ഹൃദയത്തിലേയ്ക്ക് ഒഴുകുന്ന 'പ്രണയനദി'

ജോമോന്‍ തിരു

നവതലമുറ സിനിമകളുടെ കുത്തൊഴുക്കില്‍ നിരവധി സംവിധായകര്‍ രംഗത്തെത്തിയിട്ടുണ്ട്. അവരില്‍ പലരും സഭ്യതയുടെ അതിര്‍വരമ്പുകളെ ഭേദിച്ചുകൊണ്ട് സിനിമകള്‍ ചെയ്യുമ്പോള്‍, സഭ്യമായ ന്യൂജനറേഷന്‍ സിനിമകളുടെ വാക്താവായി ആഷിഖ് അബു വേറിട്ടു നില്‍ക്കുന്നു. ആഷിക് അബു സംവിധാനം ചെയ്യുന്ന മിക്ക ചിത്രങ്ങളിലും ആന്തരികമായ ചില സവിശേഷതകള്‍ കണ്ടേക്കാം. തിയേറ്ററില്‍ കയ്യടി നേടാനായി മാത്രം മലയാളികളുടെ അടക്കി വെച്ച ചില ചിന്താഗതികളെ തൃപ്തിപ്പെടുത്തുവാനായി മാത്രമുള്ള സംഭാഷണങ്ങള്‍ ഈ സംവിധായകന്റെ സിനിമകളില്‍ പൊതുവെ കാണപ്പെടുന്നില്ല.

ആ വിധത്തില്‍ നോക്കിയാല്‍ മലയാളത്തിലെ പുതിയ കാലത്തിലെ മുന്‍ നിര സംവിധായകരില്‍ ഒരാള്‍ എന്ന് വേണമെങ്കില്‍ ആഷിഖ് അബുവിനെ വിലയിരുത്താം. എന്നിരുന്നാലും സ്വന്തം ആശയങ്ങള്‍ എവിടെയും തുറന്നുപ്രകടിപ്പിക്കാറുള്ള ആഷിഖ് അബുവിന്റെ, ആശയങ്ങളില്‍ അസഹിഷ്ണുതപൂണ്ട് ഫേസ്ബുക്കില്‍ രൂപം കൊണ്ട വൈരികള്‍ ഇതൊന്നും അംഗീകരിച്ചെന്നുവരില്ല.

സംവിധാനം ചെയ്ത സിനിമകളിലെല്ലാം, തന്റെ സ്വതസിദ്ധമായ ശൈലി സ്വീകരിച്ച് പ്രേക്ഷകരെ ആകര്‍ഷിക്കുവാന്‍ ശ്രമിക്കുന്നതില്‍ ആഷിഖിനുള്ള മികവ് അംഗീകരിച്ചേ മതിയാവു. ഒന്നില്‍ കൂടുതല്‍ പേര്‍ ചേര്‍ന്ന് തിരക്കഥയൊരുക്കുക എന്ന ഹോളിവുഡ് ശൈലിയാണ് ആഷിക്ക് അബു തന്റെ ചിത്രങ്ങള്‍ക്ക് സ്വീകരിക്കാറുള്ളത്. ആദ്യ ചിത്രമായ “ഡാഡി കൂള്‍” നല്‍കിയ തിക്താനുഭവമായിരിക്കണം അദ്ദേഹത്തിനെ അത്തരത്തിലൊരു നീക്കത്തിനു പ്രേരിപ്പിച്ചത്.

ഒരുപക്ഷേ ആഷിഖ് അബുവിന്റെ ഇത്തരത്തിലുള്ള തീരുമാനമായിരിക്കാം ദിലീഷ് നായര്‍, ശ്യാം പുഷ്‌കരന്‍ എന്നീ തിരക്കഥാകൃത്തുക്കളുടെ ഉദയത്തിലേയ്ക്ക് നയിച്ചത്. പരിചിതരായ ആളുകളെ കേന്ദ്രീകരിച്ച്, അവരിലൂടെ കഥ പറയുക എന്ന രീതിയാണ് ഈ ഇരട്ട തിരക്കഥാകൃത്തുക്കള്‍ അവലംബിക്കാറുള്ളത്. മലയാളത്തിന്റെ പരിചിത രചനാസങ്കേതങ്ങളില്‍ മാറിസഞ്ചരിക്കുന്ന തിരക്കഥാകൃത്തുക്കളായ ഇവരുടെ സൃഷ്ടികള്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയാല്‍ നമുക്കത് മനസ്സിലാക്കാവുന്നതാണ്.

