'വിണൈതാണ്ടി വരുവായ' ഒക്കെ എന്റെ കവിതയുടെ പേരാണ്, ആരോടും ഞാന്‍ കോപ്പിറൈറ്റ് ചോദിക്കാറില്ല..; ഇളയരാജയ്‌ക്കെതിരെ വൈരമുത്തു

സംഗീതസംവിധായകന്‍ ഇളയരാജയെ പരോക്ഷമായി വിമര്‍ശിച്ച് കവിയും ഗാനരചയിതാവുമായ വൈരമുത്തു. ഗാനങ്ങളുടെ പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ചാണ് വൈരമുത്തു സംസാരിച്ചത്.

താന്‍ എഴുതിയ ഗാനങ്ങളിലെ വരികള്‍ സിനിമകളുടെ പേരായി ഉപയോഗിക്കാറുണ്ട്, എന്നാല്‍ താന്‍ പകര്‍പ്പവകാശം ഉന്നയിക്കാറില്ല എന്നാണ് വൈരമുത്തു പറയുന്നത്. വിണൈതാണ്ടി വരുവായ, നീ താനെ എന്‍ പൊന്‍വസന്തം എന്നിവ തന്റെ കവിതകളുടെ പേരുകളായിന്നു, ഇത് പിന്നീട് സിനിമകള്‍ക്ക് ഉപയോഗിച്ചു.

ആരും സമ്മതം ചോദിക്കാതെയാണ് ഈ പേരുകള്‍ സിനിമയ്ക്ക് നല്‍കിയത്. താന്‍ ആരോടും ഇതേ കുറിച്ച് ചോദിച്ചിട്ടില്ല. കാരണം, വൈരമുത്തു നമ്മില്‍ ഒരാള്‍, തമിഴ് നമ്മുടെ ഭാഷ എന്ന് കരുതിയാണ് കവിത മറ്റുള്ളവര്‍ ഉപയോഗിക്കുന്നത്.

താന്‍ സംഗീതം നല്‍കിയ പാട്ടുകള്‍ ഗാനമേളകളിലും സ്റ്റേജ് ഷോകളിലും ഉപയോഗിക്കുന്നതിനെതിരെ ഇളയരാജ നിയമനടപടിയെടുക്കുന്ന പശ്ചാത്തലത്തിലാണ് വൈരമുത്തുവിന്റെ പ്രസ്താവന. പാട്ട് എന്നാല്‍ ഈണം മാത്രമല്ല, അതിലെ വരികള്‍ കൂടിയാണെന്ന് സാമാന്യ ബോധമുള്ളവര്‍ക്ക് അറിയാമെന്ന് മുമ്പ് ഈ വിഷയത്തില്‍ വൈരമുത്തു പ്രതികരിച്ചിരുന്നു.