സോഫിയ കൊപ്പോള മുതൽ റിമ ദാസ് വരെ; സമകാലിക ലോക സിനിമയിലെ സ്ത്രീ ശബ്ദങ്ങൾ

ഒരു പുരുഷ/പിതൃ കേന്ദ്രീകൃത സമൂഹത്തിൽ നിന്നുകൊണ്ട് സ്ത്രീകൾ എല്ലാ മേഖലയിലും നേട്ടം കൈവരിക്കുന്നത് അഭിനന്ദനാർഹമായ കാര്യമാണ്. പ്രാതിനിധ്യമെന്നത് എപ്പോഴും പ്രധാനപ്പെട്ട കാര്യമായതുകൊണ്ട് തന്നെ പുരോഗതി കൈവരിച്ചു എന്ന് പറയുന്ന ഇന്നത്തെ കാലത്തും സ്ത്രീകൾ പല മേഖലയിലും പിന്നിലാണ്.

സിനിമ എന്ന ജനകീയ മാധ്യമമെടുത്ത് നോക്കിയാലും ഇത്തരത്തിലുള്ള പ്രാതിനിധ്യ കുറവ് കാണാൻ സാധിക്കും. എന്നാൽ അതിന് പിന്നിലുള്ള സാമൂഹിക- രാഷ്ട്രീയ അടരുകൾ നിരവധിയാണെന്ന് നമുക്കറിയാം. നാം ജീവിക്കുന്ന സമൂഹത്തിന്റെ ഒരു പ്രതിഫലനമെന്ന പോലെ സിനിമയിലും അതിന്റെ എല്ലാ മേഖലയിലും പുരുഷന്മാരാണ് കൂടുതലെന്ന സ്വാഭാവികത നമുക്ക് കാണാൻ കഴിയും.

എന്നാൽ ലോക സിനിമയിൽ ഇന്ന് നമുക്ക് എണ്ണം പറഞ്ഞ വനിതാ സംവിധായകരുണ്ട്. 2021-ൽ മികച്ച സിനിമയ്ക്കും മികച്ച സംവിധായികയ്ക്കും ‘നൊമാഡ്ലാന്റ്’ എന്ന ചിത്രത്തിലൂടെ അക്കാദമി പുരസ്കാരം ഏറ്റുവാങ്ങിയ ക്ലോയ് ഷാവോ സമകാലിക ലോക സിനിമയിലെ മികച്ച ഫിലിം മേക്കേഴ്സിലൊരാളാണ്. ‘സോങ്സ് മൈ ബ്രദേഴ്സ് ടോട്ട് മീ’ എന്ന സിനിമയാണ് ഷാവോയുടെ ആദ്യ ഫീച്ചർ ഫിലിം. ചിത്രത്തിന്റെ നിർമ്മാതാവും എഡിറ്ററും ഷാവോ തന്നെയായിരുന്നു. 2021-ൽ പുറത്തിറങ്ങിയ ‘എറ്റേണൽസ്’ എന്ന സൂപ്പർ ഹീറോ ചിത്രമാണ് ഷാവോയുടെ ഏറ്റവും പുതിയ ചിത്രം.

Chloé Zhao seconde femme meilleure réalisatrice Oscars - Challenges

ക്ലോയ് ഷാവോ

കഴിഞ്ഞ വർഷം ആഗോള ബോക്സ്ഓഫീസ് കളക്ഷനിൽ റെക്കോർഡ് കളക്ഷൻ സ്വന്തമാക്കിയ ചിത്രത്തിന്റെ അമരത്തുള്ളത് ഒരു സ്ത്രീ ആയിരുന്നു. നടിയും,എഴുത്തുകാരിയും ഫിലിം മേക്കറുമായ ഗ്രേറ്റ ഗെർവിഗിന്റെ ‘ബാർബി’ എന്ന ചിത്രം 144 കോടി യു. എസ് ഡോളറാണ് കഴിഞ്ഞ വർഷം സ്വന്തമാക്കിയത്. ഒപ്പം റിലീസ് ചെയ്ത ക്രിസ്റ്റഫർ നോളൻ ചിത്രം ‘ഓപ്പൺഹൈമറി’നെ പിന്നിലാക്കിയാണ് ഗ്രേറ്റയുടെ ബാർബി ഈ നേട്ടം സ്വന്തമാക്കിയതെന്നും ശ്രദ്ധേയമായ കാര്യമാണ്.

Greta Gerwig on Barbie's Success and Directing More Movies

ഗ്രേറ്റ ഗെർവിഗ്

2008-ൽ പുറത്തിറങ്ങിയ ‘നൈറ്റ്സ് ആന്റ് വീക്കന്റ്’ എന്ന ചിത്രമാണ് ഗ്രേറ്റയുടെ ആദ്യ ഫീച്ചർ ഫിലിം. പിന്നീട് പുറത്തിറങ്ങിയ ‘ലേഡി ബേഡ്’, ‘ലിറ്റിൽ വുമൺ’ എന്നീ ചിത്രങ്ങളും മികച്ച പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ സിനിമകളാണ്. 2012-ൽ പുറത്തിറങ്ങിയ ‘ഫ്രാൻസെസ് ഹാ’ എന്ന ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചതും ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതിയതും ഗ്രേറ്റ തന്നെയായിരുന്നു.

