ഡാന്‍സ് റിയാലിറ്റി ഷോയ്ക്കെതിരെ ദേശീയ ബാലാവകാശ കമ്മീഷന്. സോണി ചാനലിലെ സൂപ്പര്‍ ഡാന്‍സര്‍ ചാപ്റ്റര്‍ 3 ഷോയ്ക്കെതിരെയാണ് കമ്മീഷന് രംഗത്തെത്തിയത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയോട് മാതാപിതാക്കളെ കുറിച്ച് അസഭ്യമായ ചോദ്യങ്ങള്‍ ചോദിച്ചതിനെ തുടര്‍ന്നാണ് നോട്ടീസ് അയച്ചത്.
ഈ എപ്പിസോഡിന്റെ വീഡിയോക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ദൃശ്യങ്ങള്‍ ഉടന്‍ തന്നെ നീക്കം ചെയ്യണമെന്നും ചാനല്‍ അധികൃതരോട് കമ്മീഷന് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ഷോയില്‍ കുട്ടിയോട് ചോദിച്ചതിന്റെ കാരണവും തേടി.
NCPCR has written to Sony Pictures Networks over a video on social media showing a clip from an episode of the children’s dance show Super Dancer -Chapter 3 which aired on Sony Entertainment Television where judges were allegedly seen asking a minor “vulgar & sexually explicit”… pic.twitter.com/0w6KwEF6Ye
— ANI (@ANI) July 25, 2023
കുട്ടികളില്‍ അസ്വസ്ഥത സൃഷ്ടിക്കുന്ന കാര്യങ്ങള്‍ പരിപാടികളില്‍ ചോദിക്കാന്‍ പാടില്ലെന്നും കമീഷന് നോട്ടീസില്‍ വ്യക്തമാക്കി. എന്നാല്‍ സോണി പിക്ചേഴ്സ് നെറ്റ്വര്ക്കുകള് ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
സോണി എന്റര്‍ടൈന്‍മെന്റ് നെറ്റ്വര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് 2015, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്റ്റ് 2000, വിനോദ വ്യവസായത്തില്‍ കുട്ടികളുടെയും കൗമാരക്കാരുടെയും പങ്കാളിത്തം സംബന്ധിച്ച കമ്മീഷന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ എന്നിവയ്ക്ക് കീഴിലുള്ള വ്യവസ്ഥകള്‍ ലംഘിച്ചതായി എന്‍സിപിസിആര്‍ നോട്ടീസില്‍ പറയുന്നു.
Read more
സോണി ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഡാന്‍സ് റിയാലിറ്റി ഷോയാണ് സൂപ്പര്‍ ഡാന്‍സര്‍ ചാപ്റ്റര്‍ മൂന്ന്. ബോളിവുഡ് താരം ശില്പ ഷെട്ടി, ഡാന്‍സ് കൊറിയോഗ്രാഫര്‍ ഗീത കപൂര്‍, സംവിധായകന് അനുരാഗ് ബസു എന്നിവരാണ് പരിപാടിയില്‍ വിധികര്‍ത്താക്കളായി എത്തുന്നത്.