59 വര്‍ഷത്തിന് ശേഷം നീലവെളിച്ചം വീണ്ടും എത്തുമ്പോൾ

വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന കഥയെ അടിസ്ഥാനമാക്കി ബഷീർ തന്നെ തിരക്കഥ എഴുതിയ മലയാളത്തിലെ ആദ്യത്തെ ഹൊറർ ചിത്രമാണ് ഭാർഗവീനിലയം.1964-ൽ പുറത്തിറങ്ങിയ ചിത്രം കാലത്തിന് മുൻപേ പിറന്ന പടമായിരുന്നു എന്ന് വേണമെങ്കിൽ പറയാം. ഏ വിൻസെന്റ് ആയിരുന്നു ചിത്രത്തിന്റെ സംവിധാനം. ഭാർഗവീനിലയം റിലീസ് ചെയ്ത് 59 വര്‍ഷങ്ങള്‍ക്ക് ശേഷം നീലവെളിച്ചം വീണ്ടും പുനരാവിഷ്കരിച്ച്‌ വെള്ളിത്തിരയിലെത്തുകയാണ്. റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, റോഷന്‍ മാത്യു , ഷൈന്‍ ടോം ചാക്കോ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ ആഷിഖ് അബു ആണ് സംവിധാനം ചെയ്യുന്നത്. ഋഷികേശ് ഭാസ്‌ക്കരനാണ് ചിത്രത്തിന്റെ അധിക തിരക്കഥ എഴുതിയിരിക്കുന്നത്.

സിനിമയിൽ എടുത്തു പറയേണ്ട മറ്റൊരു കാര്യം ഇതുവരെ പുറത്തിറക്കിയ ഗാനങ്ങളാണ്. ഭാർഗവീനിലയത്തിന് വേണ്ടി പി ഭാസ്കരൻ എഴുതിയ വരികൾക്ക് എം.എസ് ബാബുരാജ് സംഗീതം പകർന്ന മലയാളികളുടെ എക്കാലത്തെയും എവർ ഗ്രീൻ ഹിറ്റുകളായ താമസമെന്തേ വരുവാന്‍, അനുരാഗമധുചഷകം, ഏകാന്തതയുടെ അപാരതീരം എന്നീ ഗാനങ്ങളുടെ പുനരാവിഷ്കാരം പുറത്തിറങ്ങിയിരുന്നു. ബിജിബാലും റെക്‌സ് വിജയനും ചേര്‍ന്നാണ് നീലവെളിച്ചത്തിലെ ഗാനങ്ങള്‍ പുനരാവിഷ്‌കരിച്ചിരിക്കുന്നത്.

പി ഭാസ്‌ക്കരന്‍ മാസ്റ്റര്‍ വരികളെഴുതി യേശുദാസ് ആലപിച്ച താമസമെന്തേ വരുവാൻ എന്ന ഗാനത്തിന്റെ പുതിയ പതിപ്പ് മലയാളത്തിന്റെ സ്വന്തം ഷഹബാസ് അമനാണ് പാടിയിരിക്കുന്നത്. ചിത്രത്തിൽ ടൊവിനോ ആണ് ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. ടോവിനോയുടെ വേറിട്ട ലുക്ക് ആസ്വാദക ശ്രദ്ധ നേടിക്കഴിഞ്ഞു. മാത്രമല്ല, പാട്ടും ഇതിനകം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. എസ്. ജാനകി ആലപിച്ച അനുരാഗമധുചഷകം എന്ന ഗാനത്തിന്റെ പുതിയ രൂപം കെ.എസ് ചിത്രയാണ് ആലപിച്ചിരിക്കുന്നത്. റിമ കല്ലിങ്കൽ , റോഷൻ, ഷൈൻ ടോം ചാക്കോ എന്നിവർ ഗാനരംഗത്തിലെത്തുന്നുണ്ട്. മലയാളത്തിലെ നടിമാരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ഈ ഗാനം പുറത്തിറക്കിയത്. പി.ഭാസ്‌കരന്‍ മാസ്റ്റര്‍ വരികളെഴുതി എം.എസ് ബാബുരാജ് ഈണം പകര്‍ന്ന് എന്ന അനശ്വര ഗാനമാണ് ‘ഏകാന്തതയുടെ അപാരതീരം’. മലയാളികൾ നെഞ്ചേറ്റിയ ഈ ഗാനം കമുകറ പുരുഷോത്തമന്‍ ആണ് ആലപിച്ചിരുന്നത്. ഗാനത്തിന്റെ പുതിയ പതിപ്പും ഷഹബാസ് അമൻ തന്നെയാണ് ആലപിച്ചിരിക്കുന്നത്.

