'കൽക്കി 2898 എഡി' ക്കെതിരെ ഹോളിവുഡില്‍ നിന്നും കോപ്പിയടി ആരോപണം!

വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങളുമായി നാഗ് അശ്വിന്‍-പ്രഭാസ് ചിത്രം ‘കല്‍ക്കി 2898 എഡി’യുടെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസമാണ് എത്തിയത്. പ്രഭാസ്, ദീപിക പദുക്കോണ്‍, അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ശോഭന തുടങ്ങിയവര്‍ അണിനിരന്ന ട്രെയിലർ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ നോക്കി കണ്ടത്. എന്നാൽ ഇപ്പോഴിതാ ചിത്രത്തിനെതിരെ വീണ്ടും കോപ്പിയടി ആരോപണം ഉയർന്നിരിക്കുകയാണ്.

ഹോളിവുഡ് കൺസെപ്റ്റ് ആർട്ടിസ്റ്റായ ഒലിവർ ബൈക്ക് ആണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. കൽക്കി 2898 എഡിയുടെ നിർമ്മാതാക്കള്‍ ഈ ചിത്രത്തില്‍ സഹകരിക്കാൻ തന്നെ ആദ്യം സമീപിച്ചിരുന്നു എന്നും എന്നാല്‍ ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് ഇത് ഉപേക്ഷിക്കുകയായിരുന്നു എന്നും ഒലിവർ വെളിപ്പെടുത്തി. ഇതിന് ശേഷമാണ് ട്രെയിലറിൽ തൻ്റെ ചില വര്‍ക്കുകളോട് സാമ്യമുള്ള ചില വർക്കുകൾ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഒലിവർ ബെക്ക് എക്സിൽ രണ്ട് ചിത്രങ്ങൾ ഉൾപ്പെടുത്തി താരതമ്യം ചെയ്ത് നേരത്തെ ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. സ്റ്റാർ ട്രെക്കിന് വേണ്ടി ഞാൻ ചെയ്ത ചില വർക്കുകൾ: വൈജയന്തി മൂവീസ് അവരുടെ ട്രെയിലറിൽ ഇവ മോഷ്ടിച്ചത് കണ്ട് സങ്കടമുണ്ട്. ബെൻ ഹിബോണിൻ്റെയും അലസ്സാൻഡ്രോ ടൈനിയുടെയും നേതൃത്വത്തിൽ സ്റ്റാർ ട്രെക്കിനായി ഞാൻ ചെയ്ത മാറ്റ് പെയിൻ്റിംഗാണിത്, അത് ട്രെയിലറിൽ ദൃശ്യമാണ്’ എന്നായിരുന്നു ഒലിവർ കുറിച്ചത്.

ഇത് ആദ്യമായല്ല ചിത്രത്തിനെതിരെ കോപ്പിയടി ആരോപണം ഉയരുന്നത്. തങ്ങളുടെ കലാസൃഷ്ടികൾ കോപ്പിയടിച്ചെന്നാരോപിച്ച് സുങ് ചോയി എന്ന ആര്‍ടിസ്റ്റ് രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹോളിവുഡ് കൺസെപ്റ്റ് ആർട്ടിസ്റ്റും രംഗത്ത് വന്നിരിക്കുന്നത്.

ഇന്ത്യന്‍ മിത്തോളജിയിലെ പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നു കാണിക്കുന്ന ഒരു സയന്‍സ് ഫിക്ഷനാണിത്. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്ത് നിര്‍മ്മിക്കുന്ന ഈ ചിത്രം വേഫറര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.

‘കാശി, ‘കോംപ്ലക്സ്’, ‘ശംഭാള’ എന്നീ മൂന്ന് ലോകങ്ങളുടെ കഥയാണ് ‘കല്‍ക്കി 2898 എഡി’ പറയുന്നത് എന്ന സൂചനയാണ് ട്രെയ്‌ലര്‍ നല്‍കുന്നത്. അതിജീവനത്തിനായ് പോരാടുന്നവരുടെ അവസാനത്തെ നഗരമായിട്ടാണ് കാശിയെ ചിത്രീകരിച്ചിരിക്കുന്നത്.

വരേണ്യവര്‍ഗം നിയന്ത്രിക്കുന്നവര്‍ വസിക്കുന്ന ഇടമായ് ‘കോംപ്ലക്സ്’ അഥവാ പറുദീസയെയും ഈ പറുദീസയിലെ മനുഷ്യരാല്‍ പീഡിപ്പിക്കപ്പെടുന്നവരുടെ അഭയകേന്ദ്രമായ് പ്രവര്‍ത്തിക്കുന്ന ഇടമായ് ശംഭാളയെയും ചിത്രീകരിച്ചിരിക്കുന്നു. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ, ഇംഗ്ലീഷ് തുടങ്ങി ഒന്നിലധികം ഭാഷകളിലായാണ് സിനിമ എത്തുന്നത്.

ദിഷ പഠാനി, അന്ന ബെന്‍, പശുപതി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. നായിക കഥാപാത്രമായ ‘സുമതി’യെയാണ് ദീപിക അവതരിപ്പിക്കുന്നത്. ‘അശ്വത്ഥാമാവ്’ എന്ന കഥാപാത്രമായ് അമിതാഭ് ബച്ചനും ‘യാസ്‌കിന്‍’ എന്ന കഥാപാത്രമായ് കമല്‍ഹാസനും ‘ഭൈരവ’യായി പ്രഭാസും വേഷമിടുന്നു. ജൂണ്‍ 27ന് ആണ് റിലീസ്.

Read more