യുദ്ധരംഗത്തില്‍ മാത്രം 10,000 ആര്‍ട്ടിസ്റ്റുകള്‍; ഗ്രാഫിക്‌സ് ഇല്ലാതെ വിസ്മയമൊരുക്കി 'കങ്കുവ'

സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായാണ് ‘കങ്കുവ’ ഒരുങ്ങുന്നത്. സിരുത്തെ ശിവയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം 350 കോടി ബജറ്റിലാണ് നിര്‍മ്മിക്കുന്നത്. പീരിയഡ് ഡ്രാമ വിഭാഗത്തിലുള്ള കങ്കുവയുടെ നേരത്തെ പുറത്തെത്തിയ ടീസറിന് മികച്ച പ്രതികരണങ്ങള്‍ ലഭിച്ചിരുന്നു.

ചിത്രത്തിലെ യുദ്ധരംഗത്തെ കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സിജിഐ, ഗ്രാഫിക്സ് എന്നിവയുടെ പിന്തുണയില്ലാതെ യുദ്ധം ചിത്രീകരിക്കാന്‍ 10000 ആര്‍ട്ടിസ്റ്റുകളെയാണ് ഉപയോഗിച്ചിരിക്കുന്നത്. സൂര്യയും ബോബി ഡിയോളും അഭിനയിക്കുന്ന ക്ലൈമാക്സിലാണ് ഈ യുദ്ധരംഗം ഉള്ളത്.

1000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന കങ്കുവയില്‍ യോദ്ധാവായാണ് സൂര്യ എത്തുന്നത്. ബോബി ഡിയോളാണ് സിനിമയില്‍ വില്ലനായി എത്തുന്നത്. ബോബി ഡിയോളിന്റെ കോളിവുഡ് അരങ്ങേറ്റം കൂടിയാണ് കങ്കുവ.

‘അനിമല്‍’ സിനിമയില്‍ ഏറെ ആഘോഷിക്കപ്പെട്ട വില്ലന്‍ വേഷത്തിനു ശേഷം ബോബി ഡിയോളിന്റേതായി റിലീസിനെത്തുന്ന ചിത്രം കൂടിയാണിത്. 38 ഭാഷകളില്‍ റിലീസ് ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ദിഷ പഠാണിയാണ് നായിക.

വിവേകയും മദന്‍ കര്‍ക്കിയും ചേര്‍ന്നാണ് ഗാനരചന. സുപ്രീം സുന്ദറാണ് സംഘട്ടനസംവിധാനം. യു.വി. ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ. ജ്ഞാനവേല്‍ രാജയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.