ചെമ്പന്‍ വിനോദ് ജോസ്, ജെയിംസ് ഏലിയാസ്, ജയരാജ് കോഴിക്കോട്, ഉമാ കെ. പി, അഭിറാം രാധാകൃഷ്ണന്‍, രഞ്ജി കങ്കോല്‍, ജിതിന്‍ പുത്തഞ്ചേരി, നിസ്തര്‍ സേട്ട്, പ്രമോദ് വെളിയനാട്, തസ്‌നീം, പൂജ മോഹന്‍ രാജ്, ദേവകി ഭാഗി, ഇന്ത്യന്‍ എന്നിവരാണ് സിനിമയിൽ അഭിനയിക്കുന്ന മറ്റ് താരങ്ങൾ. മലയാളത്തിന്റെ പ്രിയതാരം കുതിരവട്ടം പപ്പുവിന് വഴിത്തിരിവായ ചിത്രം കൂടിയാണ് ഭാര്‍ഗവിനിലയം. ഭാര്‍ഗവീനിലയത്തിൽ കുതിരവട്ടം പപ്പുവിന്റെ കഥാപാത്രത്തെ നീലവെളിച്ചത്തില്‍ രാജേഷ് മാധവനാണ് അവതരിപ്പിക്കുന്നത്.

ബഷീറിന്റെ തൂലികയിൽ പിറന്ന എഴുത്തുകളെല്ലാം മലയാളികൾക്ക് എന്നും അത്രമേൽ പ്രിയപ്പെട്ടതാണ്. എഴുതാൻ വേണ്ടി എഴുത്തുകാരനെന്ന സ്ഥാനം നേടിയല്ല ബഷീർ കഥകൾ എഴുതിത്തുടങ്ങിയത്. സമൂഹത്തോടുള്ള സംവാദമാണ് ഓരോ കഥകളിലും ഓരോ വരികളിലും കാണാൻ സാധിക്കാറുള്ളത്. സാഹിത്യലോകത്തിൽ പകരം വെക്കാനില്ലാത്ത ബഷീറിന്റെ ശൈലിയും ലാളിത്യവും സഹജീവികളോടുള്ള സ്നേഹവും മതിലുകൾക്കപ്പുറം മറഞ്ഞു നിന്ന് മലയാളികളെ വീർപ്പുമുട്ടിച്ച പ്രണയവും എല്ലാം ആവേശവും അത്ഭുതവും ആണ് സിനിമ പ്രേമികൾക്ക്. ഒരേ കഥ തന്നെ പലരും സിനിമയാക്കിയ ചരിത്രം ഒരുപാടുണ്ട്. എന്നാൽ ഒരു തിരക്കഥയിൽ നിന്നുതന്നെ രണ്ട് സിനിമകൾ ഒരുക്കുന്നത് ലോക ചരിത്രത്തിൽ തന്നെ അപൂർവ്വമായിരിക്കും. ബഷീറിന്റെ നീല വെളിച്ചം പുതിയ കാലഘട്ടത്തിൽ എങ്ങനെ വെള്ളിവെളിച്ചത്തിൽ എത്തുമെന്ന് അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.