കൈക്കൂലി വാങ്ങുന്നവരെ പിടികൂടി ശിക്ഷിക്കുന്നതോടെ അവസാനിക്കുന്നതല്ല അഴിമതിക്കെതിരെയുള്ള പോരാട്ടമെന്നും അഴിമതി നടത്താനുള്ള മനോഭാവം ഇല്ലാതാക്കുക എന്നതും പ്രധാനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്.
അഴിമതി എന്ന സാമൂഹ്യവിപത്തിനെ ഇല്ലാതാക്കാനുള്ള നിരന്തരമായ ബോധവത്ക്കരണം സര്‍ക്കാര്‍ സര്‍വീസിലേക്ക് പ്രവേശിക്കുന്ന ഘട്ടം മുതല്‍ സര്‍വ്വീസിന്റെ അവസാന ഘട്ടം വരെ ജീവനക്കാര്‍ക്ക് ലഭിക്കണം. അങ്ങനെ ജീവനക്കാരുടെ മനോഭാവത്തില്‍ തന്നെ അഴിമതിവിരുദ്ധമായ ഒരു കാഴ്ചപ്പാട് വളര്‍ത്തിയെടുക്കേണ്ടതുണ്ട്. ആ നിലയ്ക്കുള്ള സാമൂഹിക പ്രതിബദ്ധത രൂപപ്പെടുത്തുന്നതിന് ഉതകുന്ന നിര്‍ദ്ദേശങ്ങള്‍ വിജിലന്‍സിന്റെ ഭാഗത്തുനിന്നും ഉണ്ടാകമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അഴിമതിരഹിതവും കാര്യക്ഷമവുമായ ഭരണസംവിധാനം എന്ന ആശയം മുന്നോട്ടുവെച്ചാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ 2016 ല്‍ അധികാരത്തില്‍ വന്നത്. ആ കാഴ്ചപ്പാട് വലിയൊരളവോളം പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞുവെന്നത് അഭിമാനകരമായ വസ്തുതയാണ്. ഇത് പെട്ടെന്നു സംഭവിച്ചതല്ല. വളരെ ചിട്ടയോടെയുള്ള ക്രിയാത്മകമായ ഇടപെടലുകള്‍ അതിനു പിന്നിലുണ്ട്. ‘സീറോ ടോളറന്‍സ് ടു കറപ്ഷന്‍’ എന്ന നയം നടപ്പിലാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വലിയ തോതില്‍ ഫലപ്രാപ്തിയിലെത്തി എന്നതിനു തെളിവാണ് അഴിമതിരഹിത സുസ്ഥിര വികസനം നടപ്പിലാക്കിയ രാജ്യത്തെ ഏക സംസ്ഥാനമായി കേരളം മാറിത്തീര്‍ന്നു എന്ന വസ്തുത.
പൊതുജനങ്ങള്‍ക്ക് അര്‍ഹമായതും അവകാശപ്പെട്ടതുമായ സേവനങ്ങള്‍ സുതാര്യമായും കാര്യക്ഷമമായും സമയബന്ധിതമായും എത്തിക്കുകയെന്നതാണ് സര്‍ക്കാരിന്റെ നയം. കഴിഞ്ഞ എട്ടര വര്‍ഷക്കാലമായി ഈ കാഴ്ചപ്പാടു തന്നെയാണ് സര്‍ക്കാര്‍ തുടര്‍ന്നുവരുന്നത്. ഇക്കാലയളവില്‍ വികസന-ക്ഷേമ രംഗങ്ങളില്‍ മാതൃകാപരമായ ഒട്ടേറെ ഇടപെടലുകള്‍ നടത്താന്‍ സാധിച്ചു.
2016 മുതല്‍ക്കിങ്ങോട്ട് 90,000 കോടിയോളം രൂപയുടെ പദ്ധതികളാണ് കിഫ്ബി മുഖേന മാത്രം ഏറ്റെടുത്തത്. എവിടെ വികസനമുണ്ടോ അവിടെ അഴിമതി സ്വാഭാവികമായും ഉണ്ടാവും എന്നാണു പൊതുവേ പറയാറ്. എന്നാല്‍ അഴിമതി രഹിതമായി വികസന പദ്ധതികള്‍ എങ്ങനെ നടപ്പിലാക്കാമെന്നത് നമ്മുടെ സംസ്ഥാനത്തിന് ഈ കാലയളവില്‍ തെളിയിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളുടെ അവകാശമാണ് എന്ന ബോധ്യത്തോടെ അവയെ ഓണ്‍ലൈനായി വിരല്‍ത്തുമ്പിലും വാതില്‍പ്പടി സേവനങ്ങളിലൂടെ വീട്ടുപടിക്കലും ലഭ്യമാക്കുകയാണ്. സര്‍ക്കാര്‍ നടപ്പാക്കിവരുന്ന വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഗുണഫലങ്ങള്‍ അര്‍ഹമായ കരങ്ങളില്‍ എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. ഇവിടെയാണ് വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ ബ്യൂറോയുടെ ഇടപെടല്‍ ആവശ്യമായിട്ടുള്ളത്.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം 2021 മുതല്‍ ഇതുവരെ 157 ട്രാപ്പുകളിലായി 187 ഉദ്യോഗസ്ഥര്‍ പ്രതികളായിട്ടുണ്ട്. 2024 ല്‍ മാത്രം വിവിധ സര്‍ക്കാര്‍ വകുപ്പുകളിലായി 6 സംസ്ഥാനതല മിന്നല്‍ പരിശോധന ഉള്‍പ്പെടെ 439 പരിശോധനകള്‍ നടത്തി. 107 വിജിലന്‍സ് കേസുകളും 71 വിജിലന്‍സ് എന്‍ക്വയറികളും 271 പ്രാഥമിക അന്വേഷണങ്ങളും 86 രഹസ്യാന്വേഷണങ്ങളും ഇതിന്റെ ഫലമായി രജിസ്റ്റര്‍ ചെയ്തു.
