'കെ.വി തോമസിന് അടിമത്ത കുരിശ് ചുമക്കേണ്ടി വരും; ഇനി പാരതന്ത്ര്യത്തിന്റെ പീഡാനുഭവ കാലം', ചെറിയാന്‍ ഫിലിപ്പ്

യേശുചിത്രം നല്‍കി സിപിഎം സ്വീകരിച്ച കെ വി തോമസിന് ഇനി അടിമത്ത കുരിശ് ചുമക്കേണ്ടി വരുമെന്ന് ചെറിയാന്‍ ഫിലിപ്പ്. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ കെ വി തോമസ് പങ്കെടുത്തതിന് പിന്നാലെയാണ് ചെറിയാന്‍ ഫിലിപ്പിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കെ വി തോമസിന് ഇനി പാരതന്ത്ര്യത്തിന്റെ പീഢാനുഭവ കാലമായിരിക്കും എന്നാണ് വിമര്‍ശനം.

സെമിനാറില്‍ പങ്കെടുത്ത് കെ വി തോമസിനെ പുറത്താക്കുമെന്ന് കെപിസിപി പ്രസിഡന്റ് കെ സുധാകരന്‍ ഇന്നലെ അറിയിച്ചിരുന്നു. ശക്തമായ നടപടി ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡിന് കത്തയിച്ചിട്ടുണ്ട്. പിണായി വിജയനെ പ്രകീര്‍ത്തിച്ച നടപടി തറവാടിത്തമില്ലായ്മയാണ്.കെ വി തോമസ് സിപിഎമ്മുമായി കച്ചവടം നടത്തി നില്‍ക്കുകയാണെന്നും മുന്‍ധാരണ പ്രകാരമാണ് കാര്യങ്ങള്‍ നടക്കുന്നതെന്നും സുധാകരന്‍ വിമര്‍ശിച്ചിരുന്നു.

കെ വി തോമസിനെതിരായ നടപടി എഐസിസി തീരുമാനിക്കും. അതേസമയം കോണ്‍ഗ്രസില്‍ തന്നെ തുടരുമെന്നാണ് കെ വി തോമസ് അറിയിച്ചിരിക്കുന്നത്. കെ സുധാകരന്‍ അയച്ച കത്തിനെ ഭയക്കുന്നില്ല. സമാന വേദികള്‍ വന്നാല്‍ താന്‍ ഇനിയും പങ്കെടുക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.