എകെജി സെന്റര്‍ ആക്രമണത്തില്‍ പ്രതിയെ പിടികൂടാന്‍ കഴിയാത്തതിനെ ന്യായീകരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. സുകുമാരക്കുറുപ്പ് പോയിട്ട് എത്ര കാലമായി പിടിച്ചോ, സര്‍ക്കാരുകള്‍ മാറിമാറി വന്നിട്ടും സുകുമാരക്കുറുപ്പിനെ ഇതുവരെ പിടിക്കാനായില്ലല്ലോ. കക്കാന്‍ പഠിച്ചവര്‍ക്ക് നിക്കാനുമറിയാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തില്‍ പ്രതികളെ കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണ്. ബുദ്ധിയും സാങ്കേതിക വിദ്യയും ഉപയോഗിച്ചാണ് പോലീസ് അന്വേഷിക്കുന്നത്. രാഷ്ട്രീയ എതിരാളികളെ ആക്രമിച്ച് കീഴ്പ്പെടുത്തല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശ്രമിച്ചിട്ടില്ല. ആശയപരമായാണ് പാര്‍ട്ടി എതിരാളികളോട് ഏറ്റുമുട്ടാറുള്ളത്. സുധാകരന് മറുപടിയില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു.
തന്നെ വെടിവെക്കാന്‍ ആളെ വിട്ട സുധാകരന്‍ അക്കാര്യം സമ്മതിച്ചിട്ടില്ല. തനിക്ക് ബോംബുമായി ഒരു പരിചയവുമില്ല. അത് നിര്‍മ്മിക്കാനോ എറിയാനോ അറിയില്ല. അതൊക്കെ കെ സുധാകരനോട് ചോദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ആര്‍ ശ്രീലഖയുടെ വെളിപ്പെടുത്തലിനെ കുറിച്ചും ജയരാജന്‍ പ്രതികരിച്ചു.
Read more
കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ ഇപ്പോള്‍ ഇടപെട്ട് പ്രത്യേകമായി ഒന്നും പറയാന്‍ ആഗ്രഹിക്കുന്നില്ല.നിയമപരമായ കാര്യങ്ങള്‍ നിയമപരമായി പരിശോധിക്കും. സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കുമെന്നും ജയരാജന്‍ പറഞ്ഞു. കോടതിയില്‍ നിന്ന് ശരിയായ നിലപാട് തന്നെയാണ് ഉണ്ടാകുക എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. സര്‍വീസില്‍ നിന്ന് വിരമിച്ചാല്‍ അവര്‍ സാധാരണ പൗരനാണ്. അപ്പോള്‍ അതനുസരിച്ചുള്ള നടപടിയേ സ്വീകരിക്കാനാകൂവെന്നും അദ്ദേഹം വ്യക്തമാക്കി.