ചരക്കുലോറിയില്‍ അതിവിദഗ്ധമായി ഒളിപ്പിച്ച് കടത്തുകയായിരുന്ന നാനൂറ്റി അറുപത് കിലോയോളം കഞ്ചാവുമായി മൂന്നു പേരെ ചാലക്കുടി ഡിവൈഎസ്പി .സി.ആര്. സന്തോഷും സംഘവും പിടികൂടി. കൊടുങ്ങല്ലൂര്‍ ചന്തപുര മണപ്പാട്ട് വീട്ടില്‍ ലുലു (32 വയസ്), തൃശൂര്‍ വടക്കാഞ്ചേരി പെരിങ്ങണ്ടൂര്‍ സ്വദേശി കുരു വീട്ടില്‍ ഷാഹിന്‍ (33 വയസ്), മലപ്പുറം പൊന്നാനി ചെറുകുളത്തില്‍ വീട്ടില്‍ സലീം (37 വയസ്)
എന്നിവരാണ് KL 72 8224 നമ്പറുള്ള ലോറിയില്‍ കടലാസ് കെട്ടുകള്‍ക്കിടയില്‍ ഒളിപ്പിച്ച് കഞ്ചാവ് കടത്തുന്നതിനിടെ കൊടകരയില്‍ പോലീസിന്റെ പിടിയിലായത്. പിടിയിലായവരില്‍ ഷാഹിന്‍ കൊള്ള സംഘത്തോടൊപ്പം ചേര്‍ന്ന് പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒല്ലൂരില്‍ വച്ച് പച്ചക്കറി വ്യാപാരിയെ ആക്രമിച്ച് അരക്കോടി രൂപയോളം കവര്‍ച്ച ചെയ്ത കേസില്‍ പ്രതിയാണ്.
സംസ്ഥാന പോലീസ് മേധാവി ശ്രീ. അനില്‍ കാന്ത് ഐ. പി.എസ്, തൃശൂര്‍ റേഞ്ച് ഡി ഐ ജി .എ. അക്ബര്‍ ഐ.പി.എസ് എന്നിവരുടെ നിര്‍ദ്ദേശപ്രകാരം ലഹരി വസ്തുക്കള്‍ക്കെതിരെ വിപുലമായ പരിശോധനകളും ബോധവത്കരണ പരിപാടികളുമാണ് മിഷന് DAD (Drive Against Drug) എന്ന പേരില്‍ തൃശൂര്‍ റേഞ്ച് കേന്ദ്രീകരിച്ച് പോലിസ് നടത്തി വരുന്നത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഐശ്വര്യ പ്രശാന്ത് ഡോങ് ഗ്രെ ഐപിഎസിന്റെ നിര്‍ദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി സി.ആര് സന്തോഷിന്റെയും കൊടകര സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജയേഷ് ബാലന്റെയും നേതൃത്വത്തില്‍ പേരാമ്പ്ര കൊടകരയില്‍ പുലര്‍ച്ചെ മുതല്‍ നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവുമായി വന്ന സംഘം പിടിയിലായത്. ആന്ധ്രയില്‍ നിന്നും കിലോയ്ക്ക് അയ്യായിരം രൂപയ്ക്ക് വാങ്ങുന്ന മേല്‍ത്തരം ഗ്രീന്‍ കഞ്ചാവ് കേരളത്തിലെത്തിച്ച് ചില്ലറ വില്പന നടത്തുമ്പോള്‍ ഗ്രാമിന് അഞ്ഞൂറു മുതല്‍ മുകളിലേക്കാണ് വില ഈടാക്കുന്നത്. ആന്ധ്രയിലെ അനക്കാപ്പള്ളിയില്‍ നിന്ന് ചരക്കുലോറിയില്‍ പാക്കറ്റുകളാക്കി കടലാസ് പെട്ടികള്‍ കൊണ്ട് മൂടിയാണ് കഞ്ചാവ് കടത്തിയിരുന്നത്.
ചാലക്കുടി ഡിവൈഎസ്പി സി .ആര് . സന്തോഷ് , കൊടകര സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജയേഷ് ബാലന്,, ക്രൈം സ്ക്വാഡ് അംഗങ്ങളായ , ജിനുമോന്‍ തച്ചേത്ത്, ജോബ് സി.എ സതീശന് മടപ്പാട്ടില്‍, റോയ് പൗലോസ്, പി.എം മൂസ, വി.യു. സില്‍ജോ, എ.യു റെജി, ബിനു എം.ജെ, ഷിജോ തോമസ്, സൈബര്‍ സെല്‍ ഉദ്യോഗസ്ഥനായ സനൂപ് എന്നിവരടങ്ങിയ സംഘം ഏതാനും ദിവസങ്ങളായി നാഷണല്‍ ഹൈവേയും മറ്റും കേന്ദ്രീകരിച്ച് നിരീക്ഷണം നടത്തി വരികയായിരുന്നു. ഇതിന്റെ ഫലമായാണ് കഞ്ചാവ് കടത്തു സംഘത്തിന്റെ വാഹനം കണ്ടെത്താനായത്.
ഹൈവേയിലൂടെ അമിത വേഗത്തില്‍ പാഞ്ഞെത്തിയ ലോറി തടഞ്ഞു നിര്‍ത്തി പരിശോധിക്കാന്‍ കൊടകര സ്റ്റേഷനിലെ എസ് ഐ ജെയ്സണ്‍ ജെ . അഡീഷണല്‍ എസ് ഐ ബാബു പി.കെ, റെജി മോന് , സീനിയര്സിപിഒമാരായ ബൈജു എം.എസ്, ലിജോണ്‍, ആന്റണി കെ.ടി
എന്നിവരടങ്ങിയ സംഘവുമുണ്ടായിരുന്നു. ചാലക്കുടി തഹസീല്‍ദാര്‍ ഇ.എന്‍ രാജുവിന്റെ സാന്നിധ്യത്തിലാണ് ലോറി തടഞ്ഞ് ലോറിയുടെ പിന്‍ഭാഗം തുറന്ന് പരിശോധന നടത്തിയത്.
ആറ് മാസത്തിനുള്ളില്‍ ചാലക്കുടി ഡി വൈ എസ് പി യുടെ നേതൃത്വത്തില്‍ എഴുനൂറ് കിലോയോളം കഞ്ചാവ് കൊരട്ടി, കൊടകര, പുതുക്കാട് എന്നിവിടങ്ങളില്‍ നിന്നായി പിടികൂടിയിരുന്നു.
Read more
ലോക് ഡൗണ്‍ സാഹചര്യം മുതലെടുത്ത് ഉയര്‍ന്ന വിലക്ക് കഞ്ചാവ് വിറ്റഴിക്കണമെന്ന ലക്ഷ്യത്തോടെയാണ് യുവാക്കള്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നതിന്നായി ഇറങ്ങുന്നത്. ലഹരി വസ്തുക്കള്‍ കടത്തുന്ന സംഘങ്ങള്‍ക്കെതിരെ കര്‍ശനമായ പരിശോധനയും നടപടികളും സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. പിടിയിലായവരെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കോടതിയില്‍ ഹാജരാക്കും.