ഇതിനെ നിയമപരമായി നേരിടും, പണം തട്ടുക എന്നത് തന്നെയാണ് അവരുടെ ഉദ്ദേശം; അപ്‌സരയും ആല്‍ബിയും

തങ്ങളുടെ പേരില്‍ നടക്കുന്ന തട്ടിപ്പിനെ കുറിച്ച് പറഞ്ഞ് നടി അപ്‌സരയും ഭര്‍ത്താവ് ആല്‍ബിയും. യൂട്യൂബ് വീഡിയോയിലൂടെയാണ് ആരും ചതിക്കപ്പെടരുതെന്ന് പറഞ്ഞ് വീഡിയോയുമായി അപ്‌സരയും ആല്‍ബിയും രംഗത്തെത്തിയത്. സമ്മാനം തരാത്തത് എന്താണെന്ന് ചോദിച്ച് മെസേജുകള്‍ വന്നപ്പോഴാണ് ഇക്കാര്യം മനസിലായത് എന്നാണ് ഇരുവരും പറയുന്നത്.

അപ്‌സരയുടെയും ആല്‍ബിയുടെയും വാക്കുകള്‍:

കഴിഞ്ഞ കുറച്ച് നാളുകളായി തങ്ങള്‍ പങ്കുവയ്ക്കുന്ന വീഡിയോയ്ക്ക് എല്ലാം താഴെ ഒരു ടെലഗ്രാം മെസേജ് വരുന്നുണ്ട്. അപ്സര-ആല്‍ബി എന്ന പേരും ഫോട്ടോയും വച്ചു കൊണ്ടുള്ള ടെലഗ്രാം അക്കൗണ്ടില്‍ നിന്നുമാണ് മെസേജുകള്‍ വരുന്നത്. പേരും ഫോട്ടോയും ഞങ്ങളുടേത് ആയതിനാല്‍ ഇതിന് ഒരു വ്യക്ത നല്‍കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്വമാണ്.

ഞങ്ങളോടുള്ള സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും പേരിലായിരിക്കുമല്ലോ അങ്ങനെ വരുന്ന ഒരു മെസേജില്‍ നിങ്ങള്‍ ക്ലിക്ക് ചെയ്യുന്നത്. ഞങ്ങളെ സ്നേഹിക്കുന്നവര്‍ വഞ്ചിക്കപ്പെടരുത് എന്നുള്ളത് കൊണ്ടാണ് ഇപ്പോള്‍ ഈ വീഡിയോ ചെയ്യുന്നത്. ‘ഞങ്ങള്‍ റിപ്ലേ ചെയ്തിട്ട് എന്താ നിങ്ങള്‍ സമ്മാനം തരാത്തത്’ എന്ന് ചോദിച്ച് ചിലര്‍ പേഴ്സണലി മെസേജുകള്‍ അയക്കാന്‍ തുടങ്ങിയപ്പോഴാണ് സംഭവത്തിന്റെ ഗൗരവം മനസിലായത്.

പണം തട്ടുക എന്നത് തന്നെയാണ് ഇതിന് പിന്നിലുള്ളവരുടെ ഉദ്ദേശം. അതുകൊണ്ട് ആരും ചതിക്കപ്പെടരുത്. ഞങ്ങള്‍ക്ക് എന്തെങ്കിലും നിങ്ങളുമായി സംസാരിക്കാനുണ്ടെങ്കില്‍ ഇതുപോലെ നേരിട്ട് വീഡിയോയില്‍ വന്ന് കാര്യങ്ങള്‍ പറയുന്നതായിരിക്കും.

അല്ലാതെ കമന്റിന് താഴെ വന്ന് രഹസ്യമായി ഞങ്ങള്‍ക്ക് ഒന്നും പറയാനില്ല. ഇങ്ങനെ വരുന്ന മെസേജുകള്‍ക്ക് മറുപടി നല്‍കാനോ, ലിങ്കില്‍ ക്ലിക്ക് ചെയ്യാനോ ഒടിപി വിവരങ്ങള്‍ കൈമാറാനോ നില്‍ക്കരുത്. ഇതിനെ തങ്ങള്‍ നിയപരമായി നേരിടും.