'മുല്ലപ്പെരിയാറില്‍ രണ്ടാം മുന്നറിയിപ്പ് ആയിട്ടില്ല'; മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്, ആശങ്ക വേണ്ടെന്ന് റവന്യൂ മന്ത്രി

മുല്ലപ്പെരിയാര്‍ ഡാമില്‍ രണ്ടാമത്തെ മുന്നറിയിപ്പ് ആയിട്ടില്ലെന്ന് റവന്യൂമന്ത്രി കെ.രാജന്‍. ജാഗ്രത തുടരുകയാണ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ജലനിരപ്പ് ഉയര്‍ന്നാല്‍ ഡാം തുറക്കേണ്ടി വരും. അത്തരമൊരു സാഹചര്യമുണ്ടായാല്‍ എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ട്. ഇടുക്കിയില്‍ ഉണ്ടായിരുന്ന എന്‍ഡിആര്‍എഫ് സംഘത്തെ മുല്ലപ്പെരിയാറിലേക്ക് മാറ്റിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ചാലക്കുടി പുഴയിലെ ജലനിരപ്പ് 7.27 ആയി ജലനിരപ്പ് തുടരുകയാണ്. രാത്രി കാര്യമായ മഴ പെയ്യാതിരുന്നതും ആശ്വാസമായി. എങ്കിലും ജാഗ്രത തുടരണം. പെരിങ്ങല്‍ക്കുത്തില്‍ നിന്നുള്ള ഇന്‍ഫ്ലോ 35,000 ക്യുസെക്സ് ആയി തുടരുന്നു. മഴയുടെ ഗതി തെക്കന്‍ കര്‍ണാടകത്തിലേക്ക് മാറും. ആകാശം ഇപ്പോഴും മേഘാവൃതമാണ്. 12 മണിയുടെ അലര്‍ട്ടോട് കൂടിയേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകൂവെന്നും മന്ത്രി പറഞ്ഞു.

ചാലക്കുടിയില്‍ മുന്നറിയിപ്പിനെ തുടര്‍ന്ന് ക്യാമ്പുകളിലേക്ക് മാറിയവര്‍ ഇന്നും അവിടെ തന്നെ തുടരണമെന്നും ചാലക്കുടി പുഴയുടെ തീരത്ത് ജനങ്ങള്‍ സ്വീകരിച്ച ജാഗ്രത അഭിനന്ദനാര്‍ഹമാണ് എന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് റൂള്‍ കര്‍വ് പരിധിയായ 137.5 അടിയിലേക്ക് ഉയരുന്ന സാഹചര്യത്തില്‍ ഇന്നലെ ആദ്യ മുറിയിപ്പ് നല്‍കിയിരുന്നു.

ഡാമിലേക്കുള്ള നീരൊഴുക്കും വര്‍ദ്ധിച്ചു. സെക്കന്‍ഡില്‍ ശരാശരി ഒന്‍പതിനായിരത്തി പതിനാറ് ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. 2016 ഘനയടി വെള്ളം മാത്രമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്.