ഗര്‍ഭിണിയാണെന്ന അഭ്യൂഹങ്ങള്‍ നിരസിച്ച് പോപ്പ് താരം ലേഡി ഗാഗ. കറുത്ത ബോഡികോണ്‍ ഡ്രസ് ധരിച്ച ലേഡി ഗാഗയുടെ വയര്‍ മുന്നോട്ട് തള്ളി നില്ക്കുന്നതായുള്ള ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരുന്നു. ഇതോടെയാണ് ലേഡി ഗാഗ ഗര്‍ഭിണിയാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചത്.
മാത്രമല്ല, സഹോദരി നഥാലി ജെര്മനോട്ടയുടെ വിവാഹ ചടങ്ങുകളില്‍ ഓഫ് ഷോള്‍ഡര്‍ ഫുള്‍ ഫ്രോക് ആണ് ഗാഗ അണിഞ്ഞത്. അതിലും ഗര്‍ഭിണിയാണെന്ന് തോന്നിക്കുന്നുണ്ടായിരുന്നു. ഇതോടെ ഗാഗ ആദ്യ കണ്മണിയെ വരവേല്‍ക്കാനൊരുങ്ങുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുകയായിരുന്നു.
ഇതോടെയാണ് താന്ഗര്ഭിണിയല്ലെന്ന് വ്യക്തമാക്കി ഗാഗ രംഗത്തെത്തിയത്. താന്‍ ഗര്‍ഭിണിയല്ലെന്നും ജിമ്മില്‍ പോകാത്തതുകൊണ്ട് വയര്‍ ചാടിയതാണെന്നും ഗാഗ വെളിപ്പെടുത്തി. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് ഗായിക ഇക്കാര്യം വ്യക്തമാക്കിയത്.
ബിസിനസുകാരനായ മൈക്കിള്‍ പോളന്സ്കിയുമായി ഡേറ്റിംഗിലാണ് ലേഡി ഗാഗ. 2019ലാണ് ഇരുവരും പ്രണയം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മൈക്കിളിനൊപ്പമുള്ള പ്രണയാര്‍ദ്ര ചിത്രങ്ങള്‍ ലേഡി ഗാഗ തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവച്ചിട്ടുണ്ട്.