പ്ലാസ്റ്റിക് സർജറി ഒന്നും വേണ്ട, കുറച്ചു ദിവസം വിശ്രമം വേണ്ടി വരും; വിഷ്ണു ഉണ്ണികൃഷ്ണൻ

സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റ നടൻ വിഷ്ണു ഉണ്ണികൃഷ്ണന്റെ പരിക്കുകൾ ​ഗുരുതരമല്ലെന്ന് നടൻ. തന്റെ പരുക്കിനെക്കുറിച്ച് വിഷ്ണു തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. തനിക്ക് സാരമായ പരുക്കുകൾ ഒന്നും തന്നെയില്ല. പ്ലാസ്റ്റിക് സർജറി വേണമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ കേട്ട് ആരും ഭയപ്പെടേണ്ടതില്ല. കുറച്ച് ദിവസത്തെ വിശ്രമത്തിന് ശേഷം താൻ തിരിച്ചെത്തും എന്നാണ് അദ്ദേഹം പറയുന്നത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

വിഷ്ണു ഉണ്ണികൃഷ്ണന്റെ വാക്കുകൾ:

സേ നോ ടു പ്ലാസ്റ്റിക്. പ്ലാസ്റ്റിക് സർജറി ഒന്നും വേണ്ടപ്പാ…!! പല പല വാർത്തകളും അഭ്യൂഹങ്ങളും കേട്ട് പേടിച്ച് എന്നെയും കൂട്ടുകാരെയും വീട്ടുകാരെയും ഒക്കെ വിളിച്ചും മെസ്സേജ് അയച്ചും വ്യസനിച്ച എല്ലാ പ്രിയപ്പെട്ടവർക്കും വേണ്ടിയാണ് ഈ ഫോട്ടോ പോസ്റ്റ് ചെയ്യുന്നത്.
“വെടിക്കെട്ട് ” സിനിമയുടെ ചിത്രീകരണത്തിനിടയിൽ നിലവിളക്കിലെ എണ്ണ വീണ് എന്റെ കൈകൾക്ക് പൊള്ളലേറ്റു. ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. കുറച്ചു ദിവസം വിശ്രമം വേണ്ടി വരും. ഭേദമായി തുടങ്ങിയാൽ ഉടനെ ഷൂട്ടിംഗ് പുനരാരംഭിക്കും. എല്ലാവരുടെയും പ്രാർത്ഥനയ്ക്കും സ്നേഹത്തിനും കരുതലിനും നന്ദി. എല്ലാവരോടും സ്നേഹം. എന്നാണ് വിഷ്ണു കുറിച്ചിരിക്കുന്നത്