നടിയെ ആക്രമിച്ച കേസ്; ദിലീപിനെ എട്ടാം പ്രതിചേര്‍ത്ത് സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം കോടതി ഇന്നു പരിശോധിക്കും

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കി അന്വേഷണസംഘം സമര്‍പ്പിച്ച അനുബന്ധകുറ്റപത്രം കോടതി ഇന്ന് പരിശോധിക്കും. അങ്കമാലി മജിസിട്രേറ്റ് കോടതിയാണ് കുറ്റപത്രം പരിശോധിക്കുന്നത്. കഴിഞ്ഞ ദിവസമാണ് അന്വേഷണഉദ്യോഗസ്ഥനായ സിഐ ബൈജു പൗലോസ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.

കുറ്റപത്രത്തിന്റെ അഞ്ച് പകര്‍പ്പുകളാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം കുറ്റപത്രം സ്വീകരിക്കണോ എന്ന കാര്യത്തില്‍ കോടതി തീരുമാനമെടുക്കും. പിഴവുകള്‍ കണ്ടെത്തിയാല്‍ കോടതി കുറ്റപത്രം മടക്കും. കുറ്റപത്രം കോടതി സ്വീകരിക്കുകയാണെങ്കില്‍ തുടര്‍ന്ന് പ്രതികള്‍ക്ക് സമന്‍സ് അയയ്ക്കും.

ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ 20 വര്‍ഷമോ ജീവപര്യന്തമോ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കൂട്ടബലാത്സംഗത്തിനുള്ള ഐപിസി 376ബി ആണ് ഇതില്‍ പ്രധാനം. ക്രിമിനല്‍ ഗൂഢാലോചന, പ്രേരണ, അന്യായമായി തടങ്കലില്‍ വെക്കല്‍, ലൈംഗിക ദൃശ്യങ്ങള്‍ കൈമാറല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.