ലോക സിനിമയിലെ മറ്റൊരു മികച്ച ഫിലിം മേക്കറാണ് ജെയ്ൻ കാമ്പിയോൺ. 2021-ൽ പുറത്തിറങ്ങിയ ‘ദി പവർ ഓഫ് ഡോഗ്’ എന്ന ചിത്രത്തിലൂടെ മികച്ച സംവിധായികയ്ക്കുള്ള പുരസ്കാരം കരസ്ഥമാക്കിയ ജെയ്ൻ കാമ്പിയോൺ 1993-ൽ ‘ദി പിയാനോ’ എന്ന ചിത്രത്തിലൂടെ കാൻ ഫിലിം ഫെസ്റ്റിവലിൽ പാം ഡി ഓർ പുരസ്കാരവും സ്വന്തമാക്കിയിരുന്നു. ഇതുവരെ പതിനൊന്നോളം ഫീച്ചർ സിനിമകൾ സംവിധാനം ചെയ്ത ജെയ്ൻ ലോക സിനിമയിലെ മികച്ച സംവിധായകരുടെ കൂട്ടത്തിൽ ഉൾപ്പെടുന്ന ഒരാൾ കൂടിയാണ്.

Jane Campion becomes third woman to win the best director Oscar | The Hill

ജെയ്ൻ കാമ്പിയോൺ

‘ക്യാഫർണം’ എന്ന ലബനീസ് ചിത്രത്തിലൂടെ ലോകസിനിമാ പ്രേക്ഷകർക്കിടയിൽ ചർച്ചയായ പേരാണ് നദീൻ ലബാക്കി എന്ന ലെബനീസ് ഫിലിംമേക്കറുടേത്. 2018 കാൻ ഫിലിം ഫെസ്റ്റിവലിൽ സ്പെഷ്യൽ ജൂറി പുരസ്കാരം നേടിയ ചിത്രം കുടിയേറ്റത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികളുടെ മാനസിക സംഘർഷങ്ങളും രാഷ്ട്രീയവും ചർച്ച ചെയ്യുന്നു.

Nadine Labaki - IMDb

നദീൻ ലബാക്കി

ലബാക്കിയുടെ ആദ്യ ചിത്രം ‘ക്യാരമൽ’ മികച്ചൊരു സ്ത്രീപക്ഷ സിനിമ കൂടിയാണ്. അഞ്ച് ലെബനീസ് സ്ത്രീകളുടെ മാനസിക സംഘർഷങ്ങളും മറ്റും ചർച്ചചെയ്യുന്നു. കൂടാതെ ‘വെയർ ടു വീ ഗോ’, ‘റിയോ ഐ ലവ് യു’ എന്നീ ചിത്രങ്ങളും മികച്ച പ്രേക്ഷക- നിരൂപക പ്രശംസകൾ നേടിയ ചിത്രമാണ്.

വിഖ്യാത ഫിലിം മേക്കർ ഫ്രാൻസിസ് ഫോർഡ് കൊപ്പോളയുടെ മകളായ സോഫിയ കൊപ്പോളയും ഇന്ന് ലോക സിനിമയിലെ മികച്ച സംവിധായകരിൽ ഒരാളാണ്. 1999-ൽ പുറത്തിറങ്ങിയ ‘ദി വിർജിൻ സൂയിസൈഡ്സ്’ എന്ന ഏറെ പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ ചിത്രമാണ് സോഫിയയുടെ ആദ്യ ഫീച്ചർ ഫിലിം. ജെഫ്രി യൂജെന്നിഡസിന്റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് സോഫിയ ചിത്രമൊരുക്കിയത്.

Sofia Coppola slams Apple for nixing Edith Wharton series - Los Angeles Times

സോഫിയ കൊപ്പോള

യുവതികളായ അഞ്ച് സഹോദരിമാരുടെ മാനസിക സംഘർഷങ്ങൾ ചർച്ച ചെയ്ത ചിത്രം ആ വർഷത്തെ കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരുന്നു. 2003-ൽ പുറത്തിറങ്ങിയ സോഫിയയുടെ ‘ലോസ്റ്റ് ഇൻ ട്രാൻസ്ലേഷൻ’ എന്ന ചിത്രവും ഏറെ നിരൂപക പ്രശംസകൾ നേടിയ ചിത്രമാണ്. ബോബ് ഹാരിസ് എന്ന അമേരിക്കൻ നടൻ ഒരു പരസ്യ ചിത്രത്തിന്റെ ചിത്രീകരണത്തിനായി ടോക്കിയോയിൽ എത്തുന്നതും തുടർന്ന് ഷാർലറ്റ് എന്ന യുവതിയെ പരിചയപ്പെടുന്നതും അവർ തമ്മിലുള്ള സൌഹൃദവും ഏകാന്തതയും ചർച്ച ചെയ്ത ചിത്രം മികച്ച തിരക്കഥയ്ക്കുള്ള ആ വർഷത്തെ അക്കാദമി അവാർഡും സ്വന്തമാക്കിയിരുന്നു. 2003-ൽ പുറത്തിറങ്ങിയ ‘പ്രിസില’ എന്ന ചിത്രമാണ് സോഫിയ കൊപ്പോളയുടെ ഏറ്റവും പുതിയ ചിത്രം.