സംസ്ഥാനത്താകമാനം വിവിധ വകുപ്പുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനകളിലെ ശുപാര്‍ശകള്‍ കൂടി പരിഗണിച്ചാണ് ജനങ്ങളുടെ ദൈനംദിന ജീവിതപ്രശ്നങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങളെല്ലാം ഡിജിറ്റലൈസ് ചെയ്യാനുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്. സര്‍ക്കാര്‍ സേവനങ്ങളില്‍ സുതാര്യത ഉറപ്പാക്കുവാനായി പരമാവധി സേവനങ്ങള്‍ ഓണ്‍ലൈനാക്കിയിട്ടുണ്ട്. അറുന്നൂറോളം സേവനങ്ങള്‍ ‘എം-സേവനം’ എന്ന മൊബൈല്‍ ആപ്പ് വഴി ലഭ്യമാക്കി. തൊള്ളായിരത്തോളം സേവനങ്ങള്‍ ‘ഇ-സേവനം’ എന്ന പോര്‍ട്ടലിലൂടെ ലഭ്യമാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ ലഭ്യമാകുന്ന ‘കെ-സ്മാര്‍ട്ട്’, റവന്യൂ – രജിസ്ട്രേഷന് – സര്‍വേ വകുപ്പുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന ‘എന്റെ ഭൂമി സമഗ്ര ഭൂവിവര ഡിജിറ്റല്‍ സംവിധാനം’ എന്നിവ ഈ സര്‍ക്കാരിന്റെ കാലത്താണ് ആരംഭിച്ചത്.
ഇത്തരം ഇടപെടലുകളൊക്കെ നടത്തുന്നുവെങ്കിലും അഴിമതി പൂര്‍ണ്ണമായും ഒഴിവായിട്ടില്ല. പുതുതലമുറ സാങ്കേതികവിദ്യ പോലും ചിലര്‍ ദുഷ്ചെയ്തികള്‍ക്കായി ഉപയോഗിച്ചുവരുന്നുണ്ട്. അതുകൊണ്ടുതന്നെ കൂടുതല്‍ ജാഗ്രത്തായ പ്രവര്‍ത്തനമാണ് വിജിലന്‍സില്‍ നിന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
പൊതുജനങ്ങളുമായി ഏറ്റവും കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്തുന്ന വകുപ്പുകളില്‍ വിജിലന്‍സിന്റെ തുടര്‍ച്ചയായ നിരീക്ഷണമുണ്ടാകണം. അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കി, അവരെ പ്രത്യേകം നിരീക്ഷിക്കണം.
Read more
അഴിമതിയുടെ കാര്യത്തില്‍ ചെറുതും വലുതുമെന്ന താരതമ്യമേ ആവശ്യമില്ല. അഴിമതിക്ക് കൂട്ടുനില്ക്കുന്നതും അതിനായി പ്രേരിപ്പിക്കുന്നതും അഴിമതി തന്നെയാണ്. അത്തരക്കാര്‍ക്കെതിരെ ഒരു മൃദുസമീപനവും നിങ്ങള്‍ സ്വീകരിക്കേണ്ടതില്ല. ഇക്കാര്യത്തില്‍ ശക്തമായ നിലപാടുകള്‍ സ്വീകരിക്കാന്‍ വിജിലന്‍സിന് കഴിയണം. അഴിമതി ഒരു മനുഷ്യാവകാശ പ്രശ്നം കൂടിയാണ്. നാടിന്റെ വികസനത്തെ പിന്നോട്ടടിക്കുന്ന വിപത്താണ് അഴിമതിയെന്നത് ജനങ്ങളെ ബോധ്യപ്പെടുത്തണം. ഈ കാഴ്ചപ്പാടോടെ വിപുലമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിജിലന്‍സിന്റെ ബാഡ്ജ് ഓഫ് ഓണറിന് അര്‍ഹരായ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച അംഗീകാരം മറ്റുള്ളവര്‍ക്ക്കൂടി പ്രചോദനമായിത്തീരട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു.