ഒരു മതവിശ്വാസത്തേയും വേദനിപ്പിക്കുന്നതില്ല എന്റെ പരാമര്‍ശം; കേരളം പോലുള്ള സംസ്ഥാനത്ത് ഇത്തരം വിവാദം നിര്‍ഭാഗ്യകരമാണെന്ന് സ്പീക്കര്‍

ഗണപതിയെക്കുറിച്ച് തന്റെ പരാമര്‍ശം ഒരു മതവിശ്വാസത്തേയും വേദനിപ്പിക്കുന്നതിനല്ലെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. എല്ലാ മതവിശ്വാസത്തേയും ബഹുമാനിക്കുന്ന ആളാണ് ഞാന്‍. ഒരു ഭരണഘടനാ സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്ന ആളെന്ന നിലയില്‍ ശാസ്ത്രബോധം വളര്‍ത്തണമെന്ന് പറയുന്നത് എങ്ങനെയാണ് വിശ്വാസികളെ മുറിപ്പെടുത്തുന്നതെന്നും ഷംസീര്‍ പത്രസമ്മേളനത്തില്‍ ചോദിച്ചു.

കേരളം പോലുള്ള സംസ്ഥാനത്ത് ഇത്തരം വിവാദം നിര്‍ഭാഗ്യകരമാണ്. എനിക്ക് മുമ്പ് പലരും ഇത്തരം പരാമര്‍ശം നടത്തിയിട്ടുണ്ട്. സ്പീക്കറായി കെട്ടിയിറക്കിയ ഒരാളല്ല ഞാന്‍. വിദ്യാര്‍ഥി യുവജനപ്രസ്ഥാനത്തിലൂടെ കടന്നുവന്ന ആളാണ്. എന്റെ മതേതര യോഗ്യതകളെ ചോദ്യംചെയ്യാനൊന്നും ഇവിടെ ആര്‍ക്കും അവകാശമില്ലെന്നും ഷംസീര്‍ പറഞ്ഞു. ഒരു വിശ്വാസിയേയും വ്രണപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ആളല്ല. ഒരു ഭാഗത്ത് ഭരണഘടന മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യത്തേക്കുറിച്ച് പറയുമ്പോള്‍ മറ്റൊരുഭാഗത്ത് ശാസ്ത്രബോധം വളര്‍ത്തണമെന്നും പറയുന്നുണ്ട്.

ഗണപതിയെക്കുറിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍ നടത്തിയ പ്രസ്താവന തിരുത്തുകയും മാപ്പ് പറയുകയുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നേരത്തെ പറഞ്ഞിരുന്നു. . എന്‍എസ്എസ് ഉയര്‍ത്തിയ ആവശ്യം തള്ളിയാണ് സിപിഎം ഇക്കാര്യം വ്യക്തമാക്കിയത്. ഷംസീര്‍ മാപ്പ് പറയാനും തിരുത്തി പറയാനും ഉദ്ദേശിക്കുന്നില്ല. തിരുത്തേണ്ട ഒരു കാര്യവും ഇതിനകത്തില്ല. ഷംസീര്‍ പറഞ്ഞത് മുഴുവന്‍ ശരിയാണ്. ശാസ്ത്രവും വിശ്വാസവും സംബന്ധിച്ച് ശശി തരൂരും നെഹ്‌റുവും ഒക്കെ ഇത് തന്നെയാണ് മുമ്പ് പറഞ്ഞിട്ടുള്ളത്. ഇതെല്ലാം വായിച്ചിട്ട് വി.ഡി.സതീശന്‍ എന്ത് പറയുന്നുവെന്ന് നോക്കാമെന്ന് ഗോവിന്ദന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

വിശ്വാസത്തിന്റെ പേരില്‍ ശാസ്ത്രത്തിന്റെമേലെ കുതിര കയറാന്‍ പാടില്ല. കുതിര കയറാന്‍ അവകാശമില്ലെന്ന് പറയുന്നില്ല. എന്നാല്‍ ആരെങ്കിലും അതിനെ വിമര്‍ശിച്ചാല്‍ അവര്‍ ഹിന്ദുക്കള്‍ക്കെതിരാണെന്നും വിശ്വാസങ്ങള്‍ക്കെതിരാണെന്നുമുള്ള പ്രചാര വേല നടത്താന്‍ പാടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.