ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയ്ക്കായി ചെലവഴിച്ചത് 57 ലക്ഷം; കെവി തോമസിന്റെ വിമാന യാത്രയ്ക്ക് മാത്രം ഏഴ് ലക്ഷം

കേന്ദ്ര സര്‍ക്കാരുമായും ഉദ്യോഗസ്ഥരുമായും ചര്‍ച്ചകള്‍ നടത്തി കേരളത്തിന്റെ താത്പര്യങ്ങള്‍ ദേശീയ തലത്തില്‍ സംരക്ഷിക്കാന്‍ നിയോഗിച്ച പ്രത്യേക പ്രതിനിധിയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ചെലവഴിച്ചത് 57,41,897 രൂപയാണ്. കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ നിരന്തരം അവഗണിക്കുന്നുവെന്നതാണ് എല്‍ഡിഎഫ് വാദം.

ഇതിന് ഒരു പരിഹാരമായാണ് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ മുന്‍ മന്ത്രി കെവി തോമസിനെ സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി നിയോഗിച്ചത്. കെവി തോമസിന് ഓണറേറിയമായും മറ്റ് ഇനങ്ങളിലുമായി നല്‍കിയ പ്രതിഫലം 19.38 ലക്ഷം രൂപയാണ്. കെവി തോമസിന്റെ ഓഫീസിലെ ജീവനക്കാര്‍ക്കുള്ള ശമ്പളവും മറ്റ് അലവന്‍സുകളുമായി നല്‍കിയത് 29.75 ലക്ഷം രൂപയാണ്.

കെവി തോമസിന്റെ വിമാന യാത്രയ്ക്കായി 7,18,460 രൂപ ചെലവഴിച്ചപ്പോള്‍ ഇന്ധനത്തിനായി 95,206 രൂപയും നല്‍കി. വാഹന ഇന്‍ഷുറന്‍സ് ഇനത്തില്‍ 13,431 രൂപയും ഓഫീസ് ചെലവുകള്‍ക്കായി 1000 രൂപയും നല്‍കി. 2023 ജനുവരി 19ന് ആയിരുന്നു സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി കെവി തോമസ് ക്യാബിനറ്റ് പദവിയോടെ ചുമതലയേറ്റത്.

എന്നാല്‍ കെവി തോമസിനായി സര്‍ക്കാര്‍ ഇത്രയേറെ പണം ചെലവഴിച്ചിട്ടും കേന്ദ്ര അവഗണന തുടരുന്നുവെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദത്തെയാണ് പുറത്തുവന്ന കണക്കുകള്‍ ചോദ്യം ചെയ്യുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ആറ്റിങ്ങല്‍ ലോക്‌സഭ മണ്ഡലത്തിലെ മുന്‍ എംപി എ സമ്പത്ത് ആയിരുന്നു പ്രത്യേക പ്രതിനിധി.