ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി: 19കാരൻ അറസ്റ്റിൽ

ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 19കാരനെ വണ്ടിപ്പെരിയാർ പൊലീസ് അറസ്റ്റ് ചെയ്തു. വണ്ടിപ്പെരിയാർ മഞ്ചുമല പഴയകാട് സ്വദേശിയാണ് പിടിയിലായത്. പെൺകുട്ടിയുമായി ഇയാൾ അടുപ്പത്തിലായിരുന്നു.

ഇക്കഴിഞ്ഞ ജനുവരിയിൽ സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിനെത്തിയ പെൺകുട്ടിയെ 19കാരൻ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞദിവസം ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്ന് തെളിഞ്ഞു.

സംഭവത്തെ തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. വണ്ടിപ്പെരിയാർ എസ്എച്ച്ഒ കെ ഹേമന്ത് കുമാറും സംഘവുമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്‌. തുടർന്ന് കോടതിയിൽ ഹാജരാക്കിയ 19കാരനെ റിമാൻഡ് ചെയ്‌തു. പോക്സോ നിയമപ്രകാരമാണ് കേസ്.