര്‍ത്താന്‍ അനുവദിക്കാത്ത വിധം പ്രതിരോധിക്കുവാന്‍ നമുക്ക് ഒരുമിച്ച് നില്‍ക്കാം…