ആൻ അഗസ്റ്റിനെ നായികയാക്കി ലാൽ ജോസ് സംവിധാനം ചെയ്ത് 2010 ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘എൽസമ്മ എന്ന ആൺകുട്ടി’. ഇപ്പോഴിതാ സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ ചില അനുഭവങ്ങൾ തുറന്നുപറയുകയാണ് സംവിധായകൻ ലാൽ ജോസ്.
“എൽസമ്മ എന്ന ആൺകുട്ടിയിൽ ചാക്കോച്ചനും ഇന്ദ്രജിത്തുമാണ് പ്രധാന പുരുഷവേഷങ്ങൾ ചെയ്തത്. ആർക്കും ഒരു അപകർഷതാ ബോധം തോന്നേണ്ട എന്ന് കരുതിയാണ് രണ്ടുപേർക്കും ഒരുപോലെ പ്രാധാന്യം നൽകി പോസ്റ്ററുകൾ ഒക്കെ അടിച്ചത്. സിനിമ നല്ല വിജയമായിരുന്നു. അതിന്റെ സന്തോഷത്തിലിരിക്കുമ്പോഴാണ് ‘ചേട്ടാ ഈ സിനിമകൊണ്ട് എനിക്ക് യാതൊരു ഗുണവുമില്ല. ചാക്കോച്ചനും ആൻ അഗസ്റ്റിനും പ്രയോജനമുണ്ടാവും’ എന്ന് പറഞ്ഞ് ഇന്ദ്രജിത്ത് വിളിക്കുന്നത്.”
”നിനക്ക് ഗുണമുണ്ടാവാൻ വേണ്ടിയല്ല ഈ സിനിമ ചെയ്തതെന്നും സിനിമയ്ക്കും നിർമ്മാതാവിനും ഗുണമുണ്ടാവാൻ വേണ്ടിയാണ് ഇത് ചെയ്തതെന്നും അത് ലക്ഷ്യത്തിലെത്തിയെന്നും ഞാൻ മറുപടി പറഞ്ഞു. എന്തിനാണ് ഇന്ദ്രജിത്ത് അങ്ങനെ പറഞ്ഞതെന്ന് എനിക്ക് ഇന്നുമറിയില്ല.” സഫാരി ടി. വിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് ലാൽ ജോസ് തന്റെ അനുഭവം പങ്കുവെച്ചത്.
റിലീസിന് മുന്നെയുള്ള സിനിമയുടെ സ്പെഷ്യൽ ഷോ കണ്ടതിന് ശേഷം ഈ സിനിമയിൽ അഭിനയിച്ചവർ തന്നെ അവർക്കാർക്കും ഇത് ഇഷ്ടമായില്ലെന്ന് പറഞ്ഞതായും ലാൽ ജോസ് മനസുതുറന്നിരുന്നു.
Read more
മലയാള സിനിമയിൽ ആൻ അഗസ്റ്റിൻ അരങ്ങേറ്റം കുറിച്ച സിനിമ കൂടിയായിരുന്നു എൽസമ്മ എന്ന ആൺകുട്ടി. ജഗതി ശ്രീകുമാർ, നെടുമുടി വേണു, കെ. പി. എ. എസി ലളിത, വിജയരാഘവൻ, മണികുട്ടൻ തുടങ്ങീ നിരവധി താരങ്ങളും ചിത്രത്തിൽ വേഷമിട്ടിരുന്നു.