ആഷിഖ് അബു ഏറ്റവുമൊടുവിലായി സംവിധാനം ചെയ്ത “റാണിപദ്മിനി” തൃപ്തികരമായിരുന്നില്ലെങ്കിലും മേക്കിംഗ് ക്രാഫ്റ്റ് കണക്കിലെടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ തിരിച്ചുവരവ് തന്നെയായിരുന്നു അതെന്ന് പറയാം. അമല്‍ നീരദിന്റെ കഥയ്ക്ക് ശ്യാം പുഷ്‌കരനും ദിലീഷ് നായരുമാണ് തിരക്കഥയൊരുക്കുന്നത്. ഈ പേരുകളിലുള്ള വിശ്വാസം തന്നെയാണ് ചിത്രത്തിലേക്കുള്ള പ്രധാന ആകര്‍ഷണീയത. “ഗാങ്സ്റ്റര്‍” പ്രതീക്ഷിച്ചതുപോലെ ഏല്‍ക്കാതിരുന്നതിന്റെയും “റാണി പദ്മിനി” അമ്പേ പാളിപ്പോയതിന്റേയും ക്ഷീണം പലിശ സഹിതം തീര്‍ക്കുക എന്ന ലക്ഷ്യത്തോടെ ആഷിക്ക് അബു അണിയിച്ചൊരുക്കിയ ചിത്രമായിരിക്കാം മായാനദി.

യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് മായാനദി ഒരുക്കിയിരിയ്ക്കുന്നത്. എഞ്ചിനിയറിംഗ് ബിരുദ വിദ്യാര്‍ത്ഥിയായ അപര്‍ണ രവി, മാത്തന്‍ എന്നീ കഥാപാത്രങ്ങളിലൂടെയുള്ള സഞ്ചാരമാണ് ചിത്രം. മാത്തന്‍ എന്ന മാത്യൂസ് കോളേജില്‍ തന്റെ ജൂനിയറായി പഠിച്ച അപര്‍ണയുമായി അടുപ്പത്തിലായിരുന്നു. ചില പ്രത്യേക കാരണങ്ങളാല്‍ ഇരുവരും തമ്മില്‍ വേര്‍പിരിയുന്നു. ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ മാതാപിതാക്കളെയും സഹോദരങ്ങളെയും നഷ്ടപെട്ട് അനാഥനായ മാത്തന്‍ ഇന്ന് മധുരയില്‍ ഒരു Higher Education Admission ബ്രോക്കറും ഹവാല ഏജന്റുമാണ്. കൊടൈക്കനാലിലേക്കുള്ള ഒരു യാത്രയില്‍ മാത്തന്റെ ജീവിതം തന്നെ മാറ്റിമറിയ്ക്കുന്ന ഒരു സംഭവം അരങ്ങേറുന്നു.

പക്വതയോടുകൂടിയ, ശക്തമായ ഒരു പ്രണയകഥയാണ് മായാനദി. മലയാളത്തില്‍ പലപ്പോഴായി കണ്ടുശീലിച്ച പ്രണയകഥകളില്‍ നിന്നും ഏറെ വ്യത്യസ്ഥമായ സരണിയിലൂടെയാണ് മായാനദിയുടെ സഞ്ചാരം. ഈ വിധത്തിലുള്ള ആഖ്യാനം മലയാള സിനിമയില്‍ അടുത്ത കാലത്ത് കണ്ടിട്ടില്ല. കഥാപാത്രങ്ങളുടെ ഇമോഷന്‍സിനാണ് ചിത്രം കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. നായികാനായകന്മാര്‍ തമ്മിലുള്ള പ്രണയവും, ഇതിനിടയില്‍ സമാന്തരമായി പറഞ്ഞുപോകുന്ന മറ്റൊരു കഥയുമാണ് ചിത്രത്തെ മുന്‍പോട്ടുനയിക്കുന്നത്.

പ്രണയത്തിന്റെ തീവ്രത തെല്ലും ചോര്‍ന്നുപോകാതെതന്നെ ഇവ രണ്ടും ഉപസംഹാരഭാഗങ്ങളില്‍ ലയിച്ചുചേരുന്നുമുണ്ട്. സ്വാഭാവികത്തനിമയോടുകൂടി, സന്ദര്‍ഭങ്ങള്‍ ആവശ്യപ്പെടുന്ന വേഗതയിലായിരുന്നു ചിത്രത്തിന്റെ സഞ്ചാരവും. സൂക്ഷ്മാംശങ്ങളില്‍ ശ്രദ്ധയൂന്നിയുള്ള ദൃശ്യഭാഷയും അതിലൂടെയുള്ള കഥാവികാസവും കൂട്ടിന് ബ്രില്യന്റ് ആയിട്ടുള്ള അവതരണത്തിന്റെ മാസ്മരികതയുമാണ് മായനദിയെ വേര്‍തിരിച്ചു നിറുത്തുന്നത്.

