ഗോപി ചന്ദ് മല്ലിനേനി ചിത്രത്തില്‍ വിജയ്?

ലോകേഷ് ചിത്രം ‘ലിയോ’യ്ക്ക് ശേഷം നടന്‍ വിജയ് മാസ് മസാല സംവിധായകന്‍ ഗോപിചന്ദ് മല്ലിനേനിക്കൊപ്പം ഒന്നിക്കുമെന്ന് റിപ്പോര്‍ട്ട്. ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഉണ്ടായിട്ടില്ലെങ്കിലും വലിയ ചര്‍ച്ചയായിരിക്കുകയാണ് വാര്‍ത്ത.

‘ബോഡിഗാര്‍ഡ്’, ‘ബലുപു’, ‘പണ്ടാഗ ചെസ്‌കോ’, ‘വിന്നര്‍’, ‘ക്രാക്ക്’ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്റെ അവസാനം റിലീസ് ചെയ്ത ചിത്രം ‘വീര സിംഹ റെഡ്ഡി’യാണ്. സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നന്ദമുരി ബാലകൃഷ്ണ കേന്ദ്ര കഥാപാത്രമായ ചിത്രത്തിന് ഗംഭീര കളക്ഷനാണ് ലഭിച്ചത്. മലയാളി നടി ഹണി റോസ് ചിത്രത്തില്‍ നായികയായിരുന്നു.

നിലവില്‍ ലിയോയുടെ ചിത്രീകരണത്തിലാണ് വിജയ്. ലോകേഷിനൊപ്പം നടന്റെ രണ്ടാം സംരംഭമാണിത്. ‘മാസ്റ്ററി’ല്‍ ആണ് ഇരുവരും മുന്‍പ് ഒന്നിച്ചത്. മലയാളത്തില്‍ നിന്നും ബാബു ആന്റണി, മാത്യു തോമസ് എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്.

Read more

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ്എസ് ലളിത് കുമാര്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജഗദീഷ് പളനിസ്വാമിയാണ് സഹനിര്‍മ്മാണം. ചിത്രത്തിനായി അനിരുദ്ധ് ആണ് സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം മനോജ് പരമഹംസ. ഒക്ടോബര്‍ 19ന് ചിത്രം തിയേറ്ററുകളില്‍ റിലീസിനെത്തും.