ഇറാനിയൻ സംവിധായിക സമീറ മക്ക്മൽബാഫ് ലോക സിനിമയിൽ ഇറാൻ എന്ന രാജ്യത്തെ അടയാളപ്പെടുത്തിയ ഫിലിംമേക്കഴ്സിൽ ഒരാളാണ്. സമീറയുടെ ‘ദി ആപ്പിൾ’, ‘ബ്ലാക്ക്ബോർഡ്സ്’, ‘ടു ലെഗ്ഗ്ഡ് ഹോഴ്സ്’ തുടങ്ങീ ചിത്രങ്ങൾ നിരവധി പ്രേക്ഷക- നിരൂപക പ്രശംസകൾ നേടിയതും ഇറാനിലെ രാഷ്ട്രീയ- സാമൂഹിക പശ്ചാത്തലങ്ങൾ ചർച്ച ചെയ്യുന്ന ചിത്രങ്ങൾ കൂടിയാണ്. കാൻ ഫിലിം ഫെസ്റ്റിവലിൽ 2 തവണ സ്പെഷ്യൽ ജൂറി പുരസ്കാരം നേടിയ ഫിലിം മേക്കർ കൂടിയാണ് സമീറ മക്ക്മൽബാഫ്.

Photo de Samira Makhmalbaf - L'Enfant-cheval : Photo Samira Makhmalbaf - Photo 10 sur 20 - AlloCiné

സമീറ മക്ക്മൽബാഫ്

ബർഗ്മാനെയും സത്യജിത് റേയെയും മജീദ് മജീദിയെയും ഇഷ്ടപ്പെടുന്ന, ഇന്ത്യയിലെ ആസ്സാമിൽ നിന്നുള്ള റിമ ദാസ് അതിഗംഭീരമായ സിനിമകൾ ചെയ്തിട്ടുള്ള ഫിലിം മേക്കറാണ്. 2009 ലാണ് പ്രദ എന്ന ഷോർട്ട് ഫിലിമിലൂടെയാണ് റിമയും സിനിമാ ലോകത്തിലേക്ക് വരുന്നത്. പിന്നീട് 2013 ലാണ് തന്റെ ആദ്യ സിനിമയായ ‘അന്തർദൃഷ്ടി’ സംവിധാനം ചെയ്യുന്നത്.

Malti My Love' of Rima Das gets selected for Asian Project Market

റിമ ദാസ്

അതിനു ശേഷമാണ് ‘വില്ലേജ് റോക്ക്സ്റ്റാറും’, ‘ബുൾബുൾ കാൻ സിങ്ങും’ ചെയ്യുന്നത്. ആസ്സാമിന്റെ ഭൂപ്രകൃതി,സംസ്കാരം,മിത്തുകൾ തുടങ്ങീ എല്ലാത്തിന്റെയും പ്രതിനിധാനം സിനിമകളിൽ ഉൾക്കൊള്ളിച്ചുകൊണ്ടാണ് റിമ സിനിമാ പ്രേക്ഷകർക്കിടയിൽ തന്റെ സ്ഥാനമുറപ്പിച്ചത്. കേരളത്തിലെ ഭൂപ്രകൃതിയോട് അടുത്ത് നിൽക്കുന്ന ആസ്സാമിന്റെ ഭംഗി, അതിന്റെ ഏറ്റവും മനോഹരമായ രൂപത്തിൽ തന്നെ തന്റെ ഓരോ സിനിമകളിലും കൊണ്ടുവാരാൻ, തന്റെ ചിത്രങ്ങളുടെ ഛായാഗ്രഹകയും എഡിറ്ററും കൂടിയായ റിമ ശ്രദ്ധിക്കാറുണ്ട്. റിമ ദാസിന്റെ ഏറ്റവും പുതിയ ചിത്രമായ ‘തോറാസ് ഹസ്ബന്റ്’ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുകയും മികച്ച നിരൂപക പ്രശംസകൾ നേടുകയും ചെയ്തു.

കൂടാതെ അവ ഡുവെർനായ്, നോറ എഫ്രോൺ, ജോഡി ഫോസ്റ്റർ, മീര നായർ, അപർണ സെൻ, ദീപ മേഹ്ത, ഹാഫിയ അൽ മൻസൂർ, ഗീതു മോഹൻദാസ് തുടങ്ങീ നിരവധി പ്രതിഭകൾ ലോക സിനിമയിൽ തങ്ങളുടേതായ സ്ഥാനം അടയാളപ്പെടുത്തിയ ഫിലിംമേക്കേഴ്സാണ്.