ആഷിഖ് അബു ഇന്നോളം സ്പര്‍ശിക്കാത്ത തരത്തിലുള്ള ഒരു പ്രമേയമാണ് മായാനദിയുടേത്. എക്‌സിക്യൂഷനിലെ പാകത, ഒരു സംവിധായകനെന്ന നിലയിലുള്ള ആഷിഖ് അബുവിന്റെ ഉയര്‍ച്ചയെയാണ് സൂചിപ്പിക്കുന്നത്. ഉന്നത നിലവാരത്തിലുള്ള ദൃശ്യഭംഗിയും സാങ്കേതികത്തികവും പ്രേക്ഷകര്‍ക്ക് പകര്‍ന്നുനല്‍കുന്നതില്‍ സംവിധായകന്‍ വിജയിച്ചു. ഓരോ സീനുകളിലും ഡയലോഗുകളിലും, ഫ്രഷ്നെസ് കൊണ്ടുവരാന്‍ സംവിധായകന്‍ ശ്രദ്ധിച്ചിട്ടുണ്ട്. സ്ത്രീ പുരുഷ സമത്വം എങ്ങനെ അവതരിപ്പിക്കണമെന്നതിന്റെ മികച്ച ഒരു ദൃഷ്ടാന്തമാണ് ചിത്രത്തിലൂടെ ആഷിഖ് അബു കാണിച്ചുതന്നിരിക്കുന്നത്. സംവിധായകന്റെ നിരീക്ഷണനിലവാരത്തിന്റെ ലക്ഷണം കൂടിയാണിത്.

ഏച്ചുകെട്ടലുകളോ അതിഭാവുകത്വങ്ങളോ ഇല്ലാതെ, റിയലിസ്റ്റിക് തലത്തിലാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. മധുരയില്‍ നിന്നും പറഞ്ഞുതുടങ്ങുന്ന കഥ, പലപ്പോഴും ഒരു മലയാള സിനിമയ്ക്കുമപ്പുറമുള്ള സാങ്കേതികപൂര്‍ണ്ണത കൈവരിച്ചു. പതിഞ്ഞ താളത്തിലാണ് ചിത്രത്തിന്റെ സഞ്ചാരം. നായകനിലൂടെ ആരംഭിക്കുന്ന കഥ, ആദ്യഭാഗങ്ങള്‍ മുതല്‍ പ്രേക്ഷകനെ പിടിച്ചിരുത്തുന്നുണ്ട്. ആദ്യപകുതി അവസാനിച്ചത് പ്രേക്ഷകന് പിരിമുറുക്കം നല്‍കിക്കൊണ്ടാണ്. ഒരേ വേഗതയില്‍ത്തന്നെയാണ് ചിത്രത്തിന്റെ രണ്ടാം പകുതിയും കടന്നുപോകുന്നത്. തിയെറ്റര്‍ വിട്ടിറങ്ങിയാലും ഉപസംഹാര ഭാഗങ്ങള്‍ മനസ്സില്‍ പതിഞ്ഞുകിടക്കുന്നു.

