മലയോരജനതയെ ഭീതിയിലാഴ്ത്തിയ അരിക്കൊമ്പന്‍ കാട്ടാനയെ പിടികൂടി കാട്ടിലേക്കു വിടാന്‍ സര്‍ക്കാര്‍ ചെലവഴിച്ചത് 21.38 ലക്ഷം രൂപ. വിവരാവകാശ നിയമപ്രകാരം വനം വകുപ്പ് പുറത്തുവിട്ട രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കൊച്ചി സ്വദേശി രാജു വാഴക്കാലയ്ക്കാണ് വിവരാവകാശ നിയമപ്രകാരമുള്ള വിവരങ്ങള്‍ കൈമാറിയത്.
അരിക്കൊമ്പന്‍ ദൗത്യത്തിന് മറ്റു വിവിധ ഇനങ്ങളിലായി 15.85 ലക്ഷം രൂപ ചെലവഴിച്ചു. അരിക്കൊമ്പനെ തളയ്ക്കുന്നതുമായി ബന്ധപ്പെട്ട് കോടനാട് ആന പുനരധിവാസ കേന്ദ്രത്തില്‍ ആനക്കൂട് നിര്‍മിക്കാനും സര്‍ക്കാര്‍ പണം ചെലവഴിച്ചിട്ടുണ്ട്. ആനക്കൂടിനായി യൂക്കാല്പ്റ്റസ് മരങ്ങള്‍ മുറിച്ച ഇനത്തില്‍ 1.83 ലക്ഷവും ആനക്കൂട് നിര്‍മിക്കാന്‍ 1.71 ലക്ഷവും ചെലവഴിച്ചു.
അരിക്കൊമ്പനെ കാട്ടിലേക്കു മടക്കിവിട്ടതിന്റെ പേരില്‍ വനം വകുപ്പ് ഇനിയും പണം കൊടുത്തു തീര്‍ക്കാനുണ്ട്. ചിന്നക്കനാല്‍ ദ്രുത കര്‍മ സേനയ്ക്ക് അഡ്വാന്‍സ് ഇനത്തില്‍ അനുവദിച്ച ഒരു ലക്ഷം രൂപ ഇനിയും നല്‍കിയിട്ടില്ലെന്നും വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.
Read more
അരിക്കൊമ്പന്റെ ആക്രമണത്തില്‍ ആരെങ്കിലും കൊല്ലപ്പെട്ടതായി വനം വകുപ്പില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും മൂന്നാര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസില്‍ നിന്നുള്ള രേഖകള്‍ വ്യക്തമാക്കുന്നു.