30 മീറ്റര്‍ ഉയരത്തില്‍ പറന്ന് ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍; പുതിയ ബോണ്ട് ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ വൈറല്‍

ജെയിംസ് ബോണ്ട് സീരിസിലെ 25-ാം ചിത്രം “നോ ടൈം ടു ഡൈ” റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പേ ചിത്രത്തില്‍ ഡിഫന്‍ഡര്‍ ഉപയോഗിച്ച് ചെയ്യുന്ന കിടിലന്‍ സ്റ്റണ്ട് മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ലാന്‍ഡ് റോവര്‍. ഏകദേശം 30 മീറ്റര്‍ ഉയരത്തില്‍ നിന്ന് താഴേയ്ക്ക് പതിപ്പിച്ച് മുന്നോട്ട് കുതിക്കുന്ന ഡിഫന്‍ഡറിന്റെ ദൃശ്യങ്ങളാണ് വീഡിയോയുടെ ഹൈലൈറ്റ്.

പ്രശസ്ത സ്റ്റണ്ട് കോര്‍ഡിനേറ്റര്‍ ലീ മൊറൈസണും ഓസ്‌കാര്‍ ജേതാവ് ക്രിസ് കോര്‍ബോള്‍ഡും ചേര്‍ന്നാണ് ഡിസ്‌കവറിയുടെ സ്റ്റണ്ട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ചിത്രത്തിന് വേണ്ടി പത്തു ഡിഫന്‍ഡറുകളാണ് ലാന്‍ഡ്‌റോവര്‍ നിര്‍മിച്ചു നല്‍കിയത്. വാഹനം ഓടിക്കുന്നവരുടെ സുരക്ഷയ്ക്കായി റോഡ് കേജുകള്‍ സ്ഥാപിച്ചു എന്നല്ലാതെ വിപണിയില്‍ ഇറങ്ങുന്ന വാഹനവുമായി വലിയ വ്യത്യാസങ്ങള്‍ വരുത്തിയിട്ടില്ലെന്നാണ് കമ്പനി പറയുന്നത്.

പിയേഴ്സ് ബ്രോസ്നനു ശേഷം ഏറ്റവും കൂടുതല്‍ ബോണ്ട് ചിത്രങ്ങളില്‍ നായകനായ ക്രെയ്ഗ് അവസാനമായി ബോണ്ടിന്റെ കുപ്പായമണിയുന്ന ചിത്രമാണിത്.് 2006 ല്‍ റിലീസ് ചെയ്ത കാസിനോ റോയല്‍ മുതല്‍ 007 ആയി വേഷമിട്ട താരം ക്വാണ്ടം ഓഫ് സൊളാസ്, സ്‌കൈഫാള്‍, സ്പെക്ട്ര എന്നിങ്ങനെ നാലു ചിത്രങ്ങളിലാണ് നായകനായത്. ഡാനിയല്‍ കാരി ജോജി ഫുക്വാങ്കയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഏപ്രിലില്‍ ചിത്രം റിലീസിനെത്തും.