ചെറിയ ചെറിയ ചില സംഭാഷണശകലങ്ങളാണ് മായാനദിയെ ഹൃദയത്തോട് ചേര്‍ത്ത് നിറുത്തുന്നത്. ചിത്രത്തില്‍ കഥാപാത്രങ്ങളുടെ വൈകാരികസംഘര്‍ഷങ്ങളും പ്രണയവും ഇഴചേര്‍ക്കപ്പെടുന്നുണ്ട്. ഉള്ളില്‍ സംഘര്‍ഷങ്ങളുടെ സങ്കീര്‍ണ്ണതകളും പുറമേ പ്രണയത്തിന്റെ നോവുകളുമുള്ള ചിത്രം ഒരിക്കല്‍ പോലും സംഭാഷണരംഗങ്ങളില്‍ അപരിചിതത്വം തോന്നിക്കുകയോ നാടകീയതയിലേയ്ക്ക് വ്യതിചലിക്കുകയോ ചെയ്യുന്നില്ല. സംസാരഭാഷ തന്നെയാണ് കൂടുതലായും ഉപയോഗിക്കപ്പെട്ടിട്ടുള്ളത്. ഒരു നിഗൂഢ സ്വഭാവം ഉള്ളില്‍ ഒളിപ്പിച്ചുകൊണ്ടാണ് ചിത്രം നീങ്ങുന്നതും. ഹാസ്യത്തിനു ചിത്രം പ്രാധാന്യം നല്‍കുന്നില്ല എങ്കിലും, പക്വതയുള്ള നായികയും, പക്വത കുറഞ്ഞ നായകനും തമ്മിലുള്ള സംഭാഷണരംഗങ്ങള്‍ ചിലപ്പോഴൊക്കെ പ്രേക്ഷകനെ ചിരിപ്പിക്കും. പ്രൊഫ. അശ്വന്ത് കോക്ക് തുടങ്ങിവച്ച ട്രെന്‍ഡിനെ അടിസ്ഥാനപ്പെടുത്തി “ഞാന്‍ കണ്ടം വഴി ഓടട്ടെ” എന്ന് നായകന്‍ ചോദിക്കുന്നത് തിയെറ്ററില്‍ വലിയ ചിരിയുണ്ടാക്കി.

ശാന്തമായൊഴുകുന്ന നദി ചിലയവസരങ്ങളില്‍ രൗദ്രഭാവം കൈവരിക്കാറുണ്ട്. മായാനദിയുടെ കാര്യവും അതുപോലെ തന്നെയാണ്. നാം നിത്യേന കാണുകയോ ഇടപഴകുകയോ ചെയ്യുന്ന വിവിധവ്യക്തികളുടെ ദൈനംദിന ജീവിതം ചിത്രത്തില്‍ കാണാവുന്നതാണ്. ഒരുനാള്‍ എല്ലാം കലങ്ങിത്തെളിയും എന്ന് പ്രതീക്ഷിച്ച് വീണ്ടും വറ്റാത്ത പ്രതീക്ഷകളുമായി ജീവിക്കുന്ന രണ്ടുപേര്‍. അവരുടെ ജീവിതവും പ്രണയവും ദുരന്തവും കാത്തിരിപ്പും എല്ലാമാണീ സിനിമ. നദി പോലെതന്നെ ഇവരിലുണ്ടാവുന്ന വ്യതിയാനങ്ങളും, ഒരിക്കലും തിരികെവന്നുചേരില്ല എന്നുറപ്പുള്ള പ്രണയത്തിനായുള്ള അനന്തമായ കാത്തിരിപ്പും ചിത്രത്തിന്റെ പശ്ചാത്തലങ്ങളായിത്തീരുന്നു. ഒരു റൊമാന്റിക് ഡ്രാമയെ ഇത്രയും മനോഹരമായി തിരശ്ശീലയില്‍ സന്നിവേശിപ്പിച്ച സംവിധായകന്‍ അഭിനന്ദനമര്‍ഹിക്കുന്നു.

ഒരു സ്ത്രീപക്ഷ ചിത്രം കൂടിയാണ് “മായാനദി.” വെല്ലുവിളികളെ അതിജീവിക്കുവാന്‍ കഠിനശ്രമം ചെയ്യുന്ന ഏതാനും സ്ത്രീകഥാപാത്രങ്ങള്‍ ചിത്രത്തിലുണ്ട്. സ്ത്രീസ്വാതന്ത്ര്യവും, സ്ത്രീയ്ക്ക് സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന ചില മേഖലകളും ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്. അപ്പു കടന്നുപോയ ജീവിതസാഹചര്യങ്ങള്‍ പറയുന്നതോടൊപ്പം, ലിയോണ ലിഷോയ്-യുടെ സമീറ എന്ന കഥാപാത്രവും ചില തിരിച്ചറിവുകള്‍ നല്‍കുന്നു. സിനിമയ്ക്കുള്ളിലെ സിനിമ പശ്ചാത്തലമാകുമ്പോള്‍ അഭിനേത്രികള്‍ നിസ്സാരകാരണങ്ങളുടെ പേരില്‍ അനുഭവിയ്ക്കുന്ന വെല്ലുവിളികളും പ്രശ്‌നങ്ങളും സംവിധായകന്‍ ചിത്രത്തില്‍ ആലേഖനം ചെയ്തിട്ടുണ്ട്.

ഒരു സ്ത്രീകഥാപാത്രത്തിന്റെ ശക്തമായ ഇടപെടല്‍ ഒരു സംവിധായകന്റെ ആവിഷ്‌കാരസ്വാതന്ത്ര്യത്തെ സ്വാധീനിക്കുന്ന കാഴ്ച ശ്രദ്ധേയമാണ്. അതുപോലെ സിനിമാ വ്യവസായത്തിന്റെ പിനാമ്പുറം, സ്ത്രീശരീരം, പ്രണയം, ലൈംഗികത, തുടങ്ങിയ വിഷയങ്ങളേക്കുറിച്ചുള്ള മാറിവരുന്ന സങ്കല്‍പങ്ങളും ചിത്രം വിശദീകരിക്കുന്നുണ്ട്. മലയാളസിനിമ മുന്‍പ് ആവിഷ്‌കരിക്കാന്‍ ഭയന്നിരുന്ന ശാരീരികാവശ്യങ്ങളുടെ ചടുലാഖ്യാനങ്ങള്‍ കടന്നുവരുന്ന ഈ ചിത്രം യാഥാസ്ഥിതിക കുടുംബപ്രേക്ഷകരുടെ നെറ്റിചുളിയാനിടയാക്കിയേക്കും. പ്രണയബന്ധത്തേയും ശാരീരിക തൃഷ്ണകളേയും വിഭിന്ന തലങ്ങളില്‍ സമീപിക്കുന്ന രണ്ട് വ്യക്തികളെ അതിന്റെ തീക്ഷ്ണത ചോര്‍ന്നുപോകാതെ അവതരിപ്പിച്ചിരിക്കുകയാണ്. പുരുഷനോട് “once more” എന്നാവശ്യപ്പെടുകയും, “Sex is not a Promise” എന്ന് പറയുകയും ചെയ്യുന്ന നായികാകഥാപാത്രവും, ചില പഴഞ്ചന്‍ കാഴ്ചപ്പാടുകളുടെ പൊളിച്ചെഴുത്താണ്. അതുപോലെ ആധുനികകാല അമ്മ-മകള്‍ ബന്ധങ്ങളിലെ സംഘര്‍ഷങ്ങളും അതിശയോക്തികള്‍ ഇല്ലാതെ മായാനദിയിലുണ്ട്.

യുവനായകനിരയില്‍ നല്ല തിരഞ്ഞെടുപ്പുകള്‍ കൊണ്ട് മുന്നിട്ടു നില്‍ക്കുന്ന നടനാണ് ടൊവിനോ തോമസ്. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെ മുന്‍പും മനോഹരമായവതരിപ്പിച്ചിട്ടുള്ള ടൊവിനോയുടെ ഒരു മികച്ച കഥാപാത്രമാണ് മാത്തന്‍ എന്ന് പറയാം. പ്രണയരംഗങ്ങള്‍ എത്രത്തോളം മനോഹരമായി ടൊവിനോ കൈകാര്യം ചെയ്യുമെന്ന് “എന്ന് നിന്റെ മൊയ്തീനി”ലെ അപ്പുവേട്ടനിലൂടെ നാം കണ്ടതാണ്. മാത്തനെ വളരെ നാച്വറലായി ടൊവിനോ അവതരിപ്പിച്ചു. മാത്തന്‍ ഇന്നത്തെ അലസമായ യുവത്വത്തിന്റെ പ്രതിനിധിയാണ്. പൂച്ചയേപ്പോലൊരു ജന്മം എന്നാണ് പറയപ്പെടുന്നത്. ലക്ഷ്യബോധമില്ലാത്ത കഥാപാത്രം. എന്നാല്‍ തരംഗത്തിലെ “പദ്മനാഭന്‍ പിള്ള” എന്ന കഥാപാത്രവുമായി ചിലയിടങ്ങളില്‍ മാത്തന് സാമ്യത തോന്നിയേക്കാം.

നിരവധി പരസ്യചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഐശ്വര്യാലക്ഷ്മി “ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള”യ്ക്കുശേഷം പ്രത്യക്ഷപ്പെടുന്ന ചിത്രമാണിത്. തൃഷയെ ആയിരുന്നു ആദ്യം നായികയായി പരിഗണിച്ചത്. തൃഷ പിന്മാറിയ സാഹചര്യത്തിലാണ് ഐശ്വര്യയ്ക്ക് നറുക്ക് വീണത്. അപര്‍ണാ രവി എന്ന കഥാപാത്രത്തെ അവര്‍ വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. അച്ഛന്‍ നഷ്ടപെട്ട് വീട് മുന്‍പോട്ട് നയിക്കുവാനായി യത്‌നിക്കുന്ന, എഞ്ചിനീയറിംഗ് ഡ്രോപ്പ് ഔട്ടായി സിനിമാ നടിയാവാന്‍ കൊതിച്ചു നടക്കുന്ന, അംഗീകരിക്കുവാന്‍ പ്രയാസമുള്ള കാര്യങ്ങളോട് തലയുയര്‍ത്തി നിന്ന് പ്രതികരിക്കുന്ന ബോള്‍ഡായ കഥാപാത്രം.

വൈകാരിക രംഗങ്ങളില്‍ അതിഭാവുകത്വത്തിലേക്കോ നാടകീയതയിലേക്കോ പതറിച്ചിതറുന്ന സമകാലികര്‍ക്കിടയില്‍ ഐശ്വര്യ നിയന്ത്രിതാഭിനയം കൊണ്ട് മാതൃക തീര്‍ക്കുന്നുണ്ട്. അന്വേഷണോദ്യോഗസ്ഥരുടെ വൈകാരികതയ്ക്കും ചിത്രം പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഹരീഷ് ഉത്തമന്റെ കഥാപാത്രം ഏറെ ശ്രദ്ധേയമാണ്. സംവിധായകരായ ലിജോ ജോസ് പല്ലിശ്ശേരി, ഖാലിദ് റഹ്മാന്‍, ബേസില്‍ ജോസഫ്, സംഗീതസംവിധായകന്‍ ബിജിബാല്‍, നടി അപര്‍ണ ബാലമുരളി, ഉണ്ണിമായ, സൗബിന്‍ ഷാഹിര്‍,? ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവരും, ഏതാനും തമിഴ് അഭിനേതാക്കളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

ആഷിഖ് അബുവിന്റെ ഭൂരിഭാഗം ചിത്രങ്ങളിലും ബിജിബാലാണ് സംഗീതം നല്‍കാറുള്ളത്. എന്നാല്‍ മായാനദിയുടെ സംഗീതവിഭാഗത്തില്‍ അദ്ദേഹത്തിന്റെ സാന്നിധ്യമില്ലായിരുന്നു. പകരം, ആ ഭാഗം റെക്‌സ് വിജയനാണ് നിര്‍വ്വഹിച്ചത്. ഇത്രമേല്‍ മനോഹരമായി, തിരക്കഥയുമായി ഇഴുകിച്ചേര്‍ന്ന പശ്ചാത്തലസംഗീതം സമീപകാലത്തെങ്ങും കേട്ടിട്ടില്ല. ഗാനങ്ങളും നല്ല അനുഭവമായിരുന്നു. ജയേഷ് മോഹന്റെ ഛായാഗ്രഹണവും സജി ശ്രീധരന്റെ ചിത്രസംയോജനവും മികച്ചു നില്‍ക്കുന്നു. ചിത്രം ക്ലൈമാക്‌സിനോടടുക്കുമ്പോള്‍ ഛായാഗ്രഹണമികവ് പ്രകടമാകുന്ന നിരവധി രംഗങ്ങള്‍ അനുഭവിച്ചറിയുവാന്‍ സാധിക്കും. ഹരി ദിനേഷ് ഒരുക്കിയ സംഘട്ടനരംഗങ്ങളും, മറ്റ് സാങ്കേതികമേഖലകളും ചിത്രത്തിന് ഗുണം ചെയ്തു. സംഭാഷണങ്ങള്‍ക്കും സംഗീതത്തിനും വിഷ്വല്‍സിനുമെല്ലാം ജീവനുള്ള ഒരു സൃഷ്ടിയാണിത്. അതുകൊണ്ടുതന്നെ നല്ല തിയേറ്ററുകള്‍ മാത്രമേ പൂര്‍ണ്ണമായ ആസ്വാദനം പ്രദാനം ചെയ്യൂ.

കാലഘട്ടത്തിന്റെ ചിത്രമാണ് മായാനദി. ഇന്നത്തെ യുവത്വം അറിഞ്ഞിരിക്കേണ്ടതും, പിന്‍പറ്റേണ്ടതുമായ ചില മാതൃകകള്‍ ചിത്രത്തില്‍ കാണാം. വിപണിസാധ്യതയേക്കാള്‍ നിലവാരത്തില്‍ വിട്ടുവീഴ്ച വരുത്താതെ മലയാളത്തിന് ഒരു ഉന്നതനിലവാരനുള്ള ചിത്രം സമ്മാനിച്ച ആഷിഖ് അബു അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു.