'എന്റെ വീട്ടുകാരെ പറഞ്ഞാൽ ഞാനും അടിക്കും'; കങ്കണയുടെ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ, വൈറലായി പഴയ നിലപാട്

ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള നിയുക്ത ബിജെപി എംപിയും ബോളിവുഡ് നടിയുമായ കങ്കണ റണാവത്തിന് വിമാനത്താവളത്തിൽ വെച്ച് അടി കിട്ടിയത് കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട സംഭവമാണ്. കുൽവീന്ദര്‍ കൗര്‍ എന്ന സിഐഎസ്എഫ് വനിതാ കോൺസ്റ്റബിളായിരുന്നു കങ്കണയുടെ കരണത്തടിച്ചത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേർ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ മറ്റൊരു അടിയുമായി ബന്ധപ്പെട്ട് കങ്കണയുടെ പഴയൊരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.

2022ലെ ഓസ്‌കറിൽ, ഹോളിവുഡ് താരം വിൽ സ്മിത്ത് ഹാസ്യനടൻ ക്രിസ് റോക്കിനെ തല്ലിയതിനെ കുറിച്ചായിരുന്നു കങ്കണയുടെ പോസ്റ്റ്. ഭാര്യ, ജാഡ പിങ്കറ്റിനെ പരിഹസിച്ചതിനായിരുന്നു ക്രിസ് റോക്കിനെ വിൽ സ്മിത്ത് തല്ലിയത്. അലോപ്പീസിയ എന്ന മുടികൊഴിച്ചിൽ രോഗബാധിതയായതിനാല്‍ ആ സമയത്ത് പിങ്കറ്റ് തല മൊട്ടയടിച്ചിരുന്നു. ഇത് പരിഹസിച്ചതാണ് വിൽ സ്മിത്തിനെ ചൊടിപ്പിച്ചിരുന്നത്.

അടിയില്‍ സ്മിത്തിനെ ന്യായീകരിച്ച് കൊണ്ടായിരുന്നു കങ്കണയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. “തൻ്റെ കുടുംബത്തിൻ്റെ അസുഖം പറഞ്ഞ് ആരെങ്കിലും മറ്റുള്ളവരെ രസിപ്പിക്കാന്‍ നോക്കിയാല്‍ ഞാനും അടിക്കും” എന്നായിരുന്നു കങ്കണയുടെ പോസ്റ്റ്. സ്മിത്തിന്റെ പ്രവൃത്തിയെ ന്യായീകരിക്കാന്‍ കൈ അടിക്കുന്ന ഇമോജിയും കങ്കണ ചേര്‍ത്തിരുന്നു. ഇതിന്റെ സ്ക്രീന്‍ ഷോട്ടാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. തന്റെ വീട്ടുകാരെ പറഞ്ഞതിലാണ് കുൽവീന്ദറും പ്രതികരിച്ചതെന്നും പഴയ പോസ്റ്റിനോട് നീതി പുലർത്തുണ്ടെങ്കിലും ഈ അടിയേയും ന്യായീകരിക്കേണ്ടി വരുമെന്നായിരുന്നു കങ്കണയുടെ പഴയ പോസ്റ്റ് പങ്കുവെച്ച് ഒരാൾ കുറിച്ചത്.

ചണ്ഡീഗഡ് വിമാനത്താവളത്തില്‍ വെച്ച് ജൂണ്‍ 6നാണ് കങ്കണയുടെ കരണത്ത് കുൽവീന്ദര്‍ തല്ലിയത്. 100 രൂപ ദിവസക്കൂലിക്കാണു കർഷകർ സമരം ചെയ്യുന്നതെന്ന കങ്കണയുടെ പ്രസ്താവനയോടുളള രോഷമാണ് മർദനത്തിനു കാരണമെന്ന് വനിതാ കോൺസ്റ്റബിളായ കുൽവീന്ദർ പറഞ്ഞിരുന്നു. പഞ്ചാബിലെ സുൽത്താൻപുർ ലോധി സ്വദേശിയാണു കുൽവീന്ദർ. കങ്കണ ഈ പ്രസ്‍താവന നടത്തിയ സമയത്ത് തന്‍റെ അമ്മ ഡൽഹി അതിർത്തിയിൽ സമരം ചെയ്യുകയാണെന്നും 2020-21ലെ കർഷക സമരത്തിലും അവർ പങ്കെടുത്തിട്ടുണ്ടെന്നും കുൽവീന്ദർ പറഞ്ഞിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാണ്ഡി മണ്ഡലത്തില്‍ നിന്ന് വിജയിച്ച താരം ഡല്‍ഹിയിലേക്ക് പോകുന്നതിനിടെയാണ് അടിപൊട്ടിയത്. വിമാനത്താവളത്തില്‍ എത്തി സുരക്ഷാ പരിശോധന നടത്തുന്നതിനിടെ വനിത ഉദ്യോഗസ്ഥ താരത്തിന്റെ മുഖത്ത് അടിക്കുകയായിരുന്നു. കങ്കണ പരാതിപ്പെട്ടതിന് പിന്നാലെ കുൽവീന്ദര്‍ കൗറിനെ സസ്പെന്‍ഡ് ചെയ്തു. ഉദ്യോ​ഗസ്ഥയ്ക്കെതിരെ ചണ്ഡീ​ഗഢ് പൊലീസ് കേസ് എടുത്തിട്ടുമുണ്ട്.