കെഎസ്ആര്‍ടിസി ബോര്‍ഡും വച്ചൊരു സ്വകാര്യ ബസ്; ആദ്യ സര്‍വീസ് ഗതാഗത മന്ത്രിയുടെ നാട്ടിലേക്ക്

ബസ് കാത്ത് നിന്നവരുടെ മുന്നിലെത്തിയ കെഎസ്ആര്‍ടിസി കണ്ട് ഏവരും അത്ഭുതപ്പെട്ടു. മുന്നിലെത്തിയത് ചുവന്ന ആനവണ്ടിയല്ല. കെഎസ്ആര്‍ടിസിയുടെ മറ്റൊരു ബസുമായും രൂപ സാദൃശ്യമില്ല. കെഎല്‍ 15 എന്ന കെഎസ്ആര്‍ടിസി രജിസ്‌ട്രേഷനുമില്ല. ആദ്യ കാഴ്ചയില്‍ തന്നെ സ്വകാര്യ ബസിന് സമാനമായ വാഹനം.

എന്നാല്‍ ബസിന് മുകളില്‍ കെഎസ്ആര്‍ടിസിയുടെ ബോര്‍ഡ് കണ്ടതോടെ ആളുകളിലെ അമ്പരപ്പ് വര്‍ദ്ധിച്ചു. ഒടുവില്‍ മുന്നില്‍ നിറുത്തിയ വിചിത്ര വാഹനത്തിലെ ജീവനക്കാര്‍ കാര്യം വ്യക്തമാക്കിയപ്പോള്‍ യാത്രക്കാരുടെ മുഖത്ത് ഒരു ചെറു പുഞ്ചിരി പ്രത്യക്ഷപ്പെട്ടു. കെഎസ്ആര്‍ടിസിയ്ക്ക് ഐഷര്‍ വാഹന നിര്‍മ്മാതാക്കള്‍ ടെസ്റ്റ് ഡ്രൈവിന് നല്‍കിയ വാഹനമാണ് ബോര്‍ഡും വച്ച് നിരത്തിലിറങ്ങിയത്.

കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന സ്വകാര്യ ബസ് ഐഷര്‍ ഏറ്റെടുത്ത് കെഎസ്ആര്‍ടിസിയ്ക്ക് കൈമാറുകയായിരുന്നു. ഒരു മാസത്തോളം നീണ്ടുനില്‍ക്കുന്നതാണ് പരീക്ഷണയോട്ടം. മലയോര മേഖലകളില്‍ ഉള്‍പ്പെടെ ടെസ്റ്റ് ഡ്രൈവ് നടത്തി ബസിന്റെ ഗുണനിലവാരം വിലയിരുത്താനാണ് കെഎസ്ആര്‍ടിസിയുടെ ലക്ഷ്യം.

മലയോര മേഖലകളില്‍ സര്‍വീസ് നടത്തുന്ന ബസിന്റെ പരീക്ഷണയോട്ടം വിജയം കണ്ടാല്‍ കൂടുതല്‍ ബസുകള്‍ വാങ്ങാന്‍ കരാറില്‍ ഏര്‍പ്പെടും. പാപ്പനംകോട് ഡിപ്പോയില്‍ നിന്ന് ആരംഭിച്ച സര്‍വീസ് പത്തനാപുരത്തേയ്ക്കായിരുന്നു. വാഹനത്തിന്റെ മൈലേജ് യാത്രക്കാരുടെ പ്രതികരണം തുടങ്ങിയ കാര്യങ്ങളാണ് പരീക്ഷണയോട്ടത്തില്‍ പരിശോധിക്കുക.