ആരാധകര്‍ക്ക് ആവേശം, മറ്റുള്ളവര്‍ക്ക് അത്യാഹിതം.

ജോമോന്‍ തിരു */5

എഴുപതുകള്‍ മുതലുള്ള മലയാളസിനിമാ ചരിത്രത്തിലേയ്ക്ക് ഒന്ന് കണ്ണോടിക്കുകയാണെങ്കില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളും ഉന്നതമായ ആസ്വാദന നിലവാരവും സൃഷ്ടിച്ച ഇന്‍ഡസ്ട്രിയാണ് മലയാളം. ആ കാലഘട്ടങ്ങളിലിറങ്ങിയ മിക്ക ചിത്രങ്ങളും കാലാതീതമായി നിലകൊള്ളുന്നവയാണ്. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയോ? ഇന്ന് താരാരാധകര്‍ തമ്മില്‍ ചേരിതിരിഞ്ഞ് യാതൊരു നിലവാരവുമില്ലാത്ത സിനിമകള്‍ വിജയിപ്പിക്കുകയും പരസ്പരം കടിച്ചുകീറുകയും ചെയ്യുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. പ്രധാനമായും സൂപ്പര്‍ താരങ്ങളുടെ ആരാധകര്‍ തമ്മിലുള്ള മത്സരങ്ങളാണ് ഇത്തരം പാഴ് സിനിമകള്‍ വിജയിക്കുവാന്‍ കാരണമായിത്തീരുന്നത്.

ആരാധകര്‍ക്ക് തിമിര്‍ക്കുവാന്‍ വേണ്ടി മാത്രമായിറങ്ങുന്ന അന്യഭാഷാ ഫോര്‍മുലാ അവതരണങ്ങള്‍ക്ക് തുടക്കം കുറിച്ചത് മോഹന്‍ലാലാണ്. പതിനേഴു വര്‍ഷങ്ങള്‍ക്കുമുന്‍പ് “നരസിംഹം” നേടിയെടുത്ത വന്‍ ജനസ്വീകാര്യത, ഒരേ അച്ചില്‍ വാര്‍ത്തെടുക്കപ്പെട്ട ചിത്രങ്ങള്‍ക്ക് കുറിച്ച “ഹരിശ്രീ” ആയിരുന്നു. ഇതേ ശ്രേണിയില്‍ “ഉടല്‍മാറ്റ ശസ്ത്രക്രിയ” നടത്തിക്കൊണ്ട് മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരുടെ ആരാധകരെ തൃപ്തിപ്പെടുത്തുവാനായി നായകപരിവേഷത്തില്‍ ഊന്നിയ നിരവധി ചിത്രങ്ങളിറങ്ങുകയും അവയില്‍ വളരെ കുറച്ചു ചിത്രങ്ങള്‍ മാത്രം വിജയിക്കുകയും ബാക്കിയുള്ളവ നിലം തൊടാതെ പരാജയങ്ങളേറ്റുവാങ്ങുകയും ചെയ്തിട്ടുണ്ട്.

താണ്ഡവം, വല്യേട്ടന്‍, ഒന്നാമന്‍, ഉസ്താദ്, നാട്ടുരാജാവ്, രാവണപ്രഭു, പ്രജ, ദ്രോണ, തുടങ്ങി “രാജാ” പരമ്പര വരെയുള്ള ചിത്രങ്ങളെ ഈ ഗണത്തില്‍പ്പെടുത്താവുന്നതാണ്. ക്രമേണ പ്രേക്ഷകന്‍ തന്നെ ആവര്‍ത്തനവിരസമായ ഇത്തരം ചിത്രങ്ങളെ നിഷ്‌കരുണം തള്ളിക്കളഞ്ഞുതുടങ്ങി. ആ സമയത്താണ് നവതലമുറ സിനിമകളുടെ വരവും. അതോടുകൂടി പൊതുപ്രേക്ഷകര്‍ സൂപ്പര്‍താര ഫോര്‍മുലാ നിര്‍മ്മിതികളെ ഏതാണ്ട് പൂര്‍ണ്ണമായും കയ്യൊഴിഞ്ഞു.

ഉത്സവകാലങ്ങളില്‍ ഒരു ഹിറ്റ് സൃഷ്ടിക്കുവാനായി തിരക്കഥാകൃത്തുക്കള്‍ എന്ത് വിഡ്ഢിത്തരങ്ങള്‍ എഴുതിയാലും പ്രേക്ഷകര്‍ അത് വാങ്ങി വിഴുങ്ങുമെന്ന ധാരണ ചില സംവിധായകര്‍ക്കുണ്ട്. സംഘട്ടന സംവിധായകര്‍ അന്യഭാഷാ “ഇടികൊള്ളല്‍ തൊഴിലാളി”കളായ സഹനടന്മാരെ വായുവില്‍ പറപ്പിച്ചും, എടുത്താല്‍ പൊങ്ങാത്ത ആക്ഷന്‍ രംഗങ്ങള്‍ ചെയ്യിച്ചും പ്രായത്തില്‍ മൂത്ത, ആണ്‍ പെണ്‍ സഹതാരങ്ങളേക്കൊണ്ട് അസ്വാഭാവികമായ ബില്‍ഡപ്പ് നല്‍കിയും ഇങ്ങനെ കഷ്ടപ്പെടുന്നതു കാണുമ്പോള്‍ മലയാള വാണിജ്യ സിനിമയുടേയും മമ്മൂട്ടിയുടേയും നല്ലകാലത്തേക്കുറിച്ച് ഒന്ന് പരിചിന്തിക്കേണ്ടതാണ്.

ന്യൂഡല്‍ഹി, കൗരവര്‍, സാമ്രാജ്യം, ധ്രുവം, പരമ്പര തുടങ്ങി എണ്‍പതുകളിലും തൊണ്ണൂറുകളിലും മമ്മൂട്ടിയുടേതായിറങ്ങി എക്കാലവും ശോഭിച്ചുനില്‍ക്കുന്ന വളരെ ചെറിയ ബഡ്ജറ്റില്‍ ഒരുങ്ങിയ ചിത്രങ്ങളെല്ലാം പ്രേക്ഷകനെ ആവേശം കൊള്ളിക്കുന്ന വിധത്തിലുള്ളവയായിരുന്നെങ്കില്‍ ഇവ കണ്ട് മമ്മൂട്ടിയുടെ ആരാധകരായവര്‍ക്ക്, ആ ആവേശക്കാഴ്ച്ചകളുടെ ഓര്‍മ്മകള്‍ ഇന്നും മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്ക്, ഈ “മാസ്റ്റര്‍പീസ്” പരാക്രമം കണ്ട് നിരാശപ്പെടാനേ നിവൃത്തിയുള്ളൂ. തമിഴ്നാട്ടില്‍ പോലും നന്നായി ഓടിയ ആ ചിത്രങ്ങള്‍ സൃഷ്ടിച്ച ആവേശത്തിരയുടെ ഒരു ശതമാനം പോലും ചലനമുണ്ടാക്കാന്‍ ഈ അന്യഭാഷാ ഫോര്‍മുലാ അനുകരണങ്ങള്‍ക്ക് സാധിക്കുന്നില്ല. എങ്കില്‍ പോലും വര്‍ഷങ്ങള്‍ക്കിപ്പുറം “പുലിമുരുകന്‍” നേടിയ വാണിജ്യവിജയം താരപ്രാധാന്യമുള്ള ചിത്രങ്ങള്‍ക്ക് ഒരുണര്‍വ്വ് തന്നെയായിരുന്നു.

പുലിമുരുകനുശേഷം ഉദയ്കൃഷ്ണ തിരക്കഥയൊരുക്കുന്ന “മാസ്റ്റര്‍പീസ്” വാര്‍ത്തകളില്‍ ഇടം നേടിയത് സിനിമയിലെ മറ്റ് ചില വ്യക്തിസാന്നിധ്യങ്ങളിലൂടെയായിരുന്നു. സന്തോഷ് പണ്ഡിറ്റ്, ഉണ്ണി മുകുന്ദന്‍ തുടങ്ങിയ നടന്മാര്‍ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കുകയാണ്. മമ്മൂട്ടി എന്ന നടനെ, അദ്ദേഹം തിരഞ്ഞെടുക്കുന്ന തിരക്കഥകളുടെ അടിസ്ഥാനത്തില്‍ പരിഹാസവസ്തുവായി പ്രതിഷ്ഠിച്ച പരാജയ ശൃംഖലയുടെ ആദ്യകണ്ണി 2011-ല്‍ പുറത്തിറങ്ങിയ ഷാജി കൈലാസിന്റെ “ആഗസ്റ്റ് 15” ആയിരുന്നെങ്കില്‍ അതിനു തൊട്ടുമുന്‍പത്തെ വര്‍ഷമിറങ്ങിയ “ബെസ്റ്റ് ആക്ടര്‍” എല്ലാത്തരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തിയ ചിത്രമായിരുന്നു. “ബെസ്റ്റ് ആക്ടറി”ല്‍ മമ്മൂട്ടി ഒരു കോളേജില്‍ പ്രത്യക്ഷപ്പെടുന്ന സീനുണ്ട്. ഏറെ കയ്യടിലഭിച്ച ഈ രംഗം “മാസ്റ്റര്‍പീസ്” സിനിമയുടെ ടീസറില്‍ കണ്ട ചില രംഗങ്ങളുമായി ചിലരെങ്കിലും താരതമ്യം നടത്തിയേക്കാം.

ഇത്തവണ മമ്മൂട്ടി ക്യാമ്പസ്സിലെത്തുന്നത് ഒരു അസോസിയേറ്റ് പ്രൊഫസറുടെ വേഷത്തിലാണ്. ട്രാവന്‍കൂര്‍ മഹാരാജാ കോളേജിലെ രണ്ട് ഗാങുകളാണ് റോയല്‍ വാരിയേഴ്‌സ് റിയല്‍ ഫൈറ്റേഴ്‌സ് എന്നിവ. ഈ രണ്ട് ടീമുകളും തമ്മിലുള്ള കിടമത്സരത്തിന്റെ ഭാഗമായി കോളേജില്‍ വിവിധ അടിപിടിക്കേസുകള്‍ അരങ്ങേറാറുണ്ട്. ഉണ്ണികൃഷ്ണന്‍ എന്ന ശുദ്ധഗതിക്കാരനായ വിദ്യാര്‍ത്ഥി സാഹചര്യവശാല്‍ ഇതിലൊരു ടീമിനൊപ്പം ചേരുകയും ഇതുമായി ബന്ധപ്പെട്ട് ഒരു വിദ്യാര്‍ത്ഥിനി മരണപ്പെടുകയും ചെയ്യുന്നു. കോളേജില്‍ പുതുതായി വന്നെത്തുന്ന അസോസിയേറ്റ് പ്രൊഫസറായ എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ കുട്ടികളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നു.

പ്രായം മാത്രമല്ല, മമ്മൂട്ടി എന്ന നടന്റെ വിവേകവും റിവേഴ്‌സ് ഗിയറിലാണ് എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് “മാസ്റ്റര്‍പീസ്.” ഏതാണ്ട് പൂര്‍ണ്ണമായും കോളേജ് പശ്ചാത്തലത്തില്‍ പറഞ്ഞുതീര്‍ക്കുന്ന കഥ പ്രേക്ഷകന് അല്‍പ്പം പോലും രസം പകരുന്നില്ല. കാലങ്ങളായി വിവിധഭാഷാ ചിത്രങ്ങളില്‍ കണ്ടുവരുന്ന നിരവധി ക്ലീഷേകള്‍ ഉള്‍ക്കൊള്ളിക്കപ്പെട്ട പരമദരിദ്രമായ തിരക്കഥയുടെ അവതരണമാണ് മാസ്റ്റര്‍പീസ്. ചിത്രത്തിന്റെ ഏറ്റവും വലിയ പോരായ്മയും അതിന്റെ തിരക്കഥ തന്നെയാണ്. ഒരു അന്വേഷണവുമായി ബന്ധപ്പെട്ട കഥയായിരുന്നിട്ടുകൂടി അല്‍പം പോലും യുക്തിപൂര്‍വ്വകമായി തിരക്കഥയൊരുക്കുവാന്‍ ഉദയ്കൃഷ്ണയ്ക്ക് കഴിഞ്ഞില്ല. ഇതേ പ്രമേയം തന്നെ കുറേക്കൂടി വിശ്വസനീയമായും സാമാന്യബുദ്ധിയുള്ള പ്രേക്ഷനേക്കൂടി തൃപ്തിപ്പെടുത്തുന്ന തരത്തിലുമാക്കാന്‍ പ്രതിഭയുള്ള ഒരു തിരക്കഥാകൃത്തിനു കഴിയുമായിരുന്നു.

മോഹന്‍ലാല്‍-ലാല്‍ ജോസ് ടീമിന്റെ “വെളിപാടിന്റെ പുസ്തക”വുമായി ചിത്രത്തിന് സാമ്യതകളേറെയാണ്. കോളേജിലെ ചേരിതിരിഞ്ഞുള്ള രണ്ട് സംഘങ്ങളുടെ അടിപിടി, അത് പരിഹരിക്കുവാനായി വന്നെത്തുന്ന നായകന്‍, അവിവാഹിതയായി, കോളേജിലേക്ക് തന്റെ പ്രായത്തിനു ചേരുന്ന പുരുഷന്‍ വന്നെത്തുന്നതും കാത്ത് ദിവസങ്ങള്‍ തള്ളിനീക്കുന്ന സുന്ദരിയായ അധ്യാപിക, വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി നടത്തുന്ന അന്വേഷണങ്ങള്‍ ഇതെല്ലാം “മാസ്റ്റര്‍ പീസി”ലെയും കാഴ്ചകളാണ്. ഒമര്‍ ലുലു ചിത്രമായ “ചങ്ക്‌സി”നെ അനുസ്മരിപ്പിക്കും വിധത്തില്‍ അധ്യാപികയുടെ ശരീരപ്രദര്‍ശനവും അതുനോക്കിയിരിക്കുന്ന വിദ്യാര്‍ത്ഥികളേയും മാസ്റ്റര്‍ പീസിലും കാണാം. അശ്ലീലസംഭാഷണങ്ങളുടെ അകമ്പടിയും ചിത്രത്തിലുണ്ടായിരുന്നു.

ആദ്യപകുതി ഏതാണ്ട് പൂര്‍ണ്ണമായും “വെളിപാടിന്റെ പുസ്തക”ത്തെ അനുകരിക്കുമ്പോള്‍ രണ്ടാം പകുതി, ചിത്രത്തെ ഒരു ത്രില്ലറാക്കിത്തീര്‍ക്കുവാനുള്ള സംവിധായകന്റെ വിഫലശ്രമമായിരുന്നു. കുറ്റവാളി ആരെന്ന് ഏതൊരാള്‍ക്കും ഊഹിച്ചെടുക്കാം എന്നതിനാല്‍, കൂട്ടിച്ചേര്‍ത്തിരിക്കുന്ന കഥാപാത്ര രൂപാന്തരീകരണവും ട്വിസ്റ്റുകളും അല്‍പ്പം പോലും ഏശിയില്ല. സംഘട്ടനരംഗങ്ങള്‍ക്കിടയില്‍ വടിവാള്‍, തോക്ക് മുതലായവ ഉപയോഗപ്പെടുത്തിയിട്ടുണ്ടെങ്കിലും ഹോക്കി സ്റ്റിക്കുകള്‍ക്കാണ് സംവിധായകന്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയത്. ചിത്രം അവസാന ഭാഗങ്ങളിലേയ്‌ക്കെത്തുമ്പോള്‍ കാണുന്ന നായകനും നിയമപാലകരും തമ്മിലുള്ള ഒളിച്ചുകളിയും നായകന്റെ ബുദ്ധിവൈഭവവുമൊന്നും ലവലേശം ത്രില്‍ നല്‍കുന്നില്ല. കേസന്വേഷണങ്ങളും ബന്ധപ്പെട്ട സംഭവങ്ങളും, അധ്യാപക നിയമനങ്ങളുമെല്ലാം പ്രേക്ഷകന്റെ യുക്തിയെ ചോദ്യം ചെയ്യും വിധത്തിലുള്ളതാണ്.

ഒരു മാസ്സ് ചിത്രത്തെ സംബന്ധിച്ചിടത്തോളം സംഭാഷണരംഗങ്ങള്‍ക്ക് വളരെ പ്രാധാന്യമുണ്ട്. ഇവിടെ ഉദയ്കൃഷ്ണ എഴുതിയ സംഭാഷണരംഗങ്ങള്‍ അപക്വവും പരിതാപകരവുമാണ്. ശക്തവും ആവേശകരവുമായ സംഭാഷണങ്ങള്‍ക്കുപകരം “ഇടിവെട്ട് പ്രൊഫസര്‍” എന്നും “വെറും മാസല്ല ഗുണ്ടാ മാസ്സ്” എന്നും നായകനെ പ്രകീര്‍ത്തിക്കുന്ന കഥാപാത്രങ്ങള്‍, “മാതാപിതാക്കള്‍ക്ക് മക്കളേക്കുറിച്ച് ഉത്കണ്ഠയുണ്ട്, അതിനെ ചതിക്കരുത്”, “ഞാന്‍ സ്ത്രീകളെ റെസ്‌പെക്ട് ചെയ്യുന്നു” എന്നിങ്ങനെ ആവശ്യത്തിനും അനാവശ്യത്തിനും പറഞ്ഞുകൊണ്ടിരിക്കുന്ന നായകന്‍ -ഇതെല്ലാം എഴുത്തുകാരന്റെ ബാലിശമായ ഭാവനയുടെ ഉല്‍പ്പന്നങ്ങളാണ്. “മനുഷ്യഹൃദയത്തിന് നാലറകളുണ്ട്” എന്നും മറ്റുമുള്ള “പുതിയ അറിവുകള്‍” പറഞ്ഞുതരാനും സംവിധായകന്‍ മറന്നില്ല.

മമ്മൂട്ടിയുടെ അടിയുറച്ച ആരാധകരെ പുളകിതരാക്കുക എന്നതായിരുന്നു സംവിധായകന്റെ ലക്ഷ്യം. ഒരു പരിധിവരെ അത് നിറവേറ്റുവാന്‍ അദ്ദേഹത്തിനു സാധിച്ചിട്ടുമുണ്ട്. പ്രായത്തെ അപേക്ഷിച്ച് വളരെ ചെറുപ്പമായി കാണപ്പെടുന്ന മമ്മൂട്ടിയെ മാസ് പരിവേഷത്തോടുകൂടി തിയേറ്റര്‍ സ്‌ക്രീനില്‍ കാണപ്പെട്ടു. കോളേജിലെ യുവാക്കളുടെ അടിപിടികള്‍ പരിഹരിക്കുക എന്നത് മാത്രമല്ല, മറ്റ് ചില നന്മപ്രവൃത്തികളും നായകന്‍ ചെയ്യാറുണ്ട്. തികഞ്ഞ ഒരുപദേശികൂടിയായ നായകന്‍, കൂടെക്കൂടെ “ഞാന്‍ സ്ത്രീകളെ ബഹുമാനിക്കുന്നു” എന്ന് പറയാറുണ്ട്. നായകന്റെ ഇന്‍ഡ്രൊഡക്ഷന്‍ രംഗത്തില്‍ ചുവരിലും വാഹനത്തിലുമായി യഥാക്രമം “മഹാരാജാ” എന്നും “ലിമിറ്റഡ് എഡിഷന്‍” എന്നും എടുത്തുകാണിച്ചത് എന്തുദ്ദേശ്യത്തിലാണെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. മെഗാസ്റ്റാറിന്റെ അടുത്ത ചിത്രമായ രാജാ-2 നേക്കുറിച്ച് പ്രഖ്യാപനം നടത്തുവാന്‍ ഉദയ്കൃഷ്ണയേയും ചിത്രത്തില്‍ കാണിച്ചിരിക്കുകയാണ്.

ടിന്റുമോന്‍ എന്ന കോടീശ്വരന്‍, നീലിമ നല്ല കുട്ടിയാണ് v/s ചിരഞ്ജീവി IPS എന്നീ ചിത്രങ്ങള്‍ക്കുശേഷം സന്തോഷ് പണ്ഢിറ്റ് അഭിനയിക്കുന്ന “മാസ്റ്റര്‍പീസ്” അദ്ദേഹത്തിന്റെ ഏറ്റവും മോശം ചിത്രമായിരുന്നു എന്നതില്‍ സംശയിക്കേണ്ട. സഹ അധ്യാപകനായ കഥാപാത്രമായി അദ്ദേഹത്തെ ക്ഷണിച്ചുവരുത്തി അധിഷേപിക്കുകയായിരുന്നോ എന്നും സംശയമുണ്ട്. ജനതാ ഗ്യാരേജിന് ശേഷം ഒരു സൂപ്പര്‍ താരത്തോടൊപ്പമുള്ള കഥാപാത്രത്തെ ഉണ്ണിമുകുന്ദന്‍ അവതരിപ്പിക്കുമ്പോള്‍ സംഘട്ടനരംഗങ്ങള്‍ മികച്ചുനില്‍ക്കുന്നു. ഭവാനി ദുര്‍ഗ എന്ന ഐ പി എസ് ഉദ്യോഗസ്ഥയായി വരലക്ഷ്മി ശരത് കുമാര്‍ വളരെ കഷ്ടപ്പെട്ട് അഭിനയിച്ചിട്ടുണ്ട്. ഗോകുല്‍ സുരേഷ് ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രമായി മോശം പ്രകടനം കാഴ്ചവച്ചു. നിരവധി കഥാപാത്രങ്ങള്‍ ചിത്രത്തിലുടനീളമുണ്ടായിരുന്നെങ്കിലും ക്യാപ്റ്റന്‍ രാജു മാത്രമായിരുന്നു കയ്യടിവാങ്ങിയത്. അദ്ദേഹത്തിന്റെ കുറിക്കുകൊള്ളുന്ന സംഭാഷണങ്ങള്‍ രസകരമായിരുന്നു.

വിവിധ കോളേജുകളും മുന്‍കാലങ്ങളില്‍ പഠിച്ചിറങ്ങിയ പ്രമുഖരേയും ടൈറ്റില്‍ കാര്‍ഡില്‍ കാണിച്ചത് ഒരു പുത്തന്‍ രീതിയായിരുന്നു. ഓ.എന്‍.വിയുടെ “ഒരുവട്ടം കൂടിയെന്‍ ഓര്‍മ്മകള്‍” എന്ന കവിത ചിത്രത്തിന്റെ തുടക്കത്തില്‍ എഴുതിക്കാണിച്ചിരുന്നു. സിനിമയിലെ ഗാനങ്ങളും അവയുടെ ചിത്രീകരണവും വളരെ മോശമായിരുന്നു. 2003-ല്‍ പുറത്തിറങ്ങിയ “ക്രോണിക് ബാച്ച്ലര്‍” മുതല്‍ ഈ വര്‍ഷമിറങ്ങിയ “കാറ്റ്” വരെയുള്ള നിരവധി ചിത്രങ്ങള്‍ക്ക് മികച്ച രീതിയില്‍ സംഗീതം പകര്‍ന്നിട്ടുള്ള ദീപക് ദേവിന്റെ ഏറ്റവും മോശം വര്‍ക്കാണ് മാസ്റ്റര്‍ പീസ്. ഗാനങ്ങളും പശ്ചാത്തലസംഗീതവും ചിത്രത്തെ ഒരു ദുരനുഭവമാക്കിമാറ്റുന്നതില്‍ വലിയ പങ്കുവഹിച്ചു. വിനോദ് ഇല്ലംപള്ളിയാണ് ക്യാമറ കൈകാര്യം ചെയ്തത്.

അജയ് വാസുദേവിന്റെ മുന്‍ചിത്രത്തില്‍ സംഘട്ടനരംഗങ്ങള്‍ക്ക് കൊഴുപ്പേകുവാനായി വെള്ള നിറത്തിലുള്ള സുമോ വാഹനങ്ങളായിരുന്നെങ്കില്‍ ഇത്തവണ കറുപ്പ് നിറത്തിലുള്ള സ്‌കോര്‍പ്പിയോ വാഹനങ്ങളായിരുന്നു. അസ്വാഭാവികമായി പറന്നുയരുകയും തെറിച്ചുവീഴുകയും ചെയ്യുന്ന വില്ലന്മാരേയും ചിത്രത്തില്‍ കാണാം. വിദ്യാര്‍ത്ഥിരാഷ്ട്രീയം നിര്‍ജ്ജീവമായിരിക്കുന്ന കാലഘട്ടത്തില്‍ ക്യാമ്പസ് ഗുണ്ടായിസത്തെ ഭയന്ന് ഒളിച്ചിരിക്കുന്ന സ്വയരക്ഷയ്ക്കായി വ്യഗ്രത കൂട്ടുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ നായകന് നിയമം കയ്യിലെടുക്കുവാനും ഹീറോയിസം കാണിക്കുവാവാനുമായി അവസരങ്ങള്‍ നല്‍കുന്ന കാഴ്ചയാണ് ചിത്രത്തിലുടനീളം കാണുന്നത്. ക്ലൈമാക്‌സ് രംഗങ്ങളില്‍ ചിത്രം അല്‍പം ചടുലമായെങ്കിലും ആകെത്തുകയില്‍ വൈകല്യം നിറഞ്ഞ ഒരു കാഴ്ചാനുഭവം മാത്രമാണ് മാസ്റ്റര്‍പീസ്.

സൂപ്പര്‍ താരത്തെ മുന്‍നിര്‍ത്തി എന്ത് കോപ്രായം കാണിച്ചാലും അത് ജനങ്ങള്‍ സ്വീകരിക്കും എന്ന ആത്മവിശ്വാസമാകണം സംവിധായകനെ ഇത്തരത്തിലുള്ള ഒരു പാതകത്തിന് പ്രേരിപ്പിച്ചത് എന്ന് വ്യക്തം.