'ആരോപണത്തിൽ ആരിഫ് ഉറച്ചു നിൽക്കും എന്ന് വിശ്വസിക്കുന്നു'; അരൂർ-ചേർത്തല ദേശീയപാത വിവാദത്തിൽ രമേശ് ചെന്നിത്തല

അരൂർ-ചേർത്തല ദേശീയ പാത ടാറിംഗ് വിവാദം സി.പി.ഐ.എമ്മിൽ ആഭ്യന്തര പ്രശ്നമായി മാറിയ സാഹചര്യത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെടുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രം​ഗത്ത്.

ചേർത്തല അരൂർ ദേശീയ പാത റീച്ചിൻ്റെ പുനർ നിർമാണത്തിൽ അപാകത ഉണ്ടെന്ന ആലപ്പുഴ എംപി ശ്രീ ആരിഫ് ൻ്റെ ആരോപണം കഴമ്പുള്ളതാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

ഇതിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് കത്ത് നൽകാൻ തീരുമാനിച്ചു. കേസിൽ ആവശ്യ നടപടിയില്ലെങ്കിൽ കോടതിയെ സമീപിക്കുക ആയിരിക്കും അടുത്ത മാർഗം.

ദേശീയ പാതയുടെ പുനർനിർമാണം മുഖേനെ അഴിമതി നടന്നിരിക്കുന്നു എന്നത് വ്യക്തമാണ്. ആരിഫ് ൻ്റെ ആരോപണം പാർട്ടിക്കുള്ളിലെ അഭ്യന്തര വിഷയമായി കാണുന്നില്ല. ഇത് ജനങ്ങളുടെ പ്രശ്നമാണ്. ആരോപണത്തിൽ ആരിഫ് ഉറച്ചു നിൽക്കും എന്ന് വിശ്വസിക്കുന്നെന്നും ചെന്നിത്തല പറഞ്ഞു.

ദേശീയപാതയിൽ അരൂർ-ചേർത്തല റീച്ചിൽ ക്രമക്കേട് ഉണ്ടെന്നും വിജിലൻസ് അന്വേഷിക്കണമെന്നുമായിരുന്നു എ എം ആരിഫ് എംപിയുടെ ആവശ്യം. കഴിഞ്ഞ മാസവും ഇതേ പരാതി ഉന്നയിച്ച് എംപി കത്ത് നൽകിയിരുന്നു. ഇത്തവണ പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിന് നേരിട്ടായിരുന്നു എംപി പരാതി കത്ത് കൈമാറിയത്.

Read more

മൂന്ന് വർഷം ഗ്യാരന്റിയോട് കൂടി നവീകരിച്ച ദേശീയ പാത ഒന്നര വർഷം ആകുന്നതിന് മുൻപ് യാത്ര ദുഷ്‌കരമാക്കുന്ന വിധത്തിൽ കുണ്ടും കുഴിയും രൂപപ്പെട്ടെന്നും, 36 കോടി രൂപ ചിലവിട്ട് നടത്തിയ റോഡ് നിർമാണത്തിൽ സാരമായ ക്രമക്കേട് നടന്നിട്ടുള്ളതായി സംശയമുണ്ടെന്നുമായിരുന്നു എംപിയുടെ പരാതി.