'ഏതെങ്കിലും ആണിന് സാരിയോ ചുരിദാറോ ഇടണമെന്ന് തോന്നുണ്ടെങ്കില്‍ അത് ധരിക്കട്ടെ'; സ്ത്രീ പുരുഷ തുല്യത സ്‌കൂളില്‍ നിന്ന് തുടങ്ങണമെന്ന് കെ. അജിത

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കരണങ്ങളെ മതപരമായി ബന്ധപ്പെടുത്തുന്ന പ്രസ്താവനകളോട് യോജിക്കാന്‍ കഴിയില്ലെന്ന് ആക്ടിവിസ്റ്റും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ കെ. അജിത. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമുകള്‍ക്ക് എതിരെ കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് നേതാവ് എം.കെ മുനീര്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതികരിക്കുകയായിരുന്നു അജിത.

വിദ്യാഭ്യാസ മേഖലയില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ വേര്‍തിരിവ് വേണ്ടെന്നാണ് തന്റെ അഭിപ്രായം. പെണ്‍കുട്ടികളുടെ സ്വതന്ത്ര ചലനങ്ങളെ നിലവിലെ വേഷം തടസ്സപ്പെടുത്തുന്നുണ്ട്. അതിനെ മറികടന്നവരാണ് ബാലുശ്ശേരി സ്‌കൂള്‍.

മുനീര്‍ പറയുന്ന പോലെ ഏതെങ്കിലും ആണിന് സാരിയോ ചുരിദാറോ ഇടണമെന്ന് തോന്നുണ്ടെങ്കില്‍ അവര്‍ അത് ധരിക്കട്ടെയെന്നും അജിത പറഞ്ഞു. സ്ത്രീ പുരുഷ തുല്യതയിലേക്കെത്താന്‍ വസ്ത്ര ധാരണ രീതിക്ക് വലിയ പ്രാധാന്യമുണ്ട്.

പ്രത്യേകിച്ച് സ്‌കൂളുകളില്‍ അത് സൗകര്യാത്മക വസ്ത്രധാരണത്തിലേക്ക് പോവേണ്ടതുണ്ട്. സ്ത്രീ പുരുഷ തുല്യത നടപ്പിലാക്കണമെങ്കില്‍ അത് വിദ്യാഭ്യാസ മേഖലയില്‍ നിന്നു തന്നെ ആരംഭിക്കണമെന്നും അജിത കൂട്ടിച്ചേര്‍